അഞ്ച് വർഷത്തിനിടെ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 486 പേർ; കുറയാതെ ആശങ്ക
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ വന്യജീവി ആക്രമണങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ടവരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2019-24 കാലയളവിൽ മാത്രം കേരളത്തിൽ 486 പേർക്ക് ജീവൻ നഷ്‌ടമായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പരിക്കേറ്റവരുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
2023-24ല്‍ മാത്രം കേരളത്തില്‍ 94 മരണങ്ങളുണ്ടായി. 2021-22ലാണ് വന്യജീവി ആക്രമണങ്ങളില്‍ കൂടുതല്‍ മരണം. ആനകളുടെ ആക്രമണത്തില്‍ 35 പേരും കടുവകളുടെ ആക്രമണത്തില്‍ ഒരുമരണവും മറ്റ് വന്യജീവികളുടെ ആക്രമണത്തില്‍ 78 മരണങ്ങളും ഉള്‍പ്പെടെ 114 മരണങ്ങളാണ് 2021-22 ല്‍ കേരളത്തിൽ ഉണ്ടായത്.

2019-20 കാലയളവില്‍ 92 പേരാണ് മരിച്ചത്. 2020-21ല്‍ 88 പേര്‍ മരിച്ചിരുന്നു. 2022-2023ല്‍ 98 പേരും മരണപ്പെട്ടുവെന്നാണ് കണക്കുകൾ. അതേസമയം, ആനകളുടെ ആക്രമണത്തിൽ ഏറ്റവുമധികം പേർക്ക് ജീവൻ നഷ്‌ടമായത് ഒഡീഷയിലാണ്. ഇവിടെ ഒരു വർഷത്തിനിടെ മാത്രം 154 പേർക്കാണ് ജീവൻ നഷ്‌ടമായത്.
നഷ്‌ടപരിഹാരം പ്രഖ്യാപനത്തിൽ ഒതുങ്ങുമ്പോൾ
പലപ്പോഴും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആളുകൾക്ക് ലഭിക്കേണ്ട നഷ്‌ട പരിഹാരം സമയബന്ധിതമായി നൽകാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. ആനകളുടെയും മറ്റ് വന്യജീവികളുടെയും ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആളുകൾക്ക് അടിയന്തര ധനസഹായം ഉൾപ്പെടെ വൈകുന്നുവെന്നാണ് ആക്ഷേപം.
നഷ്‌ട പരിഹാരം ഇങ്ങനെ
നിലവിൽ പത്ത് ലക്ഷം രൂപ വരെയാണ് വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകുന്നത്. വനത്തിനുള്ളിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ചാൽ അവകാശികൾക്ക് നഷ്‌ടപരിഹാരമായി 10 ലക്ഷം രൂപരെയാണ് ലഭിക്കുക, വനത്തിന് പുറത്തുവച്ചാണ് കടിയേൽക്കുന്നതെങ്കിൽ രണ്ട് ലക്ഷം രൂപ വരെ ലഭിക്കും.
ആന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ വനത്തിനുള്ളിലും പുറത്തുംവെച്ച് മരിച്ചാൽ അവകാശികൾക്ക് പത്തുലക്ഷം രൂപ വരെ ലഭിക്കും. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റാൽ ചികിത്സാധനസഹായമായി പരമാവധി ഒരു ലക്ഷം രൂപ വരെ ലഭിക്കും. പട്ടികവർഗക്കാർക്ക് മുഴുവൻ ചികിത്സച്ചെലവും അനുവദിക്കും.
വന്യമൃഗ ആക്രമണത്തിൽ അംഗവൈകല്യം സംഭവിച്ചാൽ രണ്ടുലക്ഷം രൂപവരെ സഹായം ലഭിക്കും. വീടുകൾ, കുടിലുകൾ, കൃഷി, കന്നുകാലികൾ എന്നിവയ്ക്കുനേരേയുള്ള വന്യജീവി ആക്രമണങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപവരെയാണ് നഷ്‌ടപരിഹാരം ലഭിക്കുക.












Click it and Unblock the Notifications