കണ്ണൂര്‍ കോടതി സമുച്ചയ നിര്‍മാണം ഊരാളുങ്കലിന് നല്‍കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ; സര്‍ക്കാരിന് നോട്ടീസ്

കണ്ണൂര്‍/ ന്യൂദല്‍ഹി: കണ്ണൂര്‍ കോടതി സമുച്ചയ നിര്‍മാണ കരാറില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് തിരിച്ചടി. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നിര്‍മാണ കരാര്‍ നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഉയര്‍ന്ന തുക ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് എങ്ങനെയാണ് കരാര്‍ നല്‍കുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചു.
ഹര്‍ജിയില്‍ എതിര്‍ കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുപ്രീംകോടതി നോട്ടിസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസുമായ ജെ കെ മഹേശ്വരി, സഞ്ജയ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ച് ആണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്.
കണ്ണൂരിലെ ഏഴുനിലയുള്ള കോടതി സമുച്ചയം ആണ് നിര്‍മിക്കുന്നത്. ഇതിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയത് എ എം മുഹമ്മദ് അലി എന്ന കോണ്‍ട്രാക്ടറുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയായിരുന്നു. എന്നാല്‍ കരാര്‍ നല്‍കിയത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ആയിരുന്നു.
നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കിയ ക്വട്ടേഷനെക്കാളും കൂടുതല്‍ തുകയാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ക്വോട്ട് ചെയ്തിരുന്നത്. എന്നിട്ടും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.
ഇതിനെതിരെ ആണ് സുപ്രീംകോടതയില്‍ നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി ഹര്‍ജി നല്‍കിയത്. ഇതിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ, ഹാരിസ് ബീരാന്‍ എന്നിവരാണ് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്ക് വേണ്ടി ഹാജരായിരുന്നത്.












Click it and Unblock the Notifications