
ജയസൂര്യ അടുത്ത പടത്തിന് 'മുഹമ്മദ്'എന്ന് പേരിടാൻ തയ്യാറാകുമോ? കാസയ്ക്ക് വായടപ്പിച്ച മറുപടിയുമായി നടൻ
കൊച്ചി: ജയസൂര്യയെ നായകനാക്കി നാദിർഷ ചെയ്ത 'ഈശോ' എന്ന ചിത്രത്തിനെതിരെ വീണ്ടും കാസ. സിനിമയുടെ കഥയോ കഥാപാത്രമോ അല്ല തങ്ങളുടെ പ്രശ്നമെന്നും മറിച്ച് സിനിമയ്ക്ക് ഈശോയെന്ന് പേരിട്ടതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും കാസ അധ്യക്ഷൻ കെവിൻ പീറ്റർ പറഞ്ഞു. ജയസൂര്യയുടെ അടുത്ത ചിത്രത്തിന്റെ പേര് മുഹമ്മദ് എന്ന് ഇടാൻ ധൈര്യമുണ്ടോയെന്നും കെവിൻ ചോദിച്ചു. അതേസമയം കെവിന് ചുട്ടമറുപടിയുമായി നടൻ ജയസൂര്യയും രംഗത്തെത്തി. റിപ്പോർട്ടർ ചാനൽ ചർച്ചയിലായിരുന്നു ഇരുവരുടേയും പ്രതികരണം. വായിക്കാം

'കാസ നാദിർഷയുടെ പ്രവൃത്തിയെ അപലപിക്കുന്നു. സിനിമയിലെ ഈശോയെന്ന കഥാപാത്രം ആരാണെങ്കിലും മത തീവ്രവാദത്തിനെതിരെ പോരാടുന്ന വ്യക്തി ആണെങ്കിൽ പോലും കഥാപാത്രത്തിന്റെ വ്യക്തിത്വമോ കഥയോ എന്നതല്ല ഇവിടെ വിഷയം. ലോകമെമ്പാടും ഉള്ള ക്രൈസ്തവർ ആരാധിക്കുന്ന ഈശോയെന്ന നാമം ഒഴികെ എന്തും സിനിമയുടെ പേരായി നാദിർഷയ്ക്ക് നൽകാമായിരുന്നു. ഈ പേര് തന്നെ കൊടുക്കണം എന്ന് എന്താണിത്ര നിർബന്ധം'
'മമ്മൂട്ടി അതിനെതിരേയും പറഞ്ഞിരുന്നെങ്കില്‍': ദിലീപ് വിഷയത്തില്‍ ആരും മിണ്ടിയില്ല: ബൈജു കൊട്ടാരക്കര

'മറ്റ് വിശുദ്ധമാരുടെ പേര് നൽകാമായിരുന്നു. മുഹമ്മദ് എന്ന പേര് നൽകിയാൽ എന്താ ശരിയാവില്ലേ? നോട്ട് ഫ്രം ദി ബൈബിൾ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്? ഇവിടെ പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ പേര് പൊൻമുട്ടയിടുന്ന തട്ടാൻ എന്നായിരുന്നു. ആലപ്പുഴ വിശ്വകർമ്മ സൊസൈറ്റിയുടെ ഒരു പ്രസിഡന്റ് ഹൈക്കോടതിയിൽ കേസ് കൊടുത്തപ്പോൾ ആണ് പേര് മാറ്റിയത്. വിനയന്റെ ചിത്രത്തിന്റെ ആദ്യ പേര് രാക്ഷസരാമൻ ആയിരുന്നു. പിന്നീട് അത് വിനയൻ തന്നെ രാക്ഷസരാജാവാക്കി'.

'കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേര് ഇട്ടതിന്റെ പേരിൽ ഒരു മനുഷ്യന്റെ കൈവെട്ടിയെടുക്കാം.പക്ഷേ ഈശോ എന്ന പേര് കൊടുക്കുന്നത് മാത്രം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കുഴപ്പം.ഇതിനെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല',കെവിൻ പീറ്റർ പറഞ്ഞു. അതേസമയം കാസയ്ക്ക് മറുപടിയുമായി ജയസൂര്യ രംഗത്തെത്തി'.

