കോടതിയില്‍ ഇപ്പോഴും വിശ്വാസമുണ്ട്, നല്‍കിയത് പൊതു താല്‍പര്യ ഹര്‍ജി തന്നെയാണെന്ന് വിഡി സതീശന്‍
കണ്ണൂര്‍: താന്‍ നല്‍കിയ കെ ഫോണ്‍ അഴിമതി ചൂണ്ടികാട്ടിയുള്ള ഹര്‍ജിയെ വിമര്‍ശിച്ചു കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ വിവാദ പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വിഡി.സതീശന്‍ . കണ്ണൂര്‍ ഡിസിസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെ ഫോണ്‍ പദ്ധതി അഴിമതി ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ പ്രതികൂല പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ശക്തമായ മറുപടിയുമായി വരംഗത്തെത്തിയത്.
ഹൈക്കോടതി തന്നെ വിമര്‍ശിക്കുകയല്ല, പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. പബ്ലിസിറ്റിക്ക് വേണ്ടി കോടതിയില്‍ പോകേണ്ട കാര്യം തനിക്കില്ല. നീതി തേടി കോടതിയില്‍ പോകുന്നവരെ പരിഹസിക്കരുത്. അതു കോടതി തന്നെ പരിശോധിക്കട്ടെയെന്നും വിഡി സതീശന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പബ്ലിസിറ്റിക്ക് വേണ്ടി വന്നുവെന്നത് വിമര്‍ശനമല്ല പരിഹാസമാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണെങ്കില്‍ മാധ്യമങ്ങളെ കണ്ടാല്‍ പോരേയെന്ന് സതീശന്‍ ചോദിച്ചു.

ഡോക്യുമെന്റ് കുറവുണ്ടെങ്കില്‍ കോടതിക്ക് അതു ചോദിക്കാമായിരുന്നു. ഭരണകൂടത്തില്‍ നിന്നും നീതി കിട്ടാതെ വരുമ്പോഴാണ് ജനങ്ങള്‍ കോടതിയെ സമീപിക്കുന്നത്. ആളുകളുടെ അവസാന പ്രതീക്ഷയും വിശ്വാസവും കോടതിയാണ്. ഇനി എന്തു പ്രതീക്ഷയെന്ന് സാധാരണക്കാര്‍ വിചാരിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും വിഡി സതീശന്‍ ചൂണ്ടികാട്ടി. അതിര്‍ത്തി തര്‍ക്കത്തിനല്ല കോടതിയിലെത്തിയത്. അത് താനും പിണറായി വിജയനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അല്ലല്ലോ. വേലി കെട്ടിയപ്പോള്‍ ഉണ്ടായ തര്‍ക്കമെങ്കില്‍ പൊതുതാല്‍പ്പര്യം ഇല്ലായെന്ന് പറയാം.
എന്തായാലും തനിക്ക് ഇപ്പോഴും നീതിന്യായ വ്യവസ്ഥയോട് വിശ്വാസവും ബഹുമാനമുണ്ട്. കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്ന് കൂടുതല്‍ രേഖകള്‍ കിട്ടിയപ്പോഴാണ് കോടതിയെ സമീപിച്ചത്. താന്‍ ഒരു അഭിഭാഷകനാണ്. നിയമ വിദ്യാര്‍ത്ഥിയാണ്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. കോടതിയില്‍ പോയാല്‍ എങ്ങനെ പബ്ലിസിറ്റി കിട്ടുമെന്ന് മനസ്സിലായിട്ടില്ല.
ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ധനപ്രതിസന്ധിയുള്ള ഈ സംസ്ഥാനത്ത് 1500 കോടി, ആവശ്യമില്ലാത്ത ഒരു പദ്ധതിയെന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ തന്നെ പറയാന്‍ തുടങ്ങിയിട്ടുണ്ട്. അതില്‍ വ്യക്തമായ അഴിമതിയും നടന്നിട്ടുണ്ട്. അതില്‍ പൊതുതാല്‍പ്പര്യം ഇല്ലെങ്കില്‍ പിന്നെ ഏതു കാര്യത്തിലാണ് പൊതുതാല്‍പ്പര്യമെന്ന് വിഡി സതീശന്‍ ചോദിച്ചു.
ഈ പണം സാധാരണക്കാരുടെ നികുതിപ്പണമാണ്. ഈ 1500 കോടി ഭരണത്തിലിക്കുന്നവരുടെ വീട്ടില്‍ നിന്നും കൊണ്ടുവന്നതല്ലല്ലോ, ഇവരുടെ ആരുടെയും സ്ഥലം വിറ്റ കാശൊന്നുമല്ലല്ലോ. അതാണ് പബ്ലിക് ഇന്ററസ്റ്റ്. അതു കോടതിയെ ബോധ്യപ്പെടുത്തും. 1500 കോടി നഷ്ടപ്പെടുത്തിയത് പ്രതിപക്ഷം നോക്കിയിരിക്കണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിയും കുടുംബവും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.












Click it and Unblock the Notifications