നീലേശ്വരം വെടിക്കെട്ട് അപകടം; ;ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു
നീലേശ്വരത്ത് കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു രതീഷ്. അതേസമയം രതീഷ് കൂടി മരണപ്പെട്ടതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
കഴിഞ്ഞ ദിവസം കിണാവൂർ സ്വദേശിയായ സന്ദീപായിരുന്നു മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്നു ഇദ്ദേഹം. ഗുരുതരമായി പരിക്കേറ്റിരുന്ന സന്ദീപ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. തെയ്യം നടക്കുന്നതിനിടെ പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയടക്കം ആളിക്കത്തുകയായിരുന്നു. കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിൽ കുറഞ്ഞ ദൂരമാണ് ഉണ്ടായിരുന്നത്. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി കമ്പപ്പുരയ്ക്ക് മുകളിൽ പതിച്ചാണ് അപകടം ഉണ്ടായത്.
150 ന് അടുത്ത് ആളുകൾക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. നിലവിൽ 98 ഓളം പേർ ചികിത്സയിൽ കഴിയുകയാണ്. 30 ഓളം പേർ ഐസിയുവിലാണ്. ഇതിൽ മൂന്ന് പേർ വെന്റിലേറ്ററിലാണ്. സംഭവത്തിൽ 9 പേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നു. അതിനിടെ കേസിൽ ജാമ്യം ലഭിച്ച ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരന്‍, സെക്രട്ടറി കെടി ഭരതന്‍, പടക്കത്തിന് തീ കൊളുത്തിയ രാജേഷ് എന്നിവരുടെ ജാമ്യം കാസർകോഡ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. സ്വമേധയാ ആണ് കോടതി നടപടി സ്വീകരിച്ചത്.
അതേസമയം കേസിൽ ഇനിയും അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്. ഇവർ ഒളിവിലാണെന്നാണ് വിവരം. സംഭവത്തിന് തൊട്ട് പിന്നാലെ പികെ ചന്ദ്രശേഖരൻ, കെടി ഭരതൻ, പി രാജേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വിജയൻ എന്നയാളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജയനും ചേർന്നാണ് പടക്കത്തിന് തിരികൊളുത്തിയത്. പടക്കം പൊട്ടിക്കുന്ന സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. വെടിപൊട്ടിക്കരുതെന്ന് വിളിച്ച് പറഞ്ഞിരുന്നുവെങ്കിലും ഇരുവരും കേട്ടിരുന്നില്ല.












Click it and Unblock the Notifications