വൈദേകം റിസോര്‍ട്ടിനെതിരെ വീണ്ടും ഇന്‍കം ടാക്‌സുകാര്‍; രേഖകള്‍ പരിശോധിച്ച് തുടങ്ങി
ഇപി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയാണ് വൈദേകം റിസോര്‍ട്ടിന്റെ ചെയര്‍പേഴ്സണ്‍. കണ്ണൂര്‍ മൊറാഴയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്

തളിപ്പറമ്പ്: സി.പി.എമ്മിലെ ഉള്‍പാര്‍ട്ടി തര്‍ക്കങ്ങളിലും വിവാദങ്ങളിലും എരതീയില്‍ എണ്ണപകര്‍ന്നു കൊണ്ടു കേന്ദ്ര ഏജന്‍സിയായ ആദായനികുതി വകുപ്പ് വീണ്ടും കണ്ണൂരില്‍ ഇടപെടുന്നു. എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര ചെയര്‍പേഴ്സണായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിന്റെ രേഖകള്‍ പരിശോധിക്കാനാാണ് ആദായ നികുതി വകുപ്പ് നീക്കം നടത്തുന്നത്.
ഇവര്‍ ആവശ്യപ്പെട്ട രേഖകള്‍ റിസോര്‍ട്ട് അധികൃതര്‍ കണ്ണൂര്‍ ആദായ നികുതി ഓഫിസില്‍ ഹാജരാക്കിയിട്ടുണ്ട്. നിക്ഷേപകരുടെ വിവരങ്ങളും ടി ഡി എസ് കണക്കുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റിസോാര്‍ട്ട് നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.ബുധനാഴ്ച്ച രാവിലെ പതിനൊന്നരയോടെ കമ്പനി പ്രതിനിധി കണ്ണൂരിലെ ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് ഹാജരായാണ് രേഖകള്‍ കൈമാറിയത്
ഈ മാസം രണ്ടിനാണ് ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം വൈദേകം റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്.എട്ട് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക്കുകളും രേഖകളും പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് ചെയര്‍ പേഴ്സണ്‍ പി കെ ഇന്ദിരക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. നിക്ഷേപകരുടെ വിവരങ്ങള്‍, ഓഹരി പങ്കാളിത്തം ,ടി ഡി എസ് കണക്കുകള്‍ എന്നിവയുടെ വിശദ്ാംശങ്ങളാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്.

ആവശ്യപ്പെട്ട രേഖകള്‍ എല്ലാം കൈമാറിയതായി റിസോര്‍ട്ട് സി.ഇ.ഒ തോമസ് ജോസഫ് വ്യക്തമാക്കി. നികുതി വെട്ടിപ്പ് കണ്ടെത്തിയാല്‍ പിഴ ഈടാക്കുന്നത് അടക്കമുളള നടപടികളിലേക്ക് ആദായ നികുതി വകുപ്പ് കടക്കും. സി.പി.എം നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന്റെ കുടുംബത്തിന് നിയന്ത്രണമുളള ആന്തൂര്‍ നഗരസഭയിലെ മൊറാഴ വെളളിക്കീലിലെ വൈദേകം റിസോര്‍ട്ടിനെതിരെ കൊച്ചിയിലുളള ഒരു മാധ്യമപ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.
സ്ഥാപനത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് ആരോപിച്ചു എന്‍ഫോഴ്സ്മെന്റിനും പരാതി നല്‍കിയിട്ടുണ്ട്. .മുന്‍ എം ഡിയും ഡയറക്ട് ബോര്‍ഡ് അംഗവും ചേര്‍ന്ന് ഏഴര കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചെന്നാണ് പരാതി.ഈപരാതിയില്‍ ഇ.ഡി പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. നേരത്തെ തനിക്ക് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും തനിക്കെതിരെ തിരുവനന്തപുരം കേന്ദ്രീകരിച്ചു ഒരു സംഘമാളുകള്‍ ഗൂഡാലോചന നടത്തുന്നുണ്ടെന്നും ഇ. പി ജയരാജന്‍ ആരോപിച്ചിരുന്നു.
സി.പി. എം തെറ്റുതിരുത്തല്‍ രേഖ സംസ്ഥാനകമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാനകമ്മിറ്റിയംഗമായ പി.ജയരാജനാണ് ഇ.പി കുടുംബത്തിന്റെ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചു ആരോപണമുന്നയിച്ചത്. ഇതോടെയാണ് വിഷയം സി.പി. എമ്മിലും പുറത്തും ചൂടേറിയ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കുമിടയാക്കിയത്. ഈ വിഷയത്തില്‍ സി.പി.എം നേതൃത്വം അന്വേഷണം നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പാര്‍ട്ടിക്കുളളില്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
എന്നാല്‍ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം തനിക്കനുകൂലമായി പ്രതികരിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് ഇ.പി ജയരാജന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ജനകീയ പ്രതിരോധ ജാഥയില്‍ നിന്നും വിട്ടുനില്‍ക്കുകയും ഒടുവില്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തൃശൂരില്‍ നിന്നും പങ്കെടുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications