• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി, സംസ്ഥാന വ്യാപക പരിശോധനയ്ക്ക് നിര്‍ദ്ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നടപടി.

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടലിനുള്ള നിര്‍ദേശം.. ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തിര പരിശോധന നടത്തും. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചു.

'ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി വിജയ് ബാബുവിനെ അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്': ചർച്ചയിൽ രാഹുൽ ഈശ്വർ'ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി വിജയ് ബാബുവിനെ അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്': ചർച്ചയിൽ രാഹുൽ ഈശ്വർ

പാതയോരങ്ങളിലെ ഐസ് ക്രീം, ശീതള പാനീയങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും, വാഹനങ്ങളിലും തട്ടുകടകളിലും ആരോഗ്യവിഭാഗത്തെ ഉപയോഗിച്ച് പരിശോധന നടത്തും. ഭക്ഷണത്തിന് കാലപ്പഴക്കമുണ്ടോ എന്നും, ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോ എന്നും പരിശോധിക്കും. സ്ഥാപനത്തിന് ശുചിത്വം ഉണ്ടെന്നും ഉറപ്പാക്കും. പ്രശ്്നങ്ങള്‍ കണ്ടെത്തിയാല്‍ കച്ചവടസ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തിവെപ്പിക്കുകയും ലൈസന്‍സും ഉടന്‍ റദ്ദാക്കുകയും ചെയ്യും. അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ മാംസാഹാരം പെട്ടന്ന് കേടാകാന്‍ സാധ്യതയുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ മാംസാഹാരം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ കൃത്യമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കി.

ഗുണമേന്മയുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ തുടരുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. രുചികരമായ ഭക്ഷണം ഗുണമേന്മ ഉറപ്പാക്കി വിതരണം ചെയ്യണം. ചെറുവത്തൂരിലേത് പോലെ ഇനിയൊരു സംഭവം ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

English summary
Action against illegal food distribution establishments and directive for state-wide inspection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X