ഹജ്ജിന് പോകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ മാറ്റം; ഒറ്റയ്ക്ക് പോകാന്‍ കേരളത്തില്‍ നിന്ന് 2800 പേര്‍
കൊച്ചി: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ സൗദി അറേബ്യയിലെ മക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിം വിശ്വാസികള്‍. സാമ്പത്തികവും ശാരീരികവുമായ ശേഷിയുള്ളവര്‍ക്ക് നിര്‍ബന്ധ ബാധ്യതയായിട്ടാണ് ഹജ്ജ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത്. പഴയ കാലത്ത് കപ്പലിലും നടന്നും ഹജ്ജിന് പോയ ചരിത്രങ്ങള്‍ നാം കേട്ടതാണ്. ഇപ്പോള്‍ കാലം മാറി. യാത്രാ രീതിയും മാറി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പോകുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സൗദി അറേബ്യ ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം ക്വാട്ട നിശ്ചയിക്കാറുണ്ട്. അപേക്ഷകരുടെ എണ്ണം, സര്‍ക്കാരുകളുടെ ആവശ്യം എന്നിവ കൂടി പരിഗണിച്ചാണ് ക്വാട്ട നിശ്ചയിക്കുക. ഇന്ത്യയ്ക്കുള്ള ക്വാട്ട ഇത്തവണ സൗദി വര്‍ധിപ്പിച്ചിട്ടുണ്ട്.

മുസ്ലിം സ്ത്രീകള്‍ ഹജ്ജിന് പോകുന്ന വേളയില്‍ മഹ്‌റം കൂടെ വേണം എന്നാണ് പറയാറ്. രക്ത ബന്ധമുള്ള പുരുഷനോ ഭര്‍ത്താവോ ആണ് മഹ്‌റം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് ഇങ്ങനെ ഒരു നിര്‍ദേശം. എന്നാല്‍ ഇതുകാരണം താല്‍പ്പര്യമുള്ള പല സ്ത്രീകള്‍ക്കും ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
2018ല്‍ ഹജ്ജ് നയത്തില്‍ കാതലായ മാറ്റം വരുത്തി. ഇതുപ്രകാരം മഹ്‌റം ഇല്ലെങ്കിലും സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാം. ഹജ്ജ് കമ്മിറ്റി മുഖേന നാലോ അതിലധികമോയുള്ള സ്ത്രീകളുടെ സംഘത്തിന് ഹജ്ജിന് പോകാം. ഇത്തരത്തില്‍ 2800ലധികം പേരാണ് ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജിന് പോകുന്നത്. രാജ്യത്ത് മൊത്തം 4000ത്തിലധികം സ്ത്രീകളും.
സ്ത്രീകളുടെ ആദ്യ സംഘം മെയ് 21ന് പുറപ്പെടുമെന്നാണ് കരുതുന്നത്. 2018 മുതല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഹജ്ജിന് പോകുന്ന സംസ്ഥാനം കൂടിയാണ് കേരളം. 45 വയസിന് മുകളില്‍ പ്രായമുള്ള മുസ്ലിം സ്ത്രീകള്‍ക്ക് ഗ്രൂപ്പുകളായി ഹജ്ജിന് പോകാമെന്ന നയം നിലവില്‍ വന്നത് 2018ലാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഇത്തവണ 1.4 ലക്ഷം പേരാണ് ഹജ്ജിന് പോകുന്നത്. ഇതില്‍ 67000ത്തോളം സ്ത്രീകളാണ്.
100 വയസിന് മുകളിലുള്ള സ്ത്രീകളും ഇത്തവണ ഹജ്ജിന് പോകുന്നു
81-90 വയസ് പ്രായമുള്ള 222 സ്ത്രീകള്‍ ഇത്തവണ ഹജ്ജിന് പോകുന്നുണ്ട്. 60-80 പ്രായമുള്ള 15753 സ്ത്രീകളും പോകുന്നു. 91-100 പ്രായമുള്ള ഏഴ് സ്ത്രീകളും ഹജ്ജിന് പോകുന്നുണ്ട്. 100 വയസിന് മുകളിലുള്ള രണ്ട് സ്ത്രീകളും ഇത്തവണ മക്കയിലേക്ക് പുറപ്പെടാനിരിക്കുന്നു. മഹ്‌റമില്ലാതെ 4313 സ്ത്രീകളാണ് പോകുന്നത്. കേരളത്തില്‍ നിന്നാണ് കൂടുതല്‍.
യുപി, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, കശ്മീര്‍, മധ്യപ്രദേശ്, ബംഗാള്‍, തെലങ്കാന, ഗുജറാത്ത്, ഗോവ, ഹരിയാന എന്നിവിടങ്ങളിലുള്ള സ്ത്രീകളും മഹ്‌റമില്ലാതെ ഹജ്ജ് സംഘത്തിലുണ്ട്. മഹ്‌റമില്ലാതെ 2018ല്‍ ഹജ്ജിന് പോയത് 1171 സ്ത്രീകളാണ്. 2019ല്‍ 2230 ആയി ഉയര്‍ന്നു. പിന്നീടുള്ള രണ്ടു വര്‍ഷം കൊവിഡ് കാരണം വിദേശികള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 1796 സ്ത്രീകള്‍ മഹ്‌റമില്ലാതെ ഹജ്ജ് ചെയ്തു.
കേരളത്തില്‍ നിന്ന് മഹ്‌റമില്ലാതെ സ്ത്രീകള്‍ ഹജ്ജിന് പോകാനുള്ള ഒരു കാരണം, അവരുടെ ബന്ധുക്കള്‍ സൗദിയില്‍ ജോലി ചെയ്യുന്നു എന്നതാണ്. ഹജ്ജ് വേളയില്‍ ഇവര്‍ മക്കയിലെത്തുമെന്ന ഉറപ്പുള്ളതിനാലാണ് സ്ത്രീകള്‍ തനിച്ച് പോകുന്നതെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ പറയുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ സ്ത്രീകളും ഇത്തരത്തില്‍ പോകുന്നുണ്ട്. കുറഞ്ഞ ചെലവില്‍ പോയി വരാമെന്നതും ഇത്തരം അപേക്ഷകര്‍ കൂടാന്‍ കാരണമായിട്ടുണ്ട്.












Click it and Unblock the Notifications