'അവസാന ദിവസങ്ങളിൽ ഒപ്പം നിന്നതിൻ്റെ ഓർമ്മകൾ മനസ്സിലേക്ക് എത്തുകയാണ്'; കുറിപ്പുമായി പി രാജീവ്
മലയാളികൾക്ക് ഒരിക്കലും മറന്നുകളയാൻ പറ്റാത്ത മുഖമാണ് ഇന്നസെന്റിന്റേത്. എത്രയോ വേഷങ്ങൾ പകർന്നാടിയ വിസ്മയമാണ് അദ്ദേഹം. സ്ക്രീനിൽ ഇന്നസെന്റ് വന്നുപോകുമ്പോഴെല്ലാം പ്രേക്ഷകരുടെ ചുണ്ടിൽ ചിരി വിരിയും, പൊട്ടിച്ചിരി പടരും. ചിരിപ്പിക്കാൻ മാത്രമല്ല ഇടയ്ക്കൊക്കെ പ്രേക്ഷകരുടെ കണ്ണുൾ നിറയ്ക്കാനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് സാധിച്ചു.
നടൻ എന്നതിനപ്പുറത്തേക്ക് രാഷ്ട്രീയക്കാരന്റെ കുപ്പായം കൂടി അദ്ദേഹം അണിഞ്ഞപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തിയില്ല. മികച്ച പ്രവർത്തനം തന്നെ കാഴ്ച വെച്ചു. ചിരിപ്പിച്ച് ചിന്തിപ്പിച്ചും ഇരിക്കെ പെട്ടെന്നായിരുന്നു ഇന്നസെന്റിന്റെ മരണം. ഇന്ന് അദ്ദേഹം വേർപിരിഞ്ഞിട്ട് ഒരു വർഷം ആകുന്നു അദ്ദേഹത്തിന്റെ ഓർമ്മദിവത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി രാജീവ്.

ഒരു വർഷം മുൻപ് ലേക്‌ഷോർ ആശുപത്രിയിലെ അദ്ദേഹത്തിൻ്റെ അവസാന ദിവസങ്ങളിൽ ഒപ്പം നിന്നതിൻ്റെ ഓർമ്മകൾ മനസിലേക്ക് എത്തുകയാണെന്നും പാർലമെൻ്റംഗമായി ഇന്നസെൻ്റ് ഡൽഹിയിലേക്ക് എത്തുന്ന സന്ദർഭം ഇന്നലെയെന്ന പോലെ ഓർമ്മയിലുണ്ടെന്നും പുതിയ അംഗമായിട്ടും പലർക്കും അദ്ദേഹം ചിരപരിചിതനെപ്പോലെയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നിൽക്കുമ്പോൾ തന്നെയാണ് ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചത്. എം.പി. ഫണ്ട് ഭാവനാപൂർണമായി വിനിയോഗിച്ച് മണ്ഡലത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും മാമോഗ്രാം യൂണിറ്റും രണ്ട് വലിയ ഡയാലിസിസ് സെൻ്ററുകളും ഒട്ടേറെ ആശുപത്രികൾക്ക് പുതിയ കെട്ടിട, ഉപകരണ സൗകര്യങ്ങളും അദ്ദേഹം ലഭ്യമാക്കി. ടൂറിസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെല്ലാം ദീർഘവീക്ഷണത്തോടെ പദ്ധതികൾ തയ്യാറാക്കി, അദ്ദേഹം കുറിച്ചു.
പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ്:
പ്രിയപ്പെട്ട ഇന്നസെൻ്റിൻ്റെ ഒന്നാം ചരമ വാർഷികമാണിന്ന്. ഒരു വർഷം മുൻപ് ലേക്‌ഷോർ ആശുപത്രിയിലെ അദ്ദേഹത്തിൻ്റെ അവസാന ദിവസങ്ങളിൽ ഒപ്പം നിന്നതിൻ്റെ ഓർമ്മകൾ മനസിലേക്ക് എത്തുകയാണ്.
പാർലമെൻ്റംഗമായി ഇന്നസെൻ്റ് ഡൽഹിയിലേക്ക് എത്തുന്ന സന്ദർഭം ഇന്നലെയെന്ന പോലെ ഓർമ്മയിലുണ്ട്. പുതിയ അംഗമായിട്ടും പലർക്കും അദ്ദേഹം ചിരപരിചിതനെപ്പോലെയായിരുന്നു. ചലച്ചിത്ര താരമെന്ന നിലയിലും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് വിജയം നേടിയ ആൾ എന്ന നിലയിലും പാർലമെൻ്റിലെ മുതിർന്ന അംഗങ്ങൾക്കും അദ്ദേഹം പരിചിതനായിരുന്നു.
സഭാനടപടികളെക്കുറിച്ച് ചോദിച്ചറിയാനും ഡൽഹിയിലെ ഇടപെടലുകൾ സംബന്ധിച്ച് തുടർച്ചയായ അന്വേഷണങ്ങൾ നടത്താനും ഏറെ താൽപര്യത്തോടെ അദ്ദേഹം ശ്രമിച്ചു.
മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നിൽക്കുമ്പോൾ തന്നെയാണ് ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചത്. എം.പി. ഫണ്ട് ഭാവനാപൂർണമായി വിനിയോഗിച്ച് മണ്ഡലത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും മാമോഗ്രാം യൂണിറ്റും രണ്ട് വലിയ ഡയാലിസിസ് സെൻ്ററുകളും ഒട്ടേറെ ആശുപത്രികൾക്ക് പുതിയ കെട്ടിട, ഉപകരണ സൗകര്യങ്ങളും അദ്ദേഹം ലഭ്യമാക്കി.
ടൂറിസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെല്ലാം ദീർഘവീക്ഷണത്തോടെ പദ്ധതികൾ തയ്യാറാക്കി. അനുഭവങ്ങൾ രൂപപ്പെടുത്തിയ വലിയ കലാകാരൻ്റേയും വലിയ മനുഷ്യൻ്റേയും ഓർമ്മകൾ മരിക്കുന്നില്ല.












Click it and Unblock the Notifications