'പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, 25000 രൂപ പോര': അവാർഡ് വിതരണ വേദിയില്‍ അലന്‍സിയർ
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ വിവാദ പരാമർശവുമായി നടന്‍ അലന്‍സിയർ. 'പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും' എന്നായിരുന്നു അലന്‍സിയുടെ പ്രതികരണം.
മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്കാരം നേടിയതിന് പിന്നാലെയായിരുന്നു നടന്റെ പ്രതികരണം. 'അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു..സാംസ്കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം.' അലന്‍സിയർ പറഞ്ഞു.

എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഗൌതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡോക്കെ എല്ലാവര്‍ക്കും കൊടുത്തോളു, സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണമെന്നും താരം പറഞ്ഞു. അപ്പന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അലന്‍സിയർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്.
അതേസമയം, അവാർഡ് ജേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച സിനിമയായ 'നൻപകൽ നേരത്തു മയക്ക'ത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിർമാതാവ് സന്തോഷ് ടി. കുരുവിള, മികച്ച സംവിധായകൻ മഹേഷ് നാരായണൻ, മികച്ച നടി വിൻസി അലോഷ്യസ്, മികച്ച നടനായ മമ്മൂട്ടിക്ക് വേണ്ടി ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടനുള്ള ജൂറി പുരസ്‌കാരം പങ്കിട്ട കുഞ്ചാക്കോ ബോബൻ, അലൻസിയർ ലോപസ്, 'ന്നാ താൻ കേസുകൊട്' ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, തുടങ്ങിയവർ മുഖ്യമന്ത്രിയിൽനിന്ന് അവാർഡുകൾ സ്വീകരിച്ചു.
അതേസമയം, സിനിമയെ കലാരൂപം എന്ന നിലയ്ക്ക് അല്ലാതെ വർഗീയവിദ്വേഷ പ്രചാരണായുധം എന്ന നിലയ്ക്ക് ഉപയോഗിക്കുന്ന രീതി വർധിച്ചുവരുന്നതായി പിണറായി വിജയൻ പറഞ്ഞു. നന്മയുടെയും സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടാണ് കേരളം എന്ന യഥാർഥ പ്രതിച്ഛായ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇവിടത്തെ ചലച്ചിത്രപ്രവർത്തകർ ശ്രദ്ധിച്ചാൽ അത് നാടിനു വേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യമാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications