അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; ഇടവേള ബാബു അറസ്റ്റില്‍
കൊച്ചി: നടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ നടനും അമ്മ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്തു. കൊച്ചിയിലുള്ള കോസ്റ്റല്‍ പൊലീസ് ആസ്ഥാനത്ത് ഇടവേള ബാബു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കോടതി മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബാബുവിനെ വിട്ടയയ്ക്കും
പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ബാബുവിനെ വിട്ടയയ്ക്കുക. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ഇടവേള ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ചുരുങ്ങിയത് 10 വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കും.

ആലുവ സ്വദേശിയായ നടിയാണ് ഇടവേള ബാബു മോശമായി പെരുമാറി എന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. താരസംഘടയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തി മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന മറ്റൊരു പരാതിയും ഉണ്ട്. കോഴിക്കോടും എറണാകുളത്തും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും നിലവില്‍ എസ്‌ഐടിക്ക് കീഴിലാണ്.
'താരസംഘടനയില്‍ അംഗത്വം നേടാനായി വിളിച്ചപ്പോള്‍ അപേക്ഷ പൂരിപ്പിക്കാന്‍ ഫ്ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അപേക്ഷ ഫോം പൂരിപ്പിക്കുന്നതിനിടെ ഇടവേള ബാബു കഴുത്തില്‍ ചുംബിച്ചു,' എന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് ആണ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികച്ചുവയോടെ സംസാരിച്ചതിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി കോഴിക്കോട് നടക്കാവ് പൊലീസില്‍ ആണ് പരാതിപ്പെട്ടത്.
അതിനിടെ ഇടവേള ബാബുവിന്റെ ഫ്ളാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. പരാതിക്കാരിയെ ഫ്ളാറ്റിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ചില രേഖകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇന്നലെ നടനും എംഎല്‍എയുമായ മുകേഷിനെയും എസ് ഐ ടി അറസ്റ്റ് ചെയ്തിരുന്നു. സിനിമയില്‍ അവസരവും സിനിമ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ നേരത്തെ ജാമ്യം ലഭിച്ചതിനാല്‍ വൈദ്യ പരിശോധനയ്ക്കും മറ്റ് നടപടികള്‍ക്കും ശേഷം എംഎല്‍എയെ വിട്ടയയ്ക്കുകയായിരുന്നു. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications