'പ്രശസ്തിക്ക് വേണ്ടിയല്ല ഇതൊന്നും ചെയ്തത്'; ആടുജീവിതത്തില്‍ നജീബിന് തുണയായ കുഞ്ഞാക്ക പറയുന്നു
കോഴിക്കോട്: പൃഥ്വരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം മികച്ച പ്രതികരണങ്ങള്‍ നേടിക്കൊണ്ട് തിയേറ്ററില്‍ തകര്‍ത്തോടുകയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന ഏറെ ചര്‍ച്ചയായ നോവലാണ് സിനിമക്ക് ആധാരം. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ നോവലിലെ പല കഥാപാത്രങ്ങളും യഥാര്‍ത്ഥത്തില്‍ ഉള്ളതായിരുന്നു.
ഇത്തരത്തില്‍ സിനിമയിലും നോവലിലും ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ് മലബാര്‍ ഹോട്ടലിലെ കുഞ്ഞാക്ക. മരുഭൂമിയിലെ ആടുജീവിതത്തില്‍ നിന്ന് നജീബിന് രക്ഷകനായത് ഇദ്ദേഹമായിരുന്നു. റിയാദ് ബത്ഹയിലെ യമനി ഗല്ലിയില്‍ മലബാര്‍ ഹോട്ടല്‍ നടത്തുകയായിരുന്നു അന്ന് കുഞ്ഞാക്ക. ഇദ്ദേഹത്തിന് മുന്നിലേക്കാണ് മെലിഞ്ഞൊട്ടിയ രൂപമായി നജീബ് കടന്ന് ചെല്ലുന്നത്. ആ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ടര്‍ ചാനലിനോട് തുറന്ന് പറയുകയാണ് കുഞ്ഞാക്ക.

തിരൂര്‍ നിറമരുതൂര്‍ പത്തംപാട് അരങ്കത്തില്‍ കുഞ്ഞുമുഹമ്മദ് ആണ് ഈ കുഞ്ഞാക്ക. ഹോട്ടല്‍ നടത്തിപ്പിനൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനവുമുണ്ടായിരുന്നു അദ്ദേഹത്തിന്. നജീബിനെ സഹായിച്ചത് വലിയ സംഭവമായിട്ട് കരുതുന്നില്ല എന്നും ഇത്തരത്തില്‍ ഒരുപാട് പേരെ താന്‍ സഹായിച്ചിട്ടുണ്ടായിരുന്നു എന്നുമാണ് കുഞ്ഞാക്ക പറയുന്നത്. വലിയ വാര്‍ത്തയാകണം എന്ന് കരുതി ചെയ്തതല്ല അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വിശന്ന് വലഞ്ഞ ഒരാള്‍ക്ക് ഭക്ഷണം കൊടുത്തൂ എന്നേ ഉള്ളൂ. അത് ഞങ്ങളുടെ മതത്തിലും പറയുന്നതാണ്. ഒരാള്‍ക്ക് സഹായം ചെയ്യണം എന്ന് വിചാരിച്ച് ചെയ്തതാണ്. അല്ലാതെ അത് വലിയ വാര്‍ത്തയാകണം എന്ന് കരുതി ചെയ്തതല്ല. പിന്നീടാണ് അത് വാര്‍ത്തയായത്. അങ്ങനെ കുറെ പേര്‍ ഞങ്ങളുടെ അടുത്ത് വന്ന് പോയിട്ടുണ്ട്. 10-15 പേര്‍ അങ്ങനെ വന്നിട്ടുണ്ട്. നാട്ടില്‍ നിന്ന് വന്നിട്ട് മൂന്നോ നാലോ തവണ മാത്രമാണ് അയാള്‍ കുളിച്ചിട്ടുള്ളത് എന്ന് കണ്ടപ്പോള്‍ തന്നെ മനസിലായിരുന്നു,' കുഞ്ഞാക്ക പറഞ്ഞു.
തന്റെ ഒരു കൂട്ടുകാരനാണ് നജീബിനെ തന്റെ മുന്നിലെത്തിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോള്‍ തന്നെ മനസിലായിരുന്നു വിശന്ന് അത്രയും വലഞ്ഞിട്ടുണ്ടെന്ന്. ഗള്‍ഫ് എന്ന് പറഞ്ഞാല്‍ വലിയ സമ്പത്തുണ്ടാക്കാനാണ് പോകുന്നത് എന്നാണ് പൊതുവെ ജനങ്ങളുടെ ധാരണ. എന്നാല്‍ ഇതുപോലത്തെ ജീവിതങ്ങള്‍ അവിടെ ഉണ്ട് എന്നുള്ളത് അപ്പോഴാണ് നമ്മള്‍ തിരിച്ചറിയുന്നത്.
ഇത്രയും വര്‍ഷം ജോലി ചെയ്തിട്ട് ഒരു രൂപ പോലും അദ്ദേഹത്തിന് ശമ്പളം കൊടുത്തിരുന്നില്ല എന്നും കുഞ്ഞാക്ക കൂട്ടിച്ചേര്‍ത്തു. ശമ്പളം ചോദിക്കുമ്പോള്‍ അടിയായിരുന്നു കിട്ടിയത്. 24 മണിക്കൂറും അറബി ഇയാള്‍ക്ക് കാവല്‍ നില്‍ക്കുമായിരുന്നു. ഒരിക്കല്‍ അറബി കല്യാണത്തിനോ മറ്റോ പോയപ്പോഴാണ് രക്ഷപ്പെടുന്നത്. മരുഭൂമിയിലൂടെ ഒന്നര ദിവസം ഓടിയിട്ടാണ് തന്റെ അടുത്തെത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നോവല്‍ എഴുതുന്ന സമയത്ത് ബെന്യാമിന്‍ വന്നിരുന്നു. എന്നാല്‍ അന്ന് ഓര്‍മയില്ല എന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയയ്ക്കുകയായിരുന്നു. പിന്നെ വിലാസവും ഫോണ്‍ നമ്പറും ഹോട്ടലിന്റെ പേരുമെല്ലാം ചോദിച്ച് പോയി. അങ്ങനെയാണ് നോവലില്‍ അതൊക്കെ വന്നത് എന്നും അദ്ദേഹം പറഞ്ഞു. നജീബിനോട് നാട്ടിലേക്കു തിരിച്ചുപോകാന്‍ പൊലീസില്‍ കീഴടങ്ങാന്‍ പറഞ്ഞതും ഇദ്ദേഹമാണ്.
മൂന്ന് പതിറ്റാണ്ടോളം പ്രവാസലോകത്തുണ്ടായിരുന്ന കുഞ്ഞാക്ക ഇപ്പോള്‍ നാട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്. ഭാര്യയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് നാട്ടിലേക്ക് മടങ്ങിയത്. മൂന്ന് മക്കളാണ് 65 കാരനായ ഇദ്ദേഹത്തിനുള്ളത്.












Click it and Unblock the Notifications