• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരുണാകരനെ ഞെട്ടിച്ച ധര്‍മജന്‍... സേവാദള്‍ ഭടൻ, കെഎസ്‌യു ജില്ലാ സെക്രട്ടറി, ജയിലിലും കിടന്നു, കോൺഗ്രസിലെ കമ്യൂണിസ്റ്റ്!!!

കൊച്ചി: ധര്‍മജന്‍ ബോള്‍ഗാട്ടി എന്ന കലാകാരനെ അറിയാത്തവര്‍ ഇപ്പോള്‍ കേരളത്തിലുണ്ടാവില്ല. രാഷ്ടീയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ... തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് ധര്‍മജന്‍.

'ആദ്യം വോട്ട് ചെയ്ത കെഎസ് യു സ്ഥാനാര്‍ത്ഥി തോറ്റു, അതിന് ശേഷം വോട്ട് ഒരൊറ്റ പാര്‍ട്ടിയ്ക്ക് മാത്രം'

താന്‍ കോണ്‍ഗ്രസ്സുകാരനാണെന്ന് ഉറപ്പിച്ച് പറയുന്ന ആളാണ് ധര്‍മജന്‍. സിനിമാക്കാരില്‍ കോണ്‍ഗ്രസ്സുകാര്‍ കുറവാണ്, ഉള്ളവര്‍ തന്നെ തുറന്ന് പറയാന്‍ തയ്യാറാകുകയും ഇല്ല. അന്നും ഇന്നും എന്നും കോണ്‍ഗ്രസ്സുകാരന്‍ ആണെന്ന് പറഞ്ഞ ധര്‍മ്മജന്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ തന്റെ രാഷ്ട്രീയ അനുഭവങ്ങള്‍ പങ്കുവച്ചു. എന്തൊക്കെയാണെന്ന് നോക്കാം...

അഞ്ചാം ക്ലാസ്സില്‍ തുടങ്ങി

അഞ്ചാം ക്ലാസ്സില്‍ തുടങ്ങി

മുന്‍ മന്ത്രി എഎല്‍ ജേക്കബിന്റെ തിരഞ്ഞെടുപ്പിന് വേണ്ടി അനൗണ്‍സ്‌മെന്റ് വാഹനത്തിനൊപ്പം പോയതാണ് ആദ്യ ഓര്‍മ്മ. അന്ന് അഞ്ചിലോ ആറിലോ മറ്റോ ആണ്. ആദ്യമായി അനൗണ്‍സ്‌മെന്റ് ചെയ്തത് അന്നാണ്. അദ്ദേത്തിന് വേണ്ടിയും മകന് വേണ്ടിയും ഇപ്പോള്‍ ചെറുമകന് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെഎസ് യു ലീഡര്‍

കെഎസ് യു ലീഡര്‍

സ്‌കൂളില്‍ പഠിക്കുമ്പോള്‍ കെഎസ് യു വിന്റെ ലീഡര്‍ ആയിരുന്നു. സൈമണ്‍ ബ്രിട്ടോയുടെ സഹോദരന്‍ ആയിരുന്നു അന്ന് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പില്‍ ജയിച്ചത് ധര്‍മജന്‍ തന്നെ. ക്രിസ്റ്റിയുടെ പിതാവ് അന്ന് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ എംഎല്‍എ ആയിരുന്നു.

അനൗണ്‍സ്‌മെന്റുകളുടെ കാലം

അനൗണ്‍സ്‌മെന്റുകളുടെ കാലം

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ മുതിര്‍ന്നവര്‍ക്കൊപ്പമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. അന്ന് മുതലേ അനൗണ്‍സ്‌മെന്റിനോടൊക്കെ വലിയ താത്പര്യമായിരുന്നു. പിന്നെ വലുതായപ്പോഴും, ഒരു കാലഘട്ടം വരെ നാട്ടിലെ അനൗണ്‍സ്‌മെന്റ് തന്‌റെ കൈയ്യിലായിരുന്നു എന്നും ധര്‍മജന്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

എകെ ആന്റണിയേയും കെ കരുണാകരനേയും പോലുള്ള വലിയ നേതാക്കള്‍ വരുമ്പോഴും അനൗണ്‍സ്‌മെന്റ് താന്‍ തന്നെ ആയിരുന്നു എന്നത് അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട് ധര്‍മജന്‍. എറണാകുളത്ത് ഒരുമാതിരി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയെല്ലാം അനൗണ്‍സ്‌മെന്റ് ചെയ്തിട്ടുണ്ട്.

