അത് പണ്ടേ സിനിമയിലുണ്ട്, ഒളിഞ്ഞുനോട്ടം കൂടിയതിനാല്‍ ഇപ്പോള്‍ കണ്ടുപിടിക്കുന്നു; ഇന്ദ്രന്‍സ് പറയുന്നത്...
കൊച്ചി: സമീപകാലത്ത് വലിയ ചര്‍ച്ചയാണ് സിനിമാ മേഖലയിലെ ലഹരി ഉപയോഗം. ലഹരി ഉപയോഗിക്കുന്ന താരങ്ങളും അണിയറ പ്രവര്‍ത്തകരുമുണ്ട് എന്ന വെളിപ്പെടുത്തലാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ലഹരി ഉപയോഗിച്ച് ഒരു നടന്റെ പല്ല് കേടായി എന്ന് ടിനി ടോം പറഞ്ഞത് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. ടിനി ടോം ഏത് നടനെ കുറിച്ചാണ് പറയുന്നതെന്ന് വെളിപ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് നടന്‍ ഇന്ദ്രന്‍സിന്റെ പ്രതികരണം ചര്‍ച്ചയാകുന്നത്. സിനിമയില്‍ പണ്ടുമുതലേ ലഹരി ഉപയോഗം ഉണ്ട് എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍. ഇത്തരം താരങ്ങളെയും മറ്റും ഒഴിവാക്കണമെങ്കില്‍ സംവിധായകരും നിര്‍മാതാക്കളുമാണ് തീരുമാനിക്കേണ്ടത് എന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.

സിനിമാ മേഖലയില്‍ ലഹരി ഉപയോഗം പണ്ടുമുതലേ ഉള്ളതാണ്. ഇപ്പോള്‍ ഒളിഞ്ഞുനോട്ടം കൂടുതലായതിനാല്‍ എല്ലാവരും കണ്ടുപിടിക്കുന്നു എന്നേയുള്ളൂ. സിനിമയെ സംബന്ധിച്ച് സംവിധായകനാണ് ക്യാപ്റ്റന്‍. സംവിധായകനും നിര്‍മാതാവും ചേര്‍ന്നാണ് ഏത് കഥ വേണം, ആരൊക്കെ അഭിനയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത്. അവരാണ് പണം മുടക്കുന്നത്. അവര്‍ക്ക് വേണമെങ്കില്‍ ലഹരി ഉപയോഗിക്കുന്നവരെ ഒഴിവാക്കാമല്ലോ എന്നും ഇന്ദ്രന്‍സ് പറഞ്ഞു.
ഇവിടെ ആരും ആരേയും നിര്‍ബന്ധിക്കുന്നില്ല. അവനവന്റെ തിരഞ്ഞെടുപ്പ് അല്ലെങ്കില്‍ തിരിച്ചറിവ്... അതിലുണ്ടാകുന്ന പിഴവാണ്. അതൊന്നും നമ്മള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു. എല്ലാ സിനിമകളും തിയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല എന്ന വിമര്‍ശനവും ഇന്ദ്രന്‍സിന്റെ ഭാഗത്തു നിന്നുണ്ടായി. അത്തരം രീതികള്‍ മാറ്റണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
ചെറിയ സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. മസില്‍ കുറവുള്ള സിനിമകള്‍ അവഗണിക്കപ്പെടുകയാണ്. തിയേറ്ററുകള്‍ അടയ്ക്കുന്നതിനോട് യോജിക്കുന്നില്ല. മാറ്റങ്ങള്‍ സംഭവിക്കുകയാണ്. അതിനെ അതിജീവിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോെട തീയേറ്റര്‍ മേഖല പ്രതിസന്ധിയിലായി എന്ന അഭിപ്രായം പലകോണില്‍ നിന്നും ഉയര്‍ന്നിരുന്നു.
സിനിമാ താരങ്ങളും മറ്റും ലഹരി ഉപയോഗിക്കുന്നു എന്ന വെളിപ്പെടുത്തല്‍ അടുത്ത കാലത്ത് പല പ്രമുഖരും നടത്തിയിരുന്നു. ടിനി ടോമിന്റെ പ്രതികരണമാണ് ഏറെ ചര്‍ച്ചയായത്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം ഏതെങ്കിലും താരങ്ങളുടെ പേരെടുത്ത് പറഞ്ഞിരുന്നില്ല. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഷാഡോ പോലീസിന്റെ പരിശോധന ഉണ്ടാകുമെന്ന് കൊച്ചി പോലീസ് അറിയിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും സിനിമാ മേഖലയില്‍ നിന്ന് അഭിപ്രായങ്ങളുണ്ടായി.












Click it and Unblock the Notifications