ഡോക്ടര്‍മാരുടെ സമരത്തിടയില്‍ ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചു
ആലപ്പുഴ:ജീവന്‍ രക്ഷിക്കേണ്ടവര്‍ തിരിഞ്ഞു നോക്കാതെ വന്നപ്പോള്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളാണ്. ഡോക്ടര്‍മാരുടെ നിസഹകരണ സമരത്തിനിടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴു വയസുകാരന്‍ മരിച്ചു. മാരാരിക്കുളം ക്രിസ്തുരാജ കോളനിയില്‍ മത്സ്യതൊഴിലാളിയായ നെടിയാംപുരക്കല്‍ ജോണ്‍സന്റെ മകനാണ് നിഖില്‍.
പനിയെത്തുടര്‍ന്ന് ചെട്ടിക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ മോശമായപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആംബുലന്‍സ് വരാന്‍ വൈകിയതോടെ കുട്ടി മരിക്കുകയായിരുന്നു.

ഡോക്ടര്‍മാരുടെ ചികിത്സ ലഭിക്കാതെയാണ് നിഖില്‍ മരിച്ചതെന്നാണ് മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് ആശുപത്രിയില്‍ നടന്നത്.സംഭവത്തെത്തുടര്‍ന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ, ബി.ജെ.പി, എ.ഐ.വൈ.എഫ്, പി.ഡി.പി പ്രവര്‍ത്തകർ ആശുപത്രിയിലേക്കു മാര്‍ച്ച് നടത്തി.
കുട്ടിക്ക് ചികിത്സ നല്‍കിയിലെന്ന വാദം ശരിയല്ല, കുട്ടികളുടെ രണ്ടു ഡോക്ടര്‍മാര്‍ സ്ഥലത്ത് ഉണ്ടായിരുന്നു, ഇവരാണ് കുട്ടിയെ ചികിത്സിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിര്‍ദേശം നല്‍കി. കെ.സി വേണുഗോപാല്‍ എം പി, കലക്‌ടര്‍ എന്‍. പത്മകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്‌തശേഷമാണ് ആശുപത്രിയിലെ സംഘര്‍ഷാവസ്‌ഥയ്‌ക്ക് അയവുണ്ടായത്. കാട്ടൂര്‍ ഹോളിഫാമിലി വിസിറ്റേഷന്‍ പബ്ലിക് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഖില്‍.












Click it and Unblock the Notifications