ധോണിയോട് കാണിച്ചത് ക്രൂരത, മനുഷ്യത്വം വേണം; ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് ഗണേഷ് കുമാര്‍
ഇനിയും മെരുങ്ങാത്ത ധോണി കഴിഞ്ഞ ദിവസം കൂട് തകര്‍ക്കാനും ശ്രമിച്ചിരുന്നു

കൊല്ലം: പാലക്കാട് ധോണിയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ പി ടി സെവന്‍ എന്ന ധോണി ആനയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് നടനും എല്‍ ഡി എഫ് എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍. ധോണിക്ക് എല്ലാ ചികിത്സയും ലഭ്യമാക്കാന്‍ താന്‍ പ്രസിഡന്റായ ആന ഉടമ ഫെഡറേഷന്‍ തയ്യാറാണെന്ന് കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു.
ആനയെ മെരുക്കാന്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ എത്തിച്ചിട്ടുണ്ടെങ്കിലും പി ടി സെവന്‍ ഇപ്പോഴും ആക്രമണ സ്വഭാവം ഉപേക്ഷിച്ചിട്ടില്ല. നേരത്തെ മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാനയുടെ ശരീരത്തില്‍ 15 ഓളം പെല്ലറ്റുകള്‍ വനം വകുപ്പ് നടത്തിയ ശരീര പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ആണ് കെ ബി ഗണേഷ് കുമാര്‍ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.

മനുഷ്യത്വമില്ലാത്ത നടപടി
പെല്ലറ്റുകൊണ്ടോ നാടന്‍ ബോംബിലെ ചീളുകള്‍കൊണ്ടോ ആവാം പി ടി സെവന് പരിക്കേറ്റത് എന്നും കടുത്ത വേദന കാരണമായിരിക്കാം പി ടി സെവന്‍ ആക്രമണ സ്വഭാവം കാണിച്ചത് എന്നും ആണ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത്. പി ടി സെവന് നേരെ ഉണ്ടായിരിക്കുന്നത് മനുഷ്യത്വമില്ലാത്ത നടപടി ആണ് എന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. കാട്ടാന കാരണം കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായി എന്നത് ശരിയാണ്.

മൃഗങ്ങളുടെ മനസ് മനസ്സിലാക്കണം
എന്നാല്‍ മൃഗങ്ങളുടെ മനസ് മനസ്സിലാക്കി വേണം ഇതിനെ സമീപിക്കാന്‍ എന്നും ആരോ നാടന്‍ തോക്ക് ഉപയോഗിച്ച് കാട്ടാനയെ വെടിവെച്ചിരിക്കുകയാണ് എന്നും കെ ബി ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. നാടന്‍ തോക്കില്‍ നിന്നേറ്റ വെടിയുടേയും പെല്ലറ്റുകള്‍ ശരീരത്തില്‍ ഇരിക്കുന്നതിന്റെയും വേദന സഹിക്കാന്‍ കഴിയാതെയാണ് ആന ഉപദ്രവിച്ചത് എന്നും കെ ബി ഗണേഷ് കുമാര്‍ നിരീക്ഷിച്ചു.

എല്ലാ സഹായവും നല്‍കാന്‍ തയ്യാര്‍
സര്‍വലക്ഷണവും ഒത്ത ആനയായിരിക്കും പി ടി സെവന്‍ എന്നും ആന് വൈകാതെ തന്നെ ഇണങ്ങും എന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പി ടി സെവന് പതിനെട്ടോ ഇരുപതോ വയസുണ്ടാകും എന്നാണ് തന്റെ നിഗമനം എന്നും ഏറ്റവും വിദഗ്ധരായ ഡോക്ടറുടെ അടുത്തെത്തിച്ച് പി ടി സെവന് ആവശ്യമായ ചികിത്സ ലഭ്യമാക്കണം എന്നും കെ ബി ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ശരീരത്തില്‍ 15 പെല്ലറ്റുകള്‍
ഇതിനായി തനിക്ക് ചെയ്യാന്‍ സാധിക്കുന്ന എന്ത് സഹായവും ചെയ്യാം എന്നും ഡോക്ടര്‍മാരെ കൊണ്ടുവരാനും ഉപദേശം കൊടുക്കാനും തയ്യാറാണെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. നാട്ടിലിറങ്ങി അക്രമ സ്വഭാവം കാണിച്ച പി ടി സെവനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് ആര്‍ ആര്‍ ടി സംഘം മയക്കുവെടി വെച്ച് പിടികൂടിയത്. പി ടി സെവന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ പെല്ലറ്റുകള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയപ്പോള്‍ നാട്ടുകാര്‍ നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തപ്പോള്‍ വന്നതാകാം എന്നാണ് വനം വകുപ്പിന്റേയും നിഗമനം.

കൂട്ടിലും മെരുങ്ങാതെ ധോണി
അതേസമയം കൂട്ടിലെത്തിയിട്ടും പി ടി സെവന്റെ വന്യതക്ക് കുറവ് വന്നിട്ടില്ല. കഴിഞ്ഞ ദിവസം കൂടിന്റെ 2 തടിക്കഷണങ്ങള്‍ ആന് ചവിട്ടിപ്പൊട്ടിച്ചിരുന്നു. വൈകുന്നേരം മുതല്‍ അക്രമാസക്തനായ ആന ഏഴ് മണിയോടെ ആണ് കൂട് തകര്‍ത്തത്. തകര്‍ന്ന തടിക്കഷണങ്ങള്‍ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റി സ്ഥാപിക്കുകയായിരുന്നു.












Click it and Unblock the Notifications