ചോറ്റാനിക്കര ലോക്കറ്റ് വില്‍പ്പന : രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
നോട്ട് നിരോധനത്തിനു പിന്നാലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ വന്‍ തോതില്‍ ലോക്കറ്റ് വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം.
കൊച്ചി : പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ വന്‍തോതില്‍ ലോക്കറ്റ് വില്‍പ്പന നടന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് കമ്മിഷ്ണര്‍, മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അസിസ്റ്റന്റ് കമ്മിഷ്ണര്‍ മനോജ്, മാനേജര്‍ ബിജു കുമാര്‍ എന്നിവരെ സ്ഥലംമാറ്റി. നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ടിന് പിന്നാലെ 9, 10 തീയതികളിലാണ് വന്‍ തോതില്‍ ലോക്കറ്റ് വില്‍പ്പന നടന്നത്. 30 ലക്ഷം രൂപയുടെ ലോക്കറ്റുകളാണ് ഈ ദിവസങ്ങളില്‍ വിറ്റു പോയിരിക്കുന്നത്.

കൊച്ചി ദേവസ്വം ബോര്‍ഡ് ആഭ്യന്തര വിജിലന്‍സ്, ആദായ നികുതി വകുപ്പ്, സംസ്ഥാന വിജിലന്‍സ് എന്നീ മൂന്ന് ഏജന്‍സികളാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ദേവസ്വം ബോര്‍ഡ് ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
ലോക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേടില്ലെന്നും വിറ്റ കാശ് കൃത്യമായി ബാങ്കില്‍ അടച്ചുവെന്നുമാണ് ദേവസ്വം ബോര്‍ഡ് ആഭ്യന്തര വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ദേവസ്വംബോര്‍ഡ് വ്യക്തമാക്കുന്നു.
അതേസമയം വന്‍തോതില്‍ ലോക്കറ്റ് വിറ്റത് കള്ളപ്പണം വെളുപ്പിക്കല്‍ നടപടി ആണാേ എന്നാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. സമാനമായ അന്വേഷണം തന്നെയാണ് സംസ്ഥാന വിജിലന്‍സും നടത്തുന്നത്.












Click it and Unblock the Notifications