നോട്ട് നിരോധനത്തിന് അഞ്ചാണ്ട്: സ്വതന്ത്ര ഇന്ത്യയിലെ തുഗ്ലക് പരിഷ്‌കാരത്തിന് അഞ്ച് വർഷം; കെസി വേണുഗോപാൽ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ഇന്ന് അഞ്ച് വര്‍ഷം തികയുകയാണ്. 2016 നവംബര്‍ എട്ടാം തീയതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അന്നത്തെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത്. നോട്ട് നിരോധനത്തിന് അഞ്ചാണ്ട് തികയുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ കറന്‍സി മുക്ത ഭാരതത്തെ കുറിച്ചും വാചാലനായ നരേന്ദ്രമോദി രാജ്യത്തിന് സമ്മാനിച്ച ഇരുണ്ട ഏടായിരുന്നു 2016 നവംബര്‍ എട്ടും എട്ടാം തീയതി നടന്ന എട്ടുമണി പ്രസംഗവുമെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാജ്യത്ത് മുന്നൊരുക്കവും ദീര്‍ഘവീക്ഷണവുമില്ലാത്ത കൊള്ള നടത്തിയതിന്റെ പേരിലാവും ചരിത്രം നരേന്ദ്ര മോദിയെ അടയാളപ്പെടുത്തുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ,

'സാധാരണ ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കുന്നതും നിയമത്തിന്റെ മറവിലുള്ള കവര്‍ച്ച ചെയ്യലും ' - ആധുനിക ഇന്ത്യയെ സാമ്പത്തിക ഭദ്രതയിലേക്ക് നയിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, നരേന്ദ്ര മോദി സര്‍ക്കാറിന്റെ നോട്ടുനിരോധന നടപടിയെ വിലയിരുത്തി പറഞ്ഞ വാക്കുകള്‍ കൂടുതല്‍ കൂടുതല്‍ അന്വര്‍ത്ഥമായി വരികയാണ്.
കോണ്‍ഗ്രസ് മുക്ത ഭാരതം പോലെ കറന്‍സി മുക്ത ഭാരതത്തെ കുറിച്ചും വാചാലനായ നരേന്ദ്രമോദി രാജ്യത്തിന് സമ്മാനിച്ച ഇരുണ്ട ഏടായിരുന്നു 2016 നവംബര്‍ എട്ടും എട്ടാം തീയതി നടന്ന എട്ടുമണി പ്രസംഗവും. സ്വതന്ത്ര ഇന്ത്യയിലെ തുഗ്ലക് പരിഷ്‌കാരമായ നോട്ടുനിരോധനം നടപ്പാക്കിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുമ്പോള്‍ രാജ്യത്തിന്റെ അവസ്ഥ എന്താണ് ? കള്ളപ്പണവും തീവ്രവാദികള്‍ക്കുള്ള ധനാഗമ മാര്‍ഗങ്ങളും തടയുക, പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക് ഇന്ത്യയെ നടത്തിക്കുകയായിരുന്നു നോട്ടുനിരോധിക്കുമ്പോള്‍ പറഞ്ഞ ലക്ഷ്യങ്ങള്‍. എന്നാല്‍ സ്വരുക്കൂട്ടിയ സമ്പാദ്യവുമായി മനുഷ്യര്‍ നടന്ന് തളര്‍ന്നതും വെയിലത്ത് വരിനിന്ന് വാടി വീണ് മരിച്ചതും തൊഴില്‍ രഹിതരായതുമെല്ലാം കണ്ട കെട്ടകാലത്തെ സൃഷ്ടിച്ചതല്ലാതെ മറ്റൊരു ലക്ഷ്യവും നോട്ടുനിരോധനത്തിലൂടെ സാധ്യമായില്ല.
ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന കണക്കുകള്‍, ഉള്‍ക്കാഴ്ചയില്ലായ്മ മൂലം കറന്‍സിരഹിത സമ്പദ് വ്യവസ്ഥ എന്ന സങ്കല്പം തന്നെ പാളിയെന്ന് അടിവരയിടുന്നു. രാജ്യത്ത് കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചുള്ള വിനിമയം വന്‍തോതില്‍ വര്‍ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ഒക്ടോബര്‍ എട്ടുവരെയുള്ള കണക്കുകള്‍ അനുസരിച്ച് പൊതുജനത്തിന്റെ കൈവശമുള്ള കറന്‍സിയുടെ മൂല്യം 28.30 ലക്ഷം കോടിയാണ്. 2016 നവംബറില്‍ പൊതുജനത്തിന്റെ കൈവശമുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം 17.97 ലക്ഷം കോടി രൂപയായിരുന്നുവെന്നത് ചേര്‍ത്തുവായിക്കണം.
നോട്ട് നിരോധനത്തിന്റെ പ്രത്യഘാതം ഏറ്റവും കൂടുതല്‍ എറ്റു വാങ്ങേണ്ടി വന്നത് ചെറുകിട ഇടത്തരം വ്യവസായങ്ങളും കാര്‍ഷിക-ഗ്രാമീണ മേഖലകളുമാണ്. ചെറുകിട വ്യാപാരികളില്‍ ഭൂരിഭാഗവും ഇപ്പോഴും കറന്‍സി ഇടപാടുകളെയാണ് ആശ്രയിക്കുന്നത്; 15 കോടി ജനങ്ങള്‍ക്ക് ഇനിയും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലെന്ന് ആര്‍ബിഐ തന്നെ പറയുന്ന രാജ്യത്ത് മുന്നൊരുക്കവും ദീര്‍ഘവീക്ഷണവുമില്ലാത്ത കൊള്ള നടത്തിയതിന്റെ പേരിലാവും ചരിത്രം നരേന്ദ്ര മോദിയെ അടയാളപ്പെടുത്തുക- കെസി വേണുഗോപാല്‍ കുറിച്ചു.












Click it and Unblock the Notifications