അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; കേരളത്തില്‍ സിബിഐയെ വിലക്കാന്‍ സിപിഎം പിബി
ദില്ലി: കേരളത്തില്‍ സിബിഐയെ വിലക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പിബി യോഗം വിലയിരുത്തി. സംസ്ഥാനത്ത് നിലവിലുള്ള പൊതുസമ്മതം എടുത്തുകളയാന്‍ അനുമതി നല്‍കുകയാണ് പിബി ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നിയമപരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ ഉത്തരവിറക്കും. കേരളത്തിലെ സിപിഎം ഘടകവും സിപിഐയും സിബഐക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്ര, ചത്തീസ്ഗഢ്, രാജസ്ഥാന് അടക്കമുള്ള സംസ്ഥാനങ്ങള്‍ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഭരിക്കുന്ന പശ്ചിമബംഗാളിലും സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ കേരളത്തിലെ സിപിഎം ഘടകം നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. ഇപ്പോള്‍ ദേശീയ നേതൃത്വവും ഇതിന് അനുമതി നല്‍കിയിരിക്കുകയാണ്.
കേന്ദ്ര കമ്മിറ്റിയില്‍ പോലും ഇതുമായി ബന്ധപ്പെട്ട് ഇനിയൊരു ചര്‍ച്ച ആവശ്യമില്ലെന്നാണ് പാര്‍ട്ടിയുടെ ഉന്നതവൃത്തങ്ങള്‍ നല്കുന്ന സൂചന. ദില്ലി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരമാണ് സിബിഐ കേസുകള്‍ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും അന്വേഷണത്തിന് അതത് സംസ്ഥാനങ്ങളുടെ സമ്മതം സിബിഐക്ക് ആവശ്യമുണ്ട്. കേരളം ഉള്‍പ്പടെ മിക്ക സംസ്ഥാനങ്ങളും ഇതിനായി പൊതു അനുമതി മുന്‍കൂട്ടി നല്‍കിയതാണ്. ഈ അനുമതിയാണ് കേരളം ഇപ്പോള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്.
അതേസമയം, സംസ്ഥാനത്ത് സിബിഐയെ തടയാനുള്ള നീക്കം ആത്മഹത്യപരമാണെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ലൈഫ് മിഷന് പദ്ധതിയിലെ അഴിമതി മറച്ചുവയ്ക്കുന്നതിന്റെ ഭാഗമാണിതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണത്തെ സി.പിഎം ഭയപ്പെടുന്നതുകൊണ്ടാണ് അവരുടെ മുന്‍കൂര്‍ പ്രവര്‍ത്താനുമതി പിന്‍വലിക്കാനുള്ള നിയമനിര്‍മ്മാണം നടത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറാകുന്നതെന്ന് കെപിസിസി പ്രസിഡന്ര് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞിരുന്നു.
അന്താരാഷ്ട്രമാനമുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തെ ആദ്യം സ്വാഗതം ചെയ്തവരാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും. മുഖ്യമന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബാംഗങ്ങളും പാര്‍ശ്വവര്‍ത്തികളും സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത് ഇക്കൂട്ടരുടെ അലമാരകളിലെ അസ്ഥികൂടങ്ങള്‍ അവരുടെ ഉറക്കം കെടുത്തുന്നതിനാലാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് സിപിഎം കേരള ഘടകം; രണ്ട് ശത്രുക്കളുണ്ട്, നേരിടാന്‍ ശക്തി വേണം
ഹാത്രസ് കേസിലെ സിബിഐ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ, ഉത്തരവിട്ട് സുപ്രീം കോടതി