'വിദേശത്ത് ജോലി, വീട്ടിലിരുന്ന് പണമുണ്ടാക്കാം'; വാഗ്ദാനങ്ങളിൽ വീഴല്ലേ.. കാസർഗോഡ് 57 കേസുകൾ
കാസർഗോഡ്: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ജില്ലാ പോലീസ് മേധാവി. ജില്ലയില്‍ നിലവില്‍ 57 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് പോലീസ് അറിയിച്ചു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയും വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയവ വഴി ബന്ധപ്പെട്ടും വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ജോബ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് ഇക്കൂട്ടർ വ്യാപകമായി തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പുകാര്‍ ക്ലാസ്സിഫൈഡ് ഓണ്‍ലൈന്‍ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോമുകളായ ഒ എല്‍ എക്‌സ് പോലുള്ള സൈറ്റുകളിലും ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് പ്ലേസ് പോലുള്ള ഇടങ്ങളിലും പരസ്യം നൽകും. എസ് യു വികള്‍, ഓല സ്‌കൂട്ടറുകള്‍, സോഫ മറ്റീരിയലുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ അടക്കമുള്ളവയുടെ പരസ്യങ്ങളാണ് നൽകുന്നത്. പണം അടച്ചാലും സാധനങ്ങള്‍ പിന്നീട് ഡെലിവർ ചെയ്യില്ല. പിന്നിട് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചാലും നടക്കില്ല.

കാനഡ പോലുള്ള വിദേശ രാജ്യങ്ങളില്‍ ജോലി, പഠനം എന്നിവ വാഗ്ദാനം ചെയ്തും പണം തട്ടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് .ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന കെ.വൈ.സി അപ്‌ഡേഷന്‍, ക്രെഡിറ്റ് കാര്‍ഡ് അപ്‌ഡേഷന്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് വിളിച്ച് ഇരകളുടെ ഒ.ടി.പി അടക്കമുള്ള വിവരങ്ങള്‍ കൈക്കലാക്കി അക്കൌണ്ടില്‍ നിന്നും പണം ട്രാന്‍സ്ഫര്‍ ചെയ്യിച്ച സംഭവങ്ങളും പലരും പരാതിപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
അന്വേഷണത്തില്‍ തട്ടിപ്പുകാര്‍ വ്യാജവിലാസത്തില്‍ നേടിയ മൊബൈല്‍ നമ്പറുകള്‍, സ്പൂഫ് ചെയ്ത ഐപി അഡ്രസ്സുകള്‍, വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, ഗൂഗിള്‍ അക്കൗണ്ടുകള്‍, വ്യാജ വിലാസത്തില്‍ നേടിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയാണ് ഈ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. പല ഐ.പി അഡ്രസ്സുകളും നൈജീരിയ പോലുള്ള വിദേശ രാജ്യങ്ങളിലും മറ്റുമാണ്. അതിനാല്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ പോലീസ് മേധാവി പി.ബിജോയ് അറിയിച്ചു.
തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന പോലീസിന്റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണം. കൂടാതെ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിന് 'സൈബര്‍ അവെയര്‍നസ്സ് പ്രൊമോട്ടര്‍' എന്ന നിലയില്‍ പൊതുജനങ്ങളില്‍ നിന്നും സൈബര്‍ വളണ്ടിയര്‍മാരെ തിരഞ്ഞെടുത്തു വരുന്നതതായും https://www.cybercrime.gov.in ല്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.












Click it and Unblock the Notifications