അഭിമന്യു കൊലപാതകം; പ്രളയം പ്രതികളെ പുറത്തുചാടിച്ചു..കൊലയാളിയെ തിരിച്ചറിഞ്ഞു
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകിയെ തിരിച്ചറിഞ്ഞു. അഭിമന്യുവിന് ഒപ്പം ആക്രമിക്കപ്പെട്ട അർജുൻ കൃഷ്ണയെ കുത്തിയ പ്രതിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ ഉടൻ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കും.
കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു ക്യാമ്പസിൽ അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിൽ ഇരുപത്തിയാറ് പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. പരുക്കേറ്റ വിനീത് കുമാറിനെ ആക്രമിച്ചത് നേരത്തെ അറസ്റ്റിലായ സനീഷാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

പ്രളയം
ഒളിവിലായിരുന്ന പ്രതികൾ വെള്ളപ്പൊക്കം വന്നതോടെ പുറത്ത് ചാടുകയായിരുന്നു. പല സ്ഥലങ്ങളിലായി ഒളിവിലായിരുന്ന പ്രതികൾ പ്രളയകാലത്ത് പരസ്പരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.

പന്തളത്തേയ്ക്ക്
കൊല നടത്തിയ ശേഷം പ്രതികൾ കേരളം വിട്ടിരുന്നു. പിന്നീട് പലപ്പോഴായാണ് ഇവർ പന്തളത്തേ ഒളിത്താവളത്തിലേക്ക് എത്തിയത്. ഒരു മാസത്തോളമായി പ്രതികൾ പന്തളത്ത് തുടരുകയായിരുന്നു. എന്നാൽ മഴ കനത്ത് വെള്ളപ്പൊക്കം വന്നതോടെ ഇവർക്ക് പുറത്ത് ചാടേണ്ട അവസ്ഥയായി.

സംസ്ഥാനത്ത് തന്നെ
അഭിമന്യുവിന്റെ കൊലയാളി സംസ്ഥാനത്തിനകത്തു തന്നെയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളടക്കം എട്ടു പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. എട്ടു പേരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

പ്രളയം സഹായിച്ചു
പ്രളയം വന്നതോടെ പ്രതികൾക്ക് ഒളിത്താവളം വിട്ടിറങ്ങേണ്ടി വന്നത് പോലീസിന് സഹായകമായി. പ്രതികൾ പലവഴിക്കായതോടെ ഇവർ ഫോണിൽ പരസ്പരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇതും നിർണായകമായി.

അറസ്റ്റിൽ
കൊലയാളി സംഘത്തിലെ ഒരാൾ ഇന്നലെ അറസ്റ്റിലായിരുന്നു. നെട്ടൂർ സ്വദേശി അബ്ദുൾ നാസറിനെയാണ് പോലീസ് ഇന്നലെ പിടികൂടിയത്. കൊലനടത്തിയ ശേഷം പന്തളത്തെ രഹസ്യ കേന്ദ്രത്തിൽ കഴിയുകയായിരുന്നു അബ്ദുൾ നാസറും. പ്രളയം വന്നതോടെ പുറത്തുചാടേണ്ടി വന്നു. പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു.

എട്ട് പേർകൂടി
കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള എട്ട് പേരെക്കൂടിയാണ് ഇനിയും പിടികൂടാനുള്ളത്. കേസിലെ മുഖ്യസാക്ഷികൾ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റകൃത്യത്തിൽ നേരിട്ടും അല്ലാതെയും പങ്കുള്ള 26 പേരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

കുറ്റപത്രം
ജൂലൈ 3ന് 3 പേർ അറസ്റ്റിലായിരുന്നു. ഇവർ ജയിലിലായി 90 ദിവസം കഴിയും മുമ്പേ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

സ്വാധീനം
മഹാരാജാസ് കോളേജിലെ എസ് എഫ് ഐ മേധാവിത്വം ചോദ്യം ചെയ്യാനും എസ് ഡി പി ഐയുടെ സ്വാധീനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.അഭിമന്യു ഉൾപ്പെടെ മൂന്ന് എസ് എഫ് ഐ പ്രവർത്തകർക്കാണ് കുത്തേറ്റത്.












Click it and Unblock the Notifications