എസി മൊയ്തീൻ നടത്തിയത് 29 കോടിയുടെ കൊള്ള; ഗുരുതര ആരോപണവുമായി അനിൽ അക്കര
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പില്‍ 29 കോടി രൂപയുടെ കൊള്ളയാണ് എ.സി. മൊയ്തീനും സംഘവും അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് നടത്തിയതെന്ന് അനിൽ ആരോപിച്ചു. ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പാ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനിൽകുമാർ എന്ന സുഭാഷ്, പണം പലിശക്ക് കൊടുക്കുന്ന കണ്ണൂർ സ്വദേശി സതീശ് എന്നിവർ എ.സി. മൊയ്തീന്റെ ബിനാമികളാണെന്നും അനിൽ അക്കര പറഞ്ഞു.
എസി മൊയ്തീന്റെ കൈയില്‍ 19 ലക്ഷത്തിന്റെ വകകളാണ് ഉള്ളതെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. രണ്ടര ലക്ഷത്തോളം രൂപയാണ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അദ്ദേഹത്തിന്റെ നിക്ഷേപമായി ഉള്ളത്. അങ്ങനെയെങ്കില്‍ ബാക്കി 28 ലക്ഷത്തോളം രൂപ എവിടെയാണെന്നും പത്രസമ്മേളനത്തിൽ അനിൽ അക്കര ചോദിച്ചു. മച്ചാട് സഹകരണസംഘത്തിലാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നതെന്നും. ഇത്രയും വലിയ സംഖ്യ ഈ ചെറിയ സഹകരണസംഘത്തില്‍ നിക്ഷേപിക്കാന്‍ കഴിയുമോയെന്നും അനിൽ ചോദിച്ചു.

എ സി മൊയ്‌തീനെതിരെ ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുള്ള ശ്രമം സിപിഎം
സംശുദ്ധ രാഷ്‌ട്രീയ ജീവിതം നയിക്കുന്ന എസി മൊയ്‌തീനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ് റെയ്ഡിന് പിന്നിലെന്ന് സി പി എം. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയായുള്ള ഇടപെടലിന്റെ ഭാഗമാണ് ഈ നടപടി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര തന്നെയാണ് അരങ്ങേറുന്നത്. വലതുപക്ഷ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പരസ്‌പരം മത്സരിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. യുഡിഎഫ് ആകട്ടെ കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇത്തരം കടന്നാക്രമണങ്ങളെ പിന്തുണയ്‌ക്കുകയും, അനുകൂലിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇത് തിരിച്ചറിയാനാവണം.
എസി മൊയ്‌തീനെ ഉള്‍പ്പെടെ അപകീര്‍ത്തിപ്പെടുത്താനുള്ള വലതുപക്ഷ രാഷ്‌ട്രീയ ശക്തികളും, ചില മാധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ള മാധ്യമ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സി പി എം പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications