ആലുവയില്‍ വീട് മണ്ണിലേക്ക് താഴ്ന്നു; മൂന്ന് മരണം
ആലുവ: മൂന്ന് നില വീട് മണ്ണിലേക്ക് താഴ്ന്ന് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പൈപ്പ് ലൈന്‍ റോഡില്‍ കുന്നത്തേരി ജങ്ക്ഷനടുത്താണ് സംഭവം. ഗൃഹനാഥനായ ഷാജഹാന്‍ ഭാര്യ സെയ്ഫുന്നിസ, മകളും ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ ഐഷ എന്നിവരാണ് മരിച്ചത്.
ആഗസ്റ്റ് ആറ് ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വീടിന് പുറത്തായിരുന്ന മകന്‍ സാബിര്‍ രക്ഷപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് വീട് നിന്ന സ്ഥലം മുഴുവന്‍ വെള്ളം കെട്ടി നില്‍ക്കുകയായിരുന്നു. 16 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് മണ്ണിലേക്ക് താഴ്‌ന്നത്. നിര്‍മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കടയാണ് പ്രവര്‍ത്തിച്ചിരുന്നു. മുകളിലെ രണ്ട് നിലകളിലാണ് താമസക്കാര്‍ ഉണ്ടായിരുന്നത്. താഴത്തെ നിലയിലൂടെയല്ലാതെ ആര്‍ക്കും പുറത്ത് വരാനാകാത്ത നിലയിലായിരുന്നു വീടിന്റെ നിര്‍മാണം. ഇതാണ് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയത്.
ഷാജഹാന്റെ കുടുംബത്തെ കൂടാതെ ബംഗാളി തൊഴിലാളികളും വീട്ടില്‍ താമസിച്ചിരുന്നു. എന്നാല്‍ ശബ്ദം കേട്ടതോടെ ഇവര്‍ താഴേക്ക് ചാടി രക്ഷപ്പെട്ടു. വീടിന് പുറത്ത് ജനലിനടുത്ത് നിന്നിരുന്ന സാബിറും താഴേക്ക് ചാടി. എന്നാല്‍ ഷാജഹാനും ഭാര്യക്കും മകള്‍ക്കും പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ല.
അഗ്നിശമന സേനയും പോലീസും എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആദ്യം ഐഷയുടെ മൃതദേഹമാണ് പുറത്തെടുത്തത്. പിന്നീട് ഷാജഹാന്റേയും സൈഫുന്നീസയുടേയും മൃതദേഹങ്ങള്‍ പുറത്തെടുത്തു.












Click it and Unblock the Notifications