Poojappura Ravi Death | നടന്‍ പൂജപ്പുര രവി അന്തരിച്ചു: വിട പറഞ്ഞത് 800 ലേറെ സിനിമകളില്‍ അഭിനയിച്ച പ്രതിഭ
കൊച്ചി: പ്രമുഖ മലയാള ചലിച്ചിത്ര നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടില്‍ വെച്ചാണ് അന്ത്യം. ഇന്നു രാവിലെ 11.30നു ശ്വാസംമുട്ടലിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോകും.
800 ലേറെ സിനിമകളില്‍ അഭിനയിച്ച താരം നേരത്തെ പൂജപ്പുരയില്‍ മകനോടൊപ്പമായിരുന്നു താമസം. മകന്‍ വിദേശത്തേക്ക് പോയതോടെ കഴിഞ്ഞ വർഷം ഡിസംബറിലാണ് മറയൂരുള്ള മകളുടെ വീട്ടിലേക്ക് താമസം മാറുന്നത്. വേലുത്തമ്പി ദളവ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പൂജപ്പുര രവിയുടെ യഥാർത്ഥ പേര് രവീന്ദ്രൻ എന്നാണ്. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു.

നാടക രംഗത്ത് നിന്നുമാണ് പൂജപ്പുര രവി സിനിമയിലേക്ക് എത്തുന്നത്. നാലായിരത്തോളം നാടകങ്ങളില്‍ അഭിനയിച്ചു. എസ്എൽപുരം സദാനന്ദന്റെ 'ഒരാൾ കൂടി കള്ളനായി' എന്ന നാടകത്തിൽ 'ബീരാൻകുഞ്ഞ്' എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേയ്ക്കുള്ള ആദ്യ ചുവടുവെയ്പ്പ്. വില്ലന്‍, ഹാസ്യ നടന്‍, സ്വഭാവ നടന്‍ തുടങ്ങി ദീർഘനാള്‍ മലയാള സിനിമയുടെ അഭിവാജ്യഘടകമായിരുന്നു പൂജപ്പുര രവിയെന്ന കലാകാരന്‍.
കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മുക്കുത്തി. ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു,കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു, നായാട്ട്, തേനും വയമ്പും, കുയിലിനെ തേടി, ഇതാ ഇന്നുമുതൽ, രാക്കുയിലിൻ രാഗസദസിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ജോഷി, പ്രിയദർശൻ, സിബി മലയിൽ, കമൽ, വിനയൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെയെല്ലാം ആദ്യ സിനിമകളിൽ ഭാഗമായിരുന്ന പൂജപ്പുര രവി, സത്യൻ, നസീർ, മധു, ജയൻ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും തുടങ്ങി പ്രിഥ്വിരാജും ടൊവീനോ തോമസും വരേയള്ള താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
ട്രാവൻകൂർ ഇൻഫൻട്രിയിലും സൈനിക സ്കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവൻപിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കള്ളില്‍ മൂത്തയാളായിട്ടാണ് രവി ജനിക്കുന്നത്. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂൾ, തിരുമല ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത് കലാജീവിതത്തിലെ വഴിത്തിരിവായി. ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തിൽ നടി ആയിരുന്നു. മക്കൾ ലക്ഷ്മി, ഹരികുമാർ.












Click it and Unblock the Notifications