കെ കരുണാകരനെ ഞെട്ടിച്ചു

കെ കരുണാകരനെ ഞെട്ടിച്ചു

നാട്ടില്‍ ഒരിക്കല്‍ കെ കരുണാകരന്‍ വന്നു. ഒരു സുഹൃത്തിന്റെ വീട്ടില്‍ പെട്ടെന്നൊരു മീറ്റിങ് വിളിച്ചു. അവിടെ വച്ച് കരുണാകരന്‍ ചോദിച്ച നാട്ടിലെ വോട്ടര്‍മാരുടെ കണക്ക് അടക്കമുള്ള കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി ഞെട്ടിച്ചു. അന്ന് കരുണാകരന്‍ 'മിടുക്കന്‍' എന്ന് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട് ധര്‍മജന്‍.

അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

അച്ചടക്കമുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസിന്റെ സേവാദള്‍ ഭടനായിരുന്നു. സേവാദള്‍ സംസ്ഥാന തലത്തില്‍ ബെസ്റ്റ് കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അന്ന് പുരസ്‌കാരം സമ്മാനിച്ചത് എകെ ആന്റണി ആയിരുന്നു എന്നും ധര്‍മജന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട്.

രാജീവ് ഗാന്ധിയെ തൊട്ടു

രാജീവ് ഗാന്ധിയെ തൊട്ടു

രാജീവ് ഗാന്ധിയെ തൊട്ടടുത്തു നിന്ന് കാണാനും അദ്ദേഹത്തിന്റെ തലയിലൊക്കെ ഒന്ന് തൊടാനും ഒക്കെ പറ്റിയത് സേവാദള്‍ ഭടന്‍ ആയതുകൊണ്ട് മാത്രമാണെന്നാണ് ധര്‍മജന്‍ പറയുന്നത്. രാജീവ് ഗാന്ധി അവസാനമായി കൊച്ചിയില്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ സേവാദള്‍ ഭടനായി താനും പോയിട്ടുണ്ട് എന്ന് ധര്‍മജന്‍ പറയുന്നു.

കെഎസ് യു ജില്ലാ സെക്രട്ടറി

കെഎസ് യു ജില്ലാ സെക്രട്ടറി

കോളേജില്‍ പഠിക്കുമ്പോള്‍ ആദ്യം കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു. പിന്നീട് ജില്ലാ സെക്രട്ടറിയായി. അന്ന് കോളേജിലെ സീനിയര്‍ ആയിരുന്നു മുന്‍ മേയര്‍ ടോണി ചമ്മണിയും ഫ്രാന്‍സിസ് വലിയ പറമ്പനും ഒക്കെ. സെന്റ് ആല്‍ബര്‍ട്‌സിലായിരുന്നു പഠനം. കെഎസ് യുവിന്റെ ആധിപത്യമുള്ള കോളേജായിരുന്നു ആല്‍ബര്‍ട്‌സ്.

ജയിലിലും കിടന്നു

ജയിലിലും കിടന്നു

നാട്ടില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിയും ആയിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടി. ഇതിനിടെ നാട്ടില്‍ കുടിവെള്ളപ്രശ്‌നത്തില്‍ സ്ത്രീകളുടേയും കുട്ടികളേയും ഒക്കെ അണി നിരത്തി വാട്ടര്‍ അതോറിറ്റിയ്‌ക്കെതിരെ സമരവും നടത്തി. അതിന്റെ പേരില്‍ ഏഴ് ദിവസത്തോളം ജയിലിലും കിടക്കേണ്ടി വന്നിട്ടുണ്ട് ധര്‍മജന്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍

കോണ്‍ഗ്രസില്‍ ഒരുമാതിരി എല്ലാ ഭാരവാഹിത്വും വഹിച്ച ധര്‍മജന് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ചില ഓഫറുകളും ഉണ്ടായിരുന്നു. ഭാര്യയ്ക്ക് പോലും ഓഫറുണ്ടായിരുന്നു എന്നാണ് ധര്‍മജന്‍ പറയുന്നു. മുമ്പ് മത്സരിക്കാനുള്ള സാധ്യത വന്നപ്പോള്‍ തിരക്കിലായിപ്പോവുകയും ചെയ്തു. ഇപ്പോള്‍ തന്നെക്കൊണ്ട് അതിന് സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് ധര്‍മജന്‍ പറയുന്നത്.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

രാഷ്ട്രീയം എന്നും വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൈബി ഈഡന്‍ മുതല്‍ ശശി തരൂര്‍ വരെയുള്ളവര്‍ത്ത് താന്‍ കോണ്‍ഗ്രസ്സുകാരനാണെന്ന് അറിയാം. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരില്‍ പലതവണ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അത് കാര്യമാക്കുന്നില്ല എന്നാണ് ധര്‍മജന്‍ പറയുന്നത്.

