ഷൈന്‍ ടോം ചാക്കോയെ പുറത്താക്കാന്‍ 'അമ്മ'; 'അകത്താക്കാന്‍' എക്‌സൈസ് നീക്കം
കൊച്ചി: ലഹരി ഉപയോഗിച്ച് ഷൂട്ടിംഗ് സെറ്റില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കും. അമ്മ അഡ്‌ഹോക്ക് കമ്മിറ്റി ഇതിന് വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഉടന്‍ തന്നെ അഡ്‌ഹോക് കമ്മിറ്റി ചേര്‍ന്ന് ഷൈനിനെതിരായ നടപടി തീരുമാനിക്കും എന്നാണ് വിവരം.
പരാതി ലഭിച്ചാല്‍ നടനെതിരെ ശക്തമായ നടപടിയെടുക്കും എന്ന് അഡ്‌ഹോക്ക് കമ്മിറ്റി അംഗവും നടനുമായ ജയന്‍ ചേര്‍ത്തല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടി അമ്മയ്ക്ക് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ അമ്മ സംഘടനയുടെ ഔദ്യോഗിക തീരുമാനം വൈകാതെ പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. വിന്‍സിയുടെ പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ മ്മ ചുമതലപ്പെടുത്തിയിട്ടുണ്ട്. അമ്മയ്ക്ക് പുറമെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും വിന്‍സി ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

ഫിലിം ചേംബറും ഷൈന്‍ ടോം ചാക്കോയെ പുറത്താക്കും എന്ന് അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് വിന്‍സി വ്യക്തമായിരുