'മമ്മൂക്ക തന്നത് 50,000 മാത്രം, വീട് ജപ്തിയിൽ, 6 ലക്ഷം അടച്ചില്ലെങ്കിൽ വഴിയാധാരമാകും';മോളി കണ്ണമാലി
അടുത്തിടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ നടി ചികിത്സയിലായിരുന്നു.

കൊച്ചി: ആറ് ലക്ഷം അടച്ചില്ലെങ്കിൽ തന്റെ വീട് ജപ്തിയായി പോകുമെന്ന് നടി മോളി കണ്ണമാലി. ഈ മാസം 20 ന് മുൻപ് പണം അടച്ചില്ലെങ്കിൽ വീട് കൈവിട്ട് പോകുമെന്നും സഹായം ലഭിച്ചില്ലെങ്കിലും താനും മക്കളും വഴിയാധാരമായി പോകുമെന്നും മോളി കണ്ണമാലി പറഞ്ഞു. വൺ ഇന്ത്യ മലയാളത്തോടായിരുന്നു മോളിയുടെ പ്രതികരണം.
അടുത്തിടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ നടി ചികിത്സയിലായിരുന്നു. ആശുപത്രി ചെലവ് കണ്ടെത്താൻ നിരവധി പേർ സഹായിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് ആവശ്യത്തിന് പണം ലഭിച്ചെന്ന് ചിലർ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്നും അതിനാൽ വീടിന്റെ കാര്യത്തിൽ ആരം സഹായിക്കാൻ തയ്യാറാകുന്നില്ലെന്നും മോളി പറഞ്ഞു. മോളിയുടെ വാക്കുകളിലേക്ക്
'ആദ്യ അറ്റാക്ക് വന്നപ്പോൾ ഞാൻ പട്ടയം പണം വെച്ചിരുന്നു. എന്നാൽ അതിനിപ്പോൾ ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. ജീവൻ തിരിച്ച് കിട്ടിയെങ്കിലും ഭവനം നഷ്ടപ്പെടുന്ന അവസ്ഥയാണ്. കെവി തോമസ് സാറാണ് ഈ വീട് തനിക്ക് വെച്ച് തന്നത്.നാല് സെന്റ് ഭൂമിയിലാണ് വീട്. കൊറോണ വന്നപ്പോൾ തനിക്ക് പണം തിരിച്ചടക്കാൻ സാധിച്ചില്ല. വരുന്ന 20 ന് ഞാനും എന്റെ അഞ്ച് പേരക്കുട്ടികളും രണ്ട് ആൺമക്കളും ഭാര്യമാരും ഇറങ്ങികൊടുക്കണം. എന്റെ അവസ്ഥ അതാണ്.
നല്ലവരായ പ്രേക്ഷകർ എന്നെ സഹായിക്കണം. ആറ് ലക്ഷം രൂപയാണ് കൊടുക്കേണ്ടത്. അത് കൊടുത്താല എനിക്ക് എന്റെ വീട് നിലനിർത്താൻ കഴിയൂ. മരിക്കുന്നത് വരെ ഇതിനകത്ത് കിടക്കണമെന്ന ആഗ്രഹം ഉണ്ട്. കൊവിഡ് വന്നപ്പോൾ എനിക്ക് ജോലിക്ക് പോകാൻ പറ്റിയില്ല. മക്കൾക്കും പണിക്ക് പോകാൻ സാധിച്ചില്ല. 20 ന് ഉള്ളിൽ എന്ത് ചെയ്യണമെന്ന് അറിയില്ല. ഫിറോസ് കുന്നപ്പറമ്പിൽ വിളിച്ചപ്പോൾ സഹായിക്കാമെന്ന് പറഞ്ഞു. അൽപം മുൻപ് വിളിച്ചപ്പോൾ പറഞ്ഞത് ബാല ചെക്ക് തന്നതായി അറിഞ്ഞല്ലോ, എന്താണെന്ന് ചോദിച്ചു. ബാല പതിനായിരം രൂപയുടെ ചെക്കാണ് തന്നത്', മോളി കണ്ണമാലി പറഞ്ഞു.
അതേസമയം അമ്മയ്ക്ക് വയ്യാതായപ്പോൾ നിരവധി പേർ ചികിത്സാ ആവശ്യത്തിന് സഹായിച്ചിരുന്നുവെന്നും സിനിമാക്കാർ പിന്തുണച്ചില്ലെങ്കിലും അപ്രതീക്ഷിതമായി പലരുടേയും സഹായം ലഭിച്ചിരുന്നുവെന്നും മോളിയുടെ മകൻ പറഞ്ഞു. സിനിമാ മേഖലയിൽ നിന്ന് ആരും സഹായിച്ചില്ലെന്നല്ല, പ്രേംകുമാർ സാർ സഹായിച്ചിരുന്നു, രണ്ട് നടൻമാരും സഹായിച്ചിരുന്നു. അമ്മയിൽ അംഗമല്ലാത്തതിനാലാണ് സഹായിക്കാനാകാത്തത് എന്നാണ് താരസംഘടന പറഞ്ഞത്. ഒന്നരലക്ഷം രൂപ കൊടുത്ത് അംഗത്വം ചേരാൻ തനിക്ക് ആകില്ലല്ലോ.
വീട് പണിതിട്ട് 2008 ലാണ്. ഞങ്ങൾക്ക് പണം കിട്ടിയെന്ന പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നത് കൊണ്ടാണ് ഇപ്പോൾ ആരും സഹായിക്കാൻ വരാത്തത്. ആദ്യം ആശുപത്രിയിൽ കിടന്നപ്പോൾ മമ്മൂക്ക സഹായിച്ചത് 50,000 രൂപയാണ്. അല്ലാതെ മറ്റ് പണമൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും മോളി വ്യക്തമാക്കി.












Click it and Unblock the Notifications