കാസർഗോഡ് തിരിച്ചുപിടിക്കാൻ നേരത്തേ ഇറങ്ങി എൽഡിഎഫ്; പ്രചരണത്തിന് തിരികൊളുത്തി എംവി ബാലകൃഷ്ണൻ
കാസർഗോഡ്: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ തന്നെ പ്രചരണം സജീവമാക്കി എൽഡിഎഫ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കയ്യൂർ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രമർപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായ എംവി ബാലകൃഷ്ണൻ തന്റെ പ്രചരണത്തിന് തിരികൊളുത്തിക്കഴിഞ്ഞു. മണ്ഡലത്തിൽ എൽഡിഎഫ് പ്രചരണ ബോർഡുകളും ചുമരെഴുത്തുകളും നിറഞ്ഞിട്ടുണ്ട്.
അതേസമയം കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിറ്റിംഗ് എംപിയായ രാജ്മോഹൻ ഉണ്ണിത്താൻ. ചില മണ്ഡലങ്ങളിൽ സർപ്രൈസ് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നുള്ള അഭ്യൂഹങ്ങൾ കോൺഗ്രസിൽ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും കാസർഗോഡ് ഉണ്ണിത്താൻ തന്നെയായിരിക്കും സ്ഥാനാർത്ഥി. ഇതിനോടകം കോൺഗ്രസിനെ വിജയിപ്പിക്കുകയെന്ന തലത്തിലുള്ള ചുവരെഴുത്തുകൾ മണ്ഡലത്തിൽ ഉയർന്നിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വരാതെ സ്ഥാനാർത്ഥികൾക്ക് വേണ്ടി ചുവരെഴുത്തുകൾ പാടില്ലെന്നാണ് എഐസിസി നിർദ്ദേശം. അതേസമയം എൻ ഡി എയ്ക്ക് വേണ്ടി പി കെ കൃഷ്ണദാസ് മത്സരിച്ചേക്കുമെന്നാണ് വിവരം.

മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്ല്യാശേരി നിയമസഭ മണ്ഡലങ്ങളും ചേർന്നതാണ് കാസർഗോഡ് ലോക്സഭ മണ്ഡലം. രൂപീകൃതമായ കാലം തൊട്ട് തന്നെ കമ്യൂണിസ്റ്റ് പാർട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ഇത്.എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമായിരുന്നു കോൺഗ്രസിന് വേണ്ടി രാജ്മോഹൻ ഉണ്ണിത്താൻ ഇവിടെ നേടിയത്. 40438 വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു രാജ്മോഹന് ലഭിച്ചത്. ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കെ പി സതീഷ് ചന്ദ്രൻ 4,34,523 വോട്ടു നേടിയപ്പോൾ ഉണ്ണിത്താൻ 4,74,961 വോട്ടുകളാണ് നേടിയത്. ബി ജെ പി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ 1,76,049 വോട്ടും നേടി.
ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം തിരികെ പിടിക്കാനാണ് സി പി എം ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ വിജയം ആവർത്തിക്കുമെന്നാണ് രാജ്മോഹൻ ഉണ്ണിത്താനും കോൺഗ്രസും അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്റെ വിജയത്തിൽ നിർണായകമായിരുന്ന പെരിയ ഇരട്ട കൊലപാതകം അടക്കം ഇത്തവണയും തിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയം ആകുമെന്ന് ഉണ്ണിത്താൻ പറയുന്നു. പെരിയ കേസിന്റെ വിചാരണ കാലഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് എത്തിയിരിക്കുന്നത്. പെരിയ മാത്രമല്ല സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാകും. എൽ ഡി എഫ് നേരത്തേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് തിരിച്ചടിയാകില്ലെന്നും യു ഡി എഫ് വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.












Click it and Unblock the Notifications