'ഈശ്വരൻ എല്ലാവർക്കും ഓരോന്നാണ്. വിശന്ന് ഭ്രാന്തായി നിൽക്കുന്നവർക്ക് ഭക്ഷണം നൽകുന്നവർ ദൈവമാണ്. നമ്മൾ ഒരു ആശുപത്രിയിൽ ചെല്ലുമ്പോൾ അവിടെ ചികിത്സിക്കുന്ന ഡോക്ടർ ക്രിസ്ത്യാനി ആണോ ഹിന്ദു ആണോ എന്ന് നോക്കിട്ടല്ല നമ്മൾ അവിടെ കിടന്ന് കൊടുക്കുന്നത്, അവൻ അപ്പോൾ നമ്മുടെ ദൈവമാണ്. അതിലേക്കല്ലേ നമ്മൾ വളരേണ്ടത്. നിങ്ങൾ ഒരു പേരിൽ കുടുങ്ങി കിടക്കരുത് എന്ന് മാത്രമാണ് പറയാനുള്ളത്', ജയസൂര്യ പറഞ്ഞു.

ഇതോടെ 'താങ്കളുടെ അടുത്ത പടത്തിന്റെ പേര് മുഹമ്മദ് എന്നിടാൻ കഴിയുമോ?' എന്നായി കെവിൻ. ഇതിന് ജയസൂര്യ നൽകിയ മറുപടി ഇങ്ങനെ- 'എന്റെ കഴിഞ്ഞ പടത്തിന്റെ പേര് സണ്ണി എന്നാണ്. നാദിർഷ സംവിധാനം ചെയ്ത തന്റെ കഴിഞ്ഞ പടമായ അമർ അക്ബർ ആന്റണയിൽ എന്റെ കഥാപാത്രത്തിന്റെ പേര് അക്ബർ എന്നാണ്. എന്റെ അടുത്ത പടമായ കടമറ്റത്ത് കത്തനാരിൽ കത്തനാരായാണ് ഞാൻ അഭിനയിക്കുന്നത്'

'ഒരുപാട് ക്രിസ്ത്യൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ഞാൻ, ഒരുപാട് ക്രിസ്ത്യൻ സുഹൃത്തുക്കളുള്ള വ്യക്തിയാണ് ഞാൻ. ക്രിസ്ത്യൻ സ്കൂളിൽ പഠിച്ച് വളർന്നയാളാണ്. ഒരുപാട് പുരോഹിതന്മാർ എന്റെ സുഹൃത്തുക്കളായുണ്ട്. ഇതൊന്നും അറിയാതെ സംസാരിക്കരുത്' എന്ന് ജയസൂര്യ മറുപടിയും നൽകി.

അതേസമം ആബേൽ അച്ചൻ മതവും ജാതിയും നോക്കാതെയാണ് നിങ്ങളെ വളർത്തി ഇതുവരെ ആക്കിയതെന്നും ആ നന്ദിയെങ്കിലും കാണിക്കേണ്ടതായിരുന്നുവെന്ന് കെവിൻ പീറ്റർ പറഞ്ഞു. സിനിമയുടെ കഥയല്ല അല്ല ഞങ്ങളുടെ പ്രശ്നം അതിന് നൽകിയ പേരാണ് എന്നും കെവിൻ ആവർത്തിച്ചു. കിത്താബ് എന്ന നാടകത്തിന് അനുമതി നൽകാത്ത നാടാണിത്. കലാകാരന് പൊതുസമൂഹത്തോട് ബാധ്യത ഉണ്ട്. അയ്യപ്പൻ കോശി എന്ന് പേരിട്ടതിൽ ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല. അയ്യപ്പൻ എന്ന പേര് മാലയിടുന്നവരെയൊക്കെ വിളിക്കുന്നതാണെന്നായിരുന്നു കെവിൻ പറഞ്ഞത്. ഇതോടെ ഇനി വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ജയസൂര്യ പ്രതികരിച്ചു.
ഗോപി സുന്ദറിനെ വിളിക്കുന്നത് ചേട്ടച്ഛൻ എന്ന്'; പുരുഷ ശബ്ദവും മിത്രബാധയും..അഭിരാമി പറയുന്നു