ഒമാന്‍ സുല്‍ത്താന്‍ ഇടപെട്ടു: ഹൂതി തടവില്‍ കഴിഞ്ഞ മലയാളികള്‍ ഉള്‍പ്പടെയുള്ള 11 ഇന്ത്യക്കാര്‍ക്ക് മോചനം
ദില്ലി: യമനില്‍ ഹൂതി വിമതരുടെ തടവില്‍ കഴിഞ്ഞിരുന്ന മൂന്ന് മലയാളികളുള്‍പ്പടെ 11 ഇന്ത്യക്കാര്‍ക്ക് മോചനം. ഒമന്‍ സുല്‍ത്താന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷ്, ആലപ്പുഴ ഏവൂര്‍ സ്വദേശി അഖില്‍, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മോചിതരായ മലയാളികള്‍. ചരക്കു കപ്പലില്‍ നിന്നും തട്ടിക്കൊണ്ടു പോയവരാണിവര്‍. കഴിഞ്ഞ ജനുവരിയിലാണ് യു എ ഇ ചരക്കുകപ്പല്‍ ഹൂതികള്‍ തട്ടിയെടുത്ത് ജീവനക്കാരെ ബന്ദികളാക്കിയത്.
ഇന്ത്യയെ കൂടാതെ യു കെ , ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ പൗരന്മാരെയും മോചിപ്പിച്ചിട്ടുണ്ട്. മോചിക്കപ്പെട്ടവരെ യമന്‍ തലസ്ഥാനമായ സന്‍അയില്‍ നിന്ന് ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ മസ്‌കത്തിലേക്ക് എത്തിച്ചതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഒമാനോട് ആവശ്യപ്പെട്ടിരുന്നു. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒമാന്‍ അധികൃതര്‍ യമന്‍ അധികാരികളുമായി നടത്തിയ ചര്‍ച്ചയിലാണ് മോചനത്തിന് വഴിതെളിഞ്ഞത്.
അതേസമയം, മലയാളികള്‍ അടക്കമുള്ളവര്‍ മോചിതരായെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. രണ്ട് ദിവസത്തിന് ശേഷം ദിപാഷ് നാട്ടിലെത്തുമെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം. അബുദാബിയിലെ കപ്പലില്‍ ജീവനക്കാരനായിരുന്ന മേപ്പയൂര്‍ മൂട്ടപ്പറമ്പിലെ ദിപാഷിനെ ജനുവരിയിലാണ് ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരിലാണ് ദിപാഷ് ജോലി നോക്കിയിരുന്ന കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുത്ത് 11 ജീവനക്കാരെ തടവിലാക്കിയത്. കപ്പല്‍ ജീവനക്കാരില്‍ മൂന്ന് മലയാളികളുള്‍പ്പെടെ 7 ഇന്ത്യക്കാരുണ്ട്.












Click it and Unblock the Notifications