കുടിവെള്ള ക്ഷാമത്തിന് പരിഹാരം ; കുമ്പളയില്‍ ജല ശുദ്ധീകരണ പ്ലാന്റ് ഉടൻ
തിരുവനന്തപുരം: ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കുമ്പള പഞ്ചായത്തിലെ പൂക്കട്ടയില്‍ ജല അതോറിറ്റി ജല ശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കും. കുമ്പള, മംഗല്‍പാടി എന്നീ പഞ്ചായത്തുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കടുത്ത കുടിവെള്ള ക്ഷാമമാണ് ഈ മേഖലയിൽ നേരിടുന്നത്.
ഷിറിയ പുഴയില്‍ നിന്നെടുക്കുന്ന വെള്ളമാണ് ശാസ്ത്രീയമായി ശുദ്ധീകരിച്ച് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു. പദ്ധതിക്കായി കുമ്പള പഞ്ചായത്ത് നേരത്തെ സ്ഥലം കണ്ടെത്തിയിരുന്നു. സ്ഥലം പ്രദേശത്തെ ആരാധനാലയവുമായി ചേര്‍ന്ന് കിടക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയിക്കാനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ തടഞ്ഞിരുന്നു. അതിനാല്‍ ദീര്‍ഘകാലമായി പദ്ധതി ആരംഭിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഇടപെട്ടു. ശനിയാഴ്ച ജില്ലാ കളക്ടര്‍ നേരിട്ട് പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തി അതിര്‍ത്തി നിര്‍ണയിച്ചു.
പദ്ധതിക്കായി ഭൂമി വിട്ടുനല്‍കാന്‍ എതിര്‍പ്പുള്ളതിനാല്‍ പ്രദേശവാസികള്‍ പകരം ഭൂമി കണ്ടെത്തി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. നിലവില്‍ പദ്ധതി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തിന്റെ അടുത്താണ് പ്രദേശവാസികള്‍ കണ്ടെത്തിയ ഭൂമിയും. പ്രസ്തുത ഭൂമിയില്‍ പദ്ധതി തുടങ്ങുമ്പോള്‍ എതിര്‍പ്പുണ്ടാവില്ലെന്നത് സംബന്ധിച്ചുള്ള നാട്ടുകാരുടെ ഉറപ്പ് അറിയിക്കാന്‍ ജില്ലാ കളക്ടര്‍ മൂന്ന് ദിവസം അനുവദിച്ചു. 2024 ഓടെ പൂര്‍ത്തീകരിക്കേണ്ട ജല്‍ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ എല്ലാ ഗ്രാമങ്ങളിലേക്കും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. ഭൂമി ലഭ്യത സംബന്ധിച്ച പ്രശ്നങ്ങള്‍ കാരണം പദ്ധതി വൈകിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
'വാച്ച് യുവര്‍ നെയ്ബര്‍'; പുതിയ പദ്ധതിയുമായി കേരള പോലീസ്; വിശദമായി അറിയാം
കോണ്‍ഗ്രസിന് 5 സീറ്റ് പോലും കിട്ടില്ലെന്ന് കെജ്രിവാള്; അവരെ ആരും ഗൗരവമായി കാണുന്നില്ല
ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; എഐസിസി സെക്രട്ടറി ബിജെപിയില്‍