മദ്യം ആരോഗ്യത്തിന് ഹാനികരം..! ഖജനാവിനോ? 5 വര്‍ഷം, കേരളത്തിന്റെ മദ്യവരുമാനം 54,673 കോടി!
തിരുവനന്തപുരം∙ മദ്യത്തിലൂടെ സർക്കാരിനു ലഭിക്കുന്ന നികുതി വരുമാനത്തിൽ വൻ വർധനവ്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2,307 കോടിരൂപയുടെ വർധനയാണ് 2021-22 സാമ്പത്തിക വർഷം ഉണ്ടായത് എന്നാണ് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
2020-21 സാമ്പത്തികവർഷം മദ്യ നികുതിയായി ലഭിച്ചത് 10,392 കോടി രൂപയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 12,699 കോടി രൂപയായി. 5 വർഷത്തിനിടെ ലഭിച്ചത് 54,673 കോടിരൂപയുടെ നികുതി വരുമാനം. കേരള ചരക്ക് സേവന നികുതി നിയമത്തിലെ ഷെഡ്യൂൾ പ്രകാരമുള്ള വിൽപ്പന നികുതിയും വിറ്റുവരവ് നികുതിയും ആണ് മദ്യവിൽപ്പനയിൽ ബാധകം ആയിട്ടുള്ളത്.

വിദേശ മദ്യത്തിന്റെ വിൽപ്പന നികുതി അടുത്തിടെ വർധിപ്പിച്ചിരുന്നു. 4 ശതമാനമാണ് വർദ്ധിപ്പിച്ചത്. 247% നികുതി 251% ആയി വർധിച്ചു. ഇതിന് പിന്നാലെ വിൽപ്പന വിലയിൽ രണ്ടു ശതമാനം വർധനയുണ്ടായി. വിവിധ ബ്രാൻഡുകൾക്ക് കുപ്പിക്ക് 10 രൂപ മുതൽ 20 രൂപവരെയാണ് വർധിച്ചത്. രാജ്യത്ത് മദ്യത്തിന് ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
അഞ്ചു വർഷത്തെ മദ്യ നികുതി വരുമാനം
2017-18 - 9,606 കോടി
2018-19 - 10,903 കോടി
2019-20 - 11,073 കോടി
2020-21 - 10,392 കോടി
2021-22 - 12,699 കോടി
അതേസമയം, സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലബാർ ബ്രാണ്ടി അടുത്ത ഓണത്തിനാണ് വിപണിയിൽ എത്തും. പുതിയ ബ്രാണ്ടിയുടെ ഉല്പാദനത്തിനാവശ്യമായ നിർമ്മാണ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നുമാണ് പുതിയ ബ്രാണ്ടി ഉല്പാദിപ്പിക്കുക. പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ബോട്ലിംഗ് പ്ലാൻറ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയതു കൊണ്ടുതന്നെ അടുത്ത ഓണത്തിന് മലബാർ ബ്രാണ്ടി വിപണിയിൽ എത്തും. ബ്രാണ്ടിയുടെ ഉദ്പാദനത്തിനായി നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയാകേണ്ടത്.
വിലകുറഞ്ഞ ബ്രാൻഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചാണു സംസ്ഥാന സർക്കാർ മലബാർ ബ്രാണ്ടി എത്തിക്കുന്നത്. കേരളത്തിൽ കൂടുതൽ ആവശ്യക്കാരുള്ള ബ്രാൻഡ് ജവാൻ റമ്മാണ്. ഇതിന് പിന്നാലെ സംസ്ഥാന സർക്കാർ പുതിയ മദ്യം വിപണിയിൽ എത്തിക്കാൻ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് ആലോചനകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.












Click it and Unblock the Notifications