ഇന്ത്യയിലെ വര്‍ഗീയതയെ ചെറുക്കാന്‍ 10 കമ്യൂണിസ്റ്റുകാര്‍ പോര; കോടിയേരിയ്ക്ക് സുധാകരന്റെ മറുപടി
തിരുവനന്തപുരം: സി പി ഐ എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കാലം മാറുമ്പോള്‍ അതിനനുസരിച്ച് നിറം മാറുന്ന ഓന്തിന്റെ സ്വഭാവമാണ് സി പി ഐ എമ്മിനെന്ന് സുധാകരന്‍ പറഞ്ഞു. സി പി ഐ എമ്മിന് രാഷ്ട്രീയ സ്ഥിരതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ബി ജെ പിയെ നേരിടാന്‍ ശക്തിയില്ലാത്തത് കോണ്‍ഗ്രസിനല്ല, സി പി ഐ എമ്മിനാണ്. കോണ്‍ഗ്രസ് ശക്തരാണ്. കോടിയേരിയുടെ ഉപദേശം കോണ്‍ഗ്രസിന് വേണ്ട. ഇന്ത്യയിലാകെ വര്‍ഗീയതയെ ചെറുക്കാന്‍ പത്ത് കമ്യൂണിസ്റ്റുകാര്‍ മതിയാകില്ല,' സുധാകരന്‍ പറഞ്ഞു.

കേരളം പോലെ ഒരു ചെറിയ തുരുത്തില്‍ മാത്രമാണ് സി പി ഐ എം ഉള്ളതെന്നും ഇവിടെ വര്‍ഗീയതയെ പുണരുകയാണ് സി പി ഐ എം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കേസുകള്‍ മുങ്ങിപോകുന്നത് ബി ജെ പി-സി പി ഐ എം അവിശുദ്ധ ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
ബി ജെ പിയുടെ വോട്ട് വാങ്ങിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എം എല്‍ എയായത്. അത് അങ്ങനെയല്ലെങ്കില്‍ തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ റെയിലിനെതിരായ കോണ്‍ഗ്രസ് നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. സ്വന്തം ധാര്‍ഷ്ട്യത്തിന് അനുസരിച്ചു കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ലെന്നും കെ റെയിലിനെതിരെ സമരത്തിന്റെ മൂര്‍ച്ച വരും നാളുകളില്‍ വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോണ്‍ഗ്രസിന് ബി ജെ പിയുടെ ബദല്‍ ആകാന്‍ സാധിക്കില്ലെന്നായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഇന്ത്യയിലെ ബൂര്‍ഷ്വാ വര്‍ഗത്തിന് വേണ്ടി നില്‍ക്കുന്ന പാര്‍ട്ടികളാണ് ബി ജെ പിയും കോണ്‍ഗ്രസും. കോണ്‍ഗ്രസിന്റെ സമീപനം ബി ജെ പിയെ നേരിടാന്‍ പറ്റുന്നതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സി പി ഐ എം കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും ഇന്ത്യ ഹിന്ദുകള്‍ ഭരിക്കണം എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നും കോടിയേരി പറഞ്ഞിരുന്നു.
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന പ്രമേയത്തിന് കഴിഞ്ഞ ദിവസമാണ് സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കിയത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പകരം അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയെ പിന്തുണയ്ക്കാനാണ് സി പി ഐ എം തീരുമാനം. അതേസമയം ബി ജെ പിയ്‌ക്കെതിരെ കോണ്‍ഗ്രസിന് ബദലാകാന്‍ ഇടതുപക്ഷത്തിനാകില്ലെന്നായിരുന്നു സി പി ഐ എമ്മിന്റെ പ്രധാന സഖ്യകക്ഷിയായ സി പി ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞിരുന്നത്.












Click it and Unblock the Notifications