നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും
ഇടുക്കി: ഇന്നലെ അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കൊവിഡ് പരിശോധന നടത്തിയതിന്റെ ഫലം ലഭിച്ച ശേഷം പോസ്‌റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കൊളേജില്‍ എത്തിക്കും. അതിന് ശേഷമാകും തോട്ടുമുക്കിലുള്ള വീട്ടിലെത്തിക്കുക.
ഷൂട്ടിങ്ങിനായി തൊടുപുഴയില്‍ ഉണ്ടായിരുന്ന അനില്‍ വെള്ളിയാഴ്‌ച്ച വൈകിട്ട് അഞ്ചിനാണ് മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത്. അനില്‍ മുങ്ങിത്താണപ്പോള്‍ ഒപ്പമുണ്ടായിരുന്ന പാല സ്വദേശികളായ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരം അറിയിക്കുകയും പ്രദേശവാസിയായ യുവാവ് അനിലിനെ കരക്കെത്തിക്കുകയും ചെയ്‌തു. ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജോജു ജോര്‍ജ് നായകനായ സിനിമ പീസിന്റെ ഷൂട്ടിങ്ങിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. കെ. സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു.
അടുത്തിടെ ഇറങ്ങിയ അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം എന്നീ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്‌തിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ്, പൊറിഞ്ചു മറിയം ജോസ്, കിസ്‌മത്ത് , പാവാട തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്.
നാടക ടെലിവിന്‍ രംഗങ്ങളില്‍ നിന്ന് സിനിമ രംഗത്തേക്ക് എത്തിയ നടനാണ് അനില്‍ നെടുമങ്ങാട് . 1997-98കളില്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഏതാനും വര്‍ഷങ്ങള്‍ നാടക രംഗത്ത് പ്രവര്‍ത്തിച്ചു. പിന്നീട് കോമഡി സ്‌കിറ്റുകളിലൂടെ ടെലിവിഷന്‍ രംഗത്തെത്തി. ചാനലുകളില്‍ അവതാരകനും പ്രൊഡ്യൂസറുമായി മാറിയ അദ്ദേഹം കൈരളി ടിവിയിലെ സ്റ്റാര്‍ വാര്‍സ് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്.
2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ തസ്‌്‌കരവീരനിലൂടെയാണ് ആണ് അനില്‍ നെടുമങ്ങാട് ആദ്യമായി ബിഗ്‌സ്‌ക്രീനില്‍ എത്തുന്നത്. ആദ്യഘട്ടങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌ത അദ്ദേഹത്തിന്റെ 2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലാണ് ആദ്യമായി പ്രാധാന്യമുള്ള ഒരു വേഷം ചെയ്‌തത്. 2016ല്‍ ഇറങ്ങിയ രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.