അധ്യാപികയെ ക്യാമ്പസിൽ പ്രവേശിപ്പിക്കില്ല; കാസർഗോഡ് ഗവ കോളേജിൽ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ
ഫെബ്രുവരി 20 മുതലായിരുന്നു കുടിവെള്ള വിഷയമുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ കോളേജിൽ പ്രതിഷേധം തുടങ്ങിയത്.

കാസർഗോഡ്; മുൻ പ്രിൻസിപ്പൽ എംരമയ്ക്കെതിരെ സമരം കടുപ്പിച്ച് എസ്എഫ്ഐ. സംവരണം നേടിയ വിദ്യാർത്ഥികളെ അപമാനിക്കുന്ന പ്രതികരണമാണ് അധ്യാപിക നടത്തിയതെന്നും വിഷയത്തിൽ കർശനമായ നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും എസ് എഫ് ഐ വ്യക്തമാക്കി. അധ്യാപികയെ സസ്പെന്റ് ചെയ്ത് അന്വേഷണം പ്രഖ്യാപിക്കണമെന്നതാണ് എസ് എഫ് ഐയുടെ ആവശ്യം.
അധ്യാപിക കോളേജിൽ എത്തിയാൽ തടയുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ. പ്രതിഷേധങ്ങൾക്ക് ശേഷം അടച്ച കോളേജ് കഴിഞ്ഞ ദിവസം വീണ്ടും തുറന്നു. തുടർന്ന് അധ്യാപിക എത്തിയാൽ തടയാനായി എസ് എഫ് ഐയുടെ കീഴിൽ സംഘടിച്ചിരുന്നുവെങ്കിലും അവർ എത്തിയിരുന്നില്ല. സ്റ്റാറ്റിറ്റിക്സ് വിഭാഗത്തിലെ അധ്യാപികയാണ് രമ.
റിസർവേഷൻ പ്രകാരം കോളേജിലെത്തിയ മാർക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്നായിരുന്നു രമ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.അധ്യാപികയുടെ പ്രതികരണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ കടുത്ത വിമർശനമായിരുന്നു അവർക്കെതിരെ ഉയർന്നത്. എന്നാൽ സംഭവം വിവാദമായോടെ പരാമർശത്തിൽ അവർ മാപ്പ് ചോദിച്ചു. തന്റെ പരാമർശം നാക്കുപിഴയാണെന്നായിരുന്നു രമയുടെ വിശദീകരണം.
മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി കാര്യങ്ങൾ വിവരിക്കുന്നതിനിടയിൽ നാക്കു പിഴയായി വന്ന വാചകം അപ്പോൾ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും അവർ അത് പ്രസിദ്ധീകരിക്കാതെ കളഞ്ഞതുമാണ്. ഒരു ചാനലിലും പത്രത്തിലും പ്രസിദ്ധീകരിക്കപ്പെടാത്ത ഒരു ശബ്ദ ശകലമാണത്.പിന്നോക്ക വിഭാഗങ്ങളെ തനിക്കെതിരായി തിരിക്കാനുള്ള ശ്രമമാണ് എസ് എഫ് ഐ നടത്തുന്നതെന്നും പമ വിമർശിച്ചിരുന്നു.
അതേസമയം എസ് എഫ് ഐയ്ക്കെതിരെ കടുത്ത ആരോപണമാണ് രമ ഉന്നയിക്കുന്നത്. കോളേജിൽ, മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായും അത് ചോദ്യംചെയ്തതിനാണ് തനിക്കെതിരെ എസ്എഫ്ഐ സമരത്തിനിറങ്ങിയതെന്നുമായിരുന്നു രമ വിമർശിച്ചത്. കുടിവെള്ളം മലിനമാണെന്ന വിദ്യാർത്ഥികളുടെ പരാതിയും അവർ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ അധ്യാപികയുടെ വാദങ്ങൾ തള്ളുന്നതായിരുന്നു കോളേജിൽ നിന്നും ശേഖരിച്ച കുടിവെള്ളം സംബന്ധിച്ച ജല അതോറിറ്റി തയ്യാറാക്കിയ പരിശോധന റിപ്പോർട്ട്.കോളേജിലെ വെള്ളം മലിനമാണെന്നും ഇ- കോളി ബാക്ടീരിയ അടക്കം ഹാനികരമായ ഘടകങ്ങള്‍ അളവിലും കൂടുതല്‍ ഉണ്ടെന്നുമാണ് പരിശോധനയിൽ കണ്ടെത്താനായത്.
ഫെബ്രുവരി 20 മുതലായിരുന്നു കുടിവെള്ള വിഷയമുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ കോളേജിൽ പ്രതിഷേധം തുടങ്ങിയത്. ഇക്കാര്യം പ്രിൻസിപ്പലിനോട് സംസാരിച്ചപ്പോൾ ഈ വെള്ളം കുടിച്ചാൽ മതിയെന്നും ഇതിന് പരിഹാരം കാണാൻ സമയമില്ലെന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞതെന്നുമായിരുന്നു വിദ്യാർത്ഥിരൾ ആരോപിച്ചത്.












Click it and Unblock the Notifications