മയ്യഴി സ്വദേശിയുടെ കൊവിഡ് മരണം: രോഗബാധയുടെ ഉറവിടം തേടി പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു
തലശേരി: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ച മാഹി ചെറുകല്ലായി സ്വദേശിയുടെ രോഗബാധാഉറവിടം കണ്ടെത്താൻ കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണമാരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ അടിയന്തിര നിർദ്ദേശാനുസരണമാണ് പ്രത്യേക ടീം രൂപീകരിച്ചത്. സംഘം പരേതന്റെ സ്വദേശമായ മാഹി ചെറുകല്ലായി, തലശേരി, കണ്ണൂർ എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികൾ പരിശോധിച്ചു. മാഹി ചെറുകല്ലായി ടെലിഫോണ്‍ ഭവനു സമീപം അല്‍മനാര്‍സിലെ മെഹ്റൂഫ് (71) ആണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിതനായി മരിച്ചത്.
പൊതുപ്രവർത്തകനായ ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പിന് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. തുടർന്നാണ് ഉറവിടം കണ്ടെത്താൻ പ്രത്യേകസംഘം രൂപീകരിച്ചത്. കണ്ണൂർ കലക്ടർ കുടാതെ അസിസ്റ്റന്റ് കളക്ടർ ഡോ. ഹാരീസ് റഷീദ്, തലശേരി സബ് കളക്ടർ അസീസ് കെ. യൂസഫ്, കണ്ണൂർ ഡിവൈഎസ്പി പി പി സദാനന്ദൻ, കണ്ണൂർ ഡിഎംഒ എന്നിവരാണ് സംഘത്തിലുള്ളത്.

പ്രത്യേക അന്വേഷണസംഘം മെഹ്റൂഫ് ചികിത്സയിലായിരുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. മെഹ്റൂഫിനെ പരിചരിച്ച ഡോക്ടർമാർ നഴ്സുമാർ ആശുപത്രി ജീവനക്കാർ എന്നിവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. നേരത്തെ വൃക്കരോഗം, ഹൃദ്യോഗം എന്നിവയ്ക്കായി ചികിത്സയിൽ കഴിഞ്ഞിരുന്ന മെഹ്റൂഫിന് കോണിപ്പടി കയറുന്നതിനിടെ നെഞ്ചുവേദന വന്നതിനെ തുടർന്നാണ് മാർച്ച് 30ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. അസുഖം മൂർച്ഛിച്ചതോടെ ഏപ്രിൽ ഒന്നിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് ഏപ്രിൽ നാലിന് വൈറൽ ന്യുമോണിയ കണ്ടെത്തിയതോടെ കോവിഡ് രോഗികൾക്കുള്ള ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. സ്രവ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് ഏഴിന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഏപ്രിൽ 11ന് പുലർച്ചെ ഏഴു മണിക്ക് മരണവും സംഭവിച്ചു.
സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹം രോഗബാധിതനായതെന്ന് തിരിച്ചറിഞ്ഞെങ്കിലും എവിടെനിന്നാണു രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായി പള്ളിയിലെ ചടങ്ങുകളിലും ഒരു വിവാഹനിശ്ചയ ചടങ്ങിലും മെഹ്റൂഫ് പങ്കെടുത്തിരുന്നു.
ന്യൂമാഹി, പന്ന്യന്നൂര്‍, ചൊക്ലി പഞ്ചായത്തുകളിലെ നൂറിലേറെ പേരുമായി ഇദ്ദേഹം സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹവുമായി നേരിട്ടു ബന്ധപ്പെട്ട 26 പേരുടെ സ്രവം പരിശോധിച്ചെങ്കിലും ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ ചികിത്സ തേടിയ തലശേരിയിലെ ആശുപത്രിയിൽ മെഹ്റൂഫിനെ പരിചരിച്ചവരുടെ രക്തസാമ്പിളുകൾ നെഗറ്റീവ് ആണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ മെഹ്റൂഫിനെ പരിചരിച്ചവരുടെ സാമ്പിളുകളാണ് ഇനി പരിശോധിക്കാനുള്ളത്.












Click it and Unblock the Notifications