രഞ്ജിനി എന്തിനാണ് ആ വാദം ഉന്നയിച്ചത്? അവർ പറഞ്ഞ കാര്യം അവർക്ക് അറിയില്ലേ? വിമർശനവുമായി താരങ്ങള്‍
തിരുവനന്തപുരം: ഏറെ നാളുകളുടെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാന്‍ പോകുകയാണ്. നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്ത് വരുന്നതിന് സാഹചര്യം ഒരുങ്ങിയത്. ഹർജിക്കാരിക്ക് ആവശ്യമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ മൊഴി പുറത്ത് വരരുത് എന്നായിരുന്നു രഞ്ജിനിക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാൽ ഇവരുടെ മൊഴി മാത്രമാണോ അതോ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്നും കോടതി ചോദിച്ചു. അതേസമയം രഞ്ജിനി എന്താണ് ഈ ഹരജയിലൂടെ ഉദ്ധേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നാണ് നടി മാല പാർവതി വ്യക്തമാക്കിയത്.

സാധാരണ ഗതിയില്‍ റീസണിബിളായി സംസാരിക്കുന്ന വ്യക്തിയാണ് രഞ്ജിനി മാഡം. എന്നാല്‍ ഇപ്പോള്‍ അവർ എന്താണ് ഉദ്ധേശിക്കുന്നതെന്ന് അറിയില്ല. എന്തായാലും സമൂഹം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു കാര്യത്തെ നെഗറ്റീവായി ബാധിക്കുന്ന വിഷയമാണ്. കോടതി ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുക്കണം. അല്ലെങ്കില്‍ വീണ്ടും വീണ്ടും ആളുകള്‍ കോടതിയിലേക്ക് വരികയും നമ്മള്‍ ദീർഘനാള്‍ കാത്തിരിക്കുകയും വേണ്ടി വരുമെന്നും മാല പാർവതി പറയുന്നു.
സിനിമ മേഖലയില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ ഒരു ശ്വാശ്വതമായ പരിഹാരമാണ് നമ്മള്‍ തേടുന്നത്. അത് നമുക്ക് വേണ്ടിയല്ല, നമ്മുടെ ഭാവി തലമുറക്ക് വേണ്ടിയാണ്. അത് നടക്കേണ്ടത് തന്നെയാണ്. ഇതൊക്കെ സ്ത്രീകളുടെ വട്ട്, എന്തിനാണ് ഇതൊക്കെ എന്ന് വിശ്വസിക്കുന്നവർ ഉണ്ടെന്ന് തോന്നുന്നുവെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.
അതേസമയം, രഞ്ജിനി എന്തിനാണ് ഇത്തരമൊരു തടസ്സം ഉണ്ടാക്കിയതെന്ന് അറിയില്ലെന്നായിരുന്നു നടന്‍ മഹേഷും പ്രതികരിച്ചത്. അവർ പറഞ്ഞ കാര്യം അവർക്ക് അറിയില്ലേ? ആരേയും ബുദ്ധിമുട്ടിക്കുന്ന വ്യക്തിപരമായ വിവരങ്ങളൊന്നും റിപ്പോർട്ടില്‍ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ സർക്കാറും കോടതിയും വ്യക്തമാക്കിയതാണ്. പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് കമ്മിറ്റി മുന്നോട്ട് വെക്കുന്നതെന്നും മഹേഷ് പറയുന്നു.
വേതനത്തിന്റെ കാര്യത്തിലെ തുല്യത പോലുള്ള കാര്യങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊരു വ്യവസായം ആണല്ലോ. വാല്യൂ അനുസരിച്ചുള്ള റേറ്റ് കൊടുത്തുകൊണ്ട് ആളുകളെ തങ്ങളുടെ സിനിമയിലേക്ക് എടുക്കുകയെന്നത് ഒരു നിർമ്മാതാവിന്റെ അവകാശമാണ്. പുരുഷാധിപത്യം ഉള്ള ഒരു മേഖലയാണ് മലയാള സിനിമ. തീർച്ചയായും ആദ്യം വേണ്ടത് തൊഴില്‍ രംഗത്തെ സുരക്ഷയാണെന്നും മഹേഷ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications