മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായില്ല
കാസർകോഡ് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നും കോടതിയിൽ ഹാജരായില്ല. പ്രതികൾ ഇന്ന് നിർബന്ധമായും ഹാജരാകണമന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ കാസർകോഡ് ജില്ലാ സെഷൻസ് കോടതി നിർദേശം നൽകിയിരുന്നു.
കേസിൽ ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതി പറഞ്ഞത്. തുടർന്ന് പ്രതികൾ ഇന്ന് ഹാജരായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ആരും ഹാജരായിരുന്നില്ല.

സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബി ജെ പി മുൻ ജില്ലാ അധ്യക്ഷനും സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ കെ കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന വി രമേശനാണ് കാസർകോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. കോടതിയുടെ നിർദ്ദേശ പ്രകാരം ബദിയഡുക്ക പോലീസായിരുന്നു കേസ് ഫയൽ ചെയ്തത്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഈ വർഷം ജനവരി 12 നായിരുന്നു കേസിൽ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി കൊണ്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
സ്ഥാനാർഥിത്വം പിൻവലിച്ച സമയത്ത് ജില്ലയിലുണ്ടായിരുന്നില്ലെന്നും ആരോപണമുന്നയിച്ച സുന്ദരയെ അറിയില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ സുരേന്ദ്രൻ പറഞ്ഞത്. സുന്ദര തന്റെ സ്ഥാനാർഥിത്വം പിൻവലിക്കുന്നത് സംബന്ധിച്ച രേഖകൾ തയാറാക്കിയ അതേ ഹോട്ടലിലായിരുന്നു സുരേന്ദ്രൻ താമസിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു.
അതിനിടെ കോഴ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ പ്രത്യേക ഹർജി നൽകി. കേസ് നിലനിൽക്കില്ല എന്നാണ് വാദം. കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. അതേസമയം വിടുതൽ ഹർജിയിൽ വിശദമായ വാദം ഒക്ടോബർ നാലിന് നടക്കും. കെ സുന്ദരയോട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ നാലിന് ഹാജരാകാനാണ് നിർദേശം.












Click it and Unblock the Notifications