'ഞാൻ കൂട്ടിയിട്ട് വലിച്ചിട്ടല്ലേ ഉള്ളൂ, മനുഷ്യരെ ട്രെയിനിൽ കത്തിച്ചതിനൊന്നും ഇവിടെ പ്രശ്നമില്ല'; ഷൈൻ
കൊച്ചി: വിമർശനങ്ങളാണ് നയിക്കാൻ കൂടുതൽ ശക്തി തരുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. സിനമയ്ക്ക് വേണ്ടി സ്വന്തം വീട്ടുകാരെ പോലും മറന്ന് ജീവിക്കുന്നയാളാണ് താൻ എന്നും ഷൈൻ പറഞ്ഞു. എഡിറ്റോറിയൽ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷൈനിന്റെ പ്രതികരണം.
കഞ്ചാവ് കൃഷി ചെയ്യുന്നവർക്കെതിരേയും ടൺ കണക്കിന് ഇറക്കുന്നവർക്കെതിരേയും യാതൊരു നടപടിയും ഇല്ല. അത് വലിക്കുന്നവർക്കെതിരെയാണ് നടപടിയെന്ന കാര്യം ചിന്തിക്കേണ്ടതുണ്ടെന്നും ഷൈൻ പറഞ്ഞു. കഞ്ചാവ് വലിച്ചാണ് അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതെന്ന വിമർശനങ്ങളോടായിരുന്നും ഷൈനിന്റെ പ്രതികരണം. വായിക്കാം

'ഇവിടെ രാജ്യങ്ങളെ കത്തിക്കുന്നു മനുഷ്യരെ കത്തിക്കുന്നു, ഇവിടെ ഒരു സിഗരറ്റ് കത്തിക്കുന്നത് വലിയ ചോദ്യായിട്ട് വരും. ഞാൻ കൂട്ടിയിട്ട് കത്തിക്കുന്നു എന്ന പറയുന്നവർ ചിന്തിക്കുന്നില്ല ആരാണ് ഇതൊക്കെ വിളയിക്കുന്നതെന്ന്.അവരെ ആരെങ്കിലും പിടിക്കുന്നുണ്ടോ? ഇവിടെ ടൺ കണക്കിന് കൊണ്ടു വന്ന് തള്ളുന്നവരെ പിടിക്കുന്നില്ല, പിള്ളേര് വലിക്കുമ്പോഴാണ് പിടിക്കുന്നത്.സബ്സ്റ്റൻസ് ഉപയോഗിക്കുന്നത് ഒരു സ്വഭാവ വൈകല്യമാണ്. അത് ചെയ്യുന്നവരെ വലിയ ക്രിമിനലാക്കുകയും അത് വഴി അവന്റെ കുടുംബത്തെയും ചുറ്റുപാടുകളെയും നശിപ്പിക്കുന്നതാണ് ക്രൈം, അല്ലാതെ അത് ഉപയോഗിക്കുന്നത് ക്രൈം അല്ല, ഹാബിച്ച്വൽ ഇഷ്യൂസ് ഓൺലി.ഞാൻ കൂട്ടിയിട്ട് വലിച്ചിട്ടല്ലേ ഉള്ളൂ, ഇവിടെ മനുഷ്യരെ കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ട്. ട്രെയിനിന്റെ ഉള്ളിലും ഫ്ലൈറ്റിന്റെ ഉള്ളിലും വിട്ടിലും ഗ്രൗണ്ടിലുമൊക്കെ. അതൊന്നും ഒരുത്തനും ചോദിച്ചിട്ടില്ലല്ലോ'.

