സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല; സ്വർണ കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം
അറുപത്തിനാലാമത് സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴുന്നു. സമാപന ചടങ്ങ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി. വിജയികൾക്കുള്ള സ്വർണകപ്പിനായി അവസാന ദിനം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ശനിയാഴ്ച വൈകീട്ട് വരെയുള്ള പോയിൻ്റ് നിലപ്രകാരം 990 പോയിൻ്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തും. 983 പോയിൻ്റുകളുമായി തൃശൂർ രണ്ടാമതുമുണ്ട്. ഇരു ജില്ലകൾക്കും കടുത്ത വെല്ലുവിളിയുയർത്തി 982 പോയിൻ്റുമായി പാലക്കാട് തൊട്ടുപിന്നലുണ്ട്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് ആയിരുന്ന കോഴിക്കോട് നാലാം സ്ഥാനത്ത് വീണു.
കഴിഞ്ഞ വർഷത്തിന് വിപരീതമായി സ്വർണക്കപ്പിനായി വീറും വാശിയുമേറിയ പോരാട്ടമാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം സാക്ഷ്യം വഹിക്കുന്നത്. നേരത്തെ നാലാം സ്ഥാനത്തായിരുന്ന ആതിഥേയരായ തൃശൂർ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് എത്തുകയായിരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് നാലാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. 981 പോയിൻ്റുമായി കോഴിക്കോട് 950 പോയിൻ്റുമായി മലപ്പുറവും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. കൊല്ലം (948), എറണാകുളം (955), തിരുവനന്തപുരം (942), കാസർകോട് (912), കോട്ടയം (909), വയനാട് (904), ആലപ്പുഴ (890), പത്തനംതിട്ട (855), ഇടുക്കി (818) ജില്ലകളാണ് പോയിൻ്റ് ടേബിളിലെ മറ്റ് ജില്ലകളുടെ സ്ഥാനം.

ഇന്ന് രാവിലെ നടക്കുന്ന മത്സരങ്ങൾ ജേതാക്കളെ തീരുമാനിക്കുന്നതിൽ അതിനിർണായകമാണ്. ഉച്ചയോടെ സ്വർണക്കപ്പ് ആർക്കാകും എന്ന് ഏറെക്കുറെ ഉറപ്പിക്കാൻ സാധിക്കുമെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനാൽ സസ്പെൻസ് നീളാനുള്ള സാധ്യതയുമുണ്ട്. ഇന്ന് അവധി ദിനം ആയതിനാൽ ഒന്നാം വേദിയായ തേക്കിൻകാടിലേക്ക് ആളുകൾ ഒഴുകിയെത്തും.ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാന ദിവസത്തെ പ്രധാന മത്സരം.

കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ പ്രിയതാരം മോഹൻലാൽ മുഖ്യാതിഥയായി എത്തുകയാണ്. അതിനാൽ ഒരു ചെറുപൂരത്തിനുള്ള ആളുകൾ തേക്കിൻകാടിലേക്ക് എത്തും. വിജയികൾക്കുള്ള സ്വർണകപ്പ് സമ്മാനിക്കുന്നതും അദേഹമാണ്. അഞ്ച് ദിവസം 25 വേദികളിലായി നടന്ന കലാമാമാങ്കത്തിൽ 15,000 പ്രതിഭകളാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൂര നഗരിയായ തൃശൂരിൽ എത്തിയത്.












Click it and Unblock the Notifications