വ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി
ചക്കരക്കല്‍: ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കാറിലെത്തിയ സംഘം ബെംഗളൂരുവില്‍ വ്യാപാരിയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ഏച്ചൂര്‍ കമാല്‍ പീടികയ്ക്കു സമീപത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചക്കരക്കല്ലിനടുത്തെ വെളളച്ചാല്‍ സ്വദേശിയും ഏച്ചൂര്‍ കമാല്‍പീടികയിലെ തവക്കല്‍ മന്‍സിലില്‍ താമസക്കാരനുമയ പിപി റഫീഖാണ് കവര്‍ച്ചയ്ക്കിരയായത്.
വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍ ബേക്കറി കൂള്‍ബാര്‍ നടത്തിപ്പുകാരനായ റഫീഖ് ഭാര്യയുടെ പണയസ്വര്‍ണം ബാങ്കില്‍ നിന്നുമെടുക്കുന്നതിനാണ് ബാഗില്‍ ഒന്‍പതു ലക്ഷം രൂപയുമായി ടൂറിസ്റ്റ് ബസില്‍ കയറി നാട്ടിലെത്തിയത്. ഏച്ചൂര്‍ കമാല്‍ പീടികയില്‍ ബസിറങ്ങി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയും നിലവിളിച്ചപ്പോള്‍ വായമൂടിപ്പിടിച്ചു വടിവാള്‍ കൊണ്ടു കാല്‍ അരിഞ്ഞെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

എതിര്‍ത്തപ്പോള്‍ സ്‌കൂഡ്രൈവര്‍ കൊണ്ടു നാഭിക്കും വയറിലും കത്തുകയും കൈയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ചു പണം കൈക്കലാക്കിയതിനു ശേഷം കാപ്പാട് ടൗണില്‍ ഉപേക്ഷിച്ചുവെന്നാണ് പരാതി. നാലംഗ സംഘമാണ് അക്രമം നടത്തിയത്. മലയാളമാണ് പ്രതികള്‍ സംസാരിച്ചതെന്നും തട്ടിക്കൊണ്ടു പോയത് കറുത്ത കാറിലാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. വ്യാപാരി പരുക്കുകളോടെ കണ്ണൂര്‍ എകെജി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.
കാപ്പാട് അവശനിലയില്‍ കണ്ടെത്തിയ റഫീഖിനെ ഓട്ടോറിക്ഷ ഡ്രൈവറാണ് വീട്ടിലെത്തിച്ചത്. ഇതിനു ശേഷം ഇയാള്‍ ചക്കരക്കല്‍ പൊലിസില്‍ പരാതി നല്‍കി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലിസ് പറയുന്നത്. തട്ടിയെടുത്തത് കുഴല്‍പണമാണോയെന്ന കാര്യമാണ് പൊലിസ് അന്വേഷിച്ചുവരുന്നത്.
ബാങ്കില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരികെയെടുക്കുന്നതിന് 9 ലക്ഷം ബെംഗളൂരുവില്‍ നിന്നും കൊണ്ടുവന്നതെന്നാണ് റഫീഖ് പറയുന്നത്. എന്നാല്‍ ബെംഗളൂരുവില്‍ നിന്നും ചിലയാളുകളുടെ നല്‍കിയ രേഖകളില്ലാത്ത പണമാണ് ഇതെന്നാണ് പൊലിസിന്റെ സംശയം. ചക്കരക്കല്‍ സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചുവരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു. വധശ്രമത്തിനാണ് കേസെടുത്തിട്ടുളളത്.












Click it and Unblock the Notifications