നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്ത് ജയിലിലിടുമെന്ന് ഭയം; ജയസൂര്യ ഉടന്‍ കേരളത്തിലേക്കെത്തില്ലെന്ന് റിപ്പോര്‍ട്ട്
കൊച്ചി: നടി നല്‍കിയ പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടന്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്ക് എത്തിയേക്കില്ല എന്ന് റിപ്പോര്‍ട്ട്. ജയസൂര്യയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് 24 ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കും എന്ന ഭയം താരത്തിനുണ്ട് എന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. നിലവില്‍ ന്യൂയോര്‍ക്കില്‍ ആണ് ജയസൂര്യ ഉള്ളത്.
ജയസൂര്യ ഉടന്‍ നാട്ടിലേക്ക് മടങ്ങില്ല എന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമം നടത്തുന്നുണ്ട്. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ ജയസൂര്യയെ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്നുമുള്ള പേടി ജയസൂര്യക്ക് ഉള്ളതിനാലാണ് വിദേശത്ത് തുടരുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ന്യൂയോര്‍ക്കില്‍ നിന്ന് ദുബായിയില്‍ എത്തിയാലും അവിടെ നിന്ന് നാട്ടിലേക്ക് വരുന്നില്ല എന്നാണ് ജയസൂര്യ അറിയിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പരാതിയില്‍ ഹൈക്കോടതി എന്ത് തീരുമാനം എടുക്കുന്നു എന്നത് അനുസരിച്ചായിരിക്കും ജയസൂര്യ നാട്ടിലെത്തുക. ഇന്നലെയാണ് ജയസൂര്യയ്ക്ക് എതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
2008 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒരു ഭാഗം സെക്രട്ടേറിയറ്റില്‍ വെച്ച് ചിത്രീകരിച്ചിരുന്നു. ഇതിനിടെ ജയസൂര്യ മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്.
പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ജയസൂര്യക്കെതിരെ സെക്ഷന്‍ 354, 354 എ, 509 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരുടേയും മൊഴി കന്റോണ്‍മെന്റ് പൊലീസ് രേഖപ്പെടുത്തും എന്നാണ് വിവരം. ജയസൂര്യക്ക് പുറമെ മുകേഷ്, ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കെതിരെയും നടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരെ കൂടാതെ അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരില്‍ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചിരുന്നു.












Click it and Unblock the Notifications