'സിനിമ ഇഷ്ടപ്പെടുന്നവർക്ക് അത് വളരെ എളുപ്പമാണ്, ഇഷ്ടമുള്ള പണി ചെയ്യുന്നതിന് കോടി കണക്കിന് കാശ് കിട്ടുന്നത് നല്ല കാര്യമല്ല. വിമർശനങ്ങളാണ് നമ്മളെ നയിക്കാൻ കൂടുതൽ ശക്തി തരുന്നത്. കൂടുതൽ അഭിനന്ദനം വഴിതെറ്റാൻ കാരണമാകും. സംസാര ശൈലിയിൽ ചിലപ്പോൾ മാറ്റം പരീക്ഷിക്കാറുണ്ട്. ചില കാര്യങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ ചില ശൈലികൾ നമ്മുക്ക് ആവശ്യമാണ്. ഇതൊക്കെ ക്യാമറയുടെ മുന്നിൽ ചെയ്യുന്നതിന് മുൻപ് മറ്റെവിടെയെങ്കിലും പരീക്ഷിച്ച് നോക്കേണ്ടേ'.

'അഭിനയിക്കാൻ കിട്ടുന്ന കഥാപാത്രങ്ങൾക്കു വേണ്ടി കാത്തിരിക്കുന്ന സമയം ആനന്ദകരമാക്കാറുണ്ട്.
സ്ക്രീനിന് പുറത്ത് സന്തോഷമായി നിൽക്കുമ്പോഴാണ് സിനിമയിൽ നന്നായി പെർഫോം ചെയ്യാൻ സാധിക്കുന്നത്. അഭിനയിക്കുന്നതിന് തൊട്ടു മുൻപ് വരെ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കണം. അതുകൊണ്ട് തന്നെ ജീവിതത്തിൽ സിനിമ അല്ലാതെ മറ്റൊന്നും നടക്കുന്നില്ല'.

'അതുകൊണ്ടാണ് വിവാഹബന്ധം അല്ലെങ്കിൽ റിലേഷൻഷിപ്പ് കാത്ത് സൂക്ഷിക്കാൻ പറ്റാത്തത്. അച്ഛനോടും അമ്മയോടും അനുജനോടും അനുജത്തിയോടുമുള്ള റിലേഷനിൽ ഞാൻ പരാജയമാണ്. കാമറയ്ക്ക് മുന്നിൽ എനിക്ക് സന്തോഷമായി നിൽക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ബന്ധങ്ങളിൽ പരാജയപ്പെടുന്നത്. വീട്ടുകാർ നമ്മളോടൊപ്പം എത്ര വർഷമുണ്ടാകും. നമ്മൾ നമ്മുടെ കൂടെ കൊണ്ട് പോകുന്നത് ആത്മവിനെ മാത്രമാണ്. ആത്മാവിനെ സംതൃപ്തിപ്പെടുത്തണം നമ്മൾ,ആളുകളെയല്ല'.

'മാതാപിതാക്കളെയും ഭാര്യയെയും കുടുംബത്തെയും ഓവറായി നമ്മുടെ ഉള്ളിലേക്കെടുത്ത് അവരുടേയും നമ്മുടേയും ജീവിതം ദുരിതത്തിലാക്കി കൊണ്ടുപോകേണ്ടതില്ലല്ലോ. ജനിച്ചതും വളർന്നതും വീട്ടിലാണ്, ഇപ്പോൾ വീട്ടിൽ പോകാറില്ല. തിരക്കാവാനാണ് വീട്ടുകാർ പഠിപ്പിച്ചത്. വീട്ടിലിരിക്കാൻ വേണ്ടിയല്ലല്ലോ അവർ പഠിപ്പിച്ചത്. വീട്ടുകാരെ വിളിക്കാറുണ്ട്, പക്ഷേ ബുദ്ധിമുട്ടിക്കാറില്ല'

'കാശുണ്ടാക്കണമെന്നത് ലക്ഷ്യമാകരുത്. ജീവിക്കാൻ പണം വേണം, പക്ഷേ പ്രവൃത്തിയാണ് ലക്ഷ്യം. നല്ല കഥാപാത്രം കിട്ടുമ്പോ കാശ് കിട്ടില്ല വെച്ച് അത് വേണ്ടെന്ന് വെയ്ക്കുമോ? കാശ് എപ്പോൾ വേണമെങ്കിലും തീരും, സിനിമയും കഥാപാത്രങ്ങളും അവിടെ നിൽക്കും', ഷൈൻ പറഞ്ഞു.












Click it and Unblock the Notifications