കരുണാകരന്‍ പാര്‍ട്ടി മാറിയപ്പോള്‍

കരുണാകരന്‍ പാര്‍ട്ടി മാറിയപ്പോള്‍

കെ കരുണാകരന്‍ പാര്‍ട്ടി മാറി ഡിഐസി രൂപീകരിച്ചപ്പോള്‍ വലിയ വിഷമമായി. ആ വര്‍ഷം തിരഞ്ഞെടുപ്പിന് ഇറങ്ങണ്ട എന്ന് തീരുമാനിച്ചു. കൂടെയുള്ള പലരും കരുണാകരന്റെ കൂടെ പോയി. പക്ഷേ, താന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ നിന്നു.

കോണ്‍ഗ്രസ്സിലെ കമ്യൂണിസ്റ്റ്

കോണ്‍ഗ്രസ്സിലെ കമ്യൂണിസ്റ്റ്

നിയമസഭയിലേക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞത് രസകരമായ കാര്യമാണ്. കുറേ കാലം താന്‍ കോണ്‍ഗ്രസിലെ കമ്യൂണിസ്റ്റായിരുന്നു എന്നാണ് ധര്‍മജന്‍ പറയുന്നത്. പറയാനുള്ളത് എല്ലാം വെട്ടിത്തുറന്ന് പറയും. അതുകൊണ്ട് തന്നെ പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് ധര്‍മജന്റെ പക്ഷം. അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ ഇക്കാരണം കൊണ്ട് എത്തപ്പെടാതിരുന്നിട്ടുണ്ട് എന്നും ധര്‍മജന്‍ തുറന്നുപറയുന്നുണ്ട്.

ഇപ്പഴത്തെ കോണ്‍ഗ്രസ് പോര

ഇപ്പഴത്തെ കോണ്‍ഗ്രസ് പോര

ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ സമരപരിപാടികള്‍ പോര. ഭരണത്തിനെതിരെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കോണ്‍ഗ്രസിനുണ്ട്. വേറൊരു പാര്‍ട്ടി ആയിരുന്നെങ്കില്‍ ഇപ്പോള്‍ കേരളം മറിച്ചുവച്ചേനെ. കേരളത്തിലെ കോണ്‍ഗ്രസിന്റെ സമരങ്ങള്‍ക്ക് ചൂടുപോര എന്നാണ് ധര്‍മജന്റെ പക്ഷം.

കെ മുരളീധരനെ ഇഷ്ടം

കെ മുരളീധരനെ ഇഷ്ടം

കെ കരുണാകരനാണ് ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രി. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പലരും ഇല്ല. അത്തരത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നേതാവ് കെ മുരളീധരനാണ്. പിന്നെ രമേശ് ചെന്നിത്തലയെ ഏറെ ഇഷ്ടമാണ്. ഉമ്മന്‍ ചാണ്ടിയേയും ഇഷ്ടമാണ് എന്ന് ധര്‍മജന്‍ പറയുന്നുണ്ട്.

ജോസ് വഞ്ചിച്ചു

ജോസ് വഞ്ചിച്ചു

ജോസ് കെ മാണിയുടേത് ഒരു നല്ല തീരുമാനമായിട്ട് തോന്നുന്നില്ല. കെഎം മാണിയോട് ചെയ്യുന്ന ഒരു വഞ്ചനയായിരിക്കും. മാണിസാറിനെ ഏറ്റവും അധികം കുരിശില്‍ തറച്ചവരുടെ കൂടെയാണ് ഇപ്പോള്‍ ജോസ് പോയിരിക്കുന്നത്. അത് മാണിസാറിന്റെ ആത്മാവിനെ വേദനിപ്പിക്കുന്നുണ്ടാവും എന്നാണ് കരുതുന്നത് എന്നും ധര്‍മജന്‍ പറയുന്നു.

ഇകെ നായനാരെ ഇഷ്ടം

ഇകെ നായനാരെ ഇഷ്ടം

കമ്യൂണിസ്റ്റ് നേതാക്കളില്‍ ഏറ്റവും ഇഷ്ടം ഇകെ നായനാരോടാണ്. അതുപോലെ തോമസ് ഐസക്കിനേയും എംഎ ബേബിയേയും ഏറെ ഇഷ്ടപ്പെടുന്നുണ്ട്. പി രാജീവിനേയും പികെ ശ്രീമതി ടീച്ചറേയും കെകെ ശൈലജ ടീച്ചറേയും ഒക്കെ ഏറെ ഇഷ്ടമാണെന്ന് ധര്‍മജന്‍ പറയുന്നുണ്ട്.

English summary
Actor Dharmajan Bolgatty says he is always a congress worker and likes K Karunakaran very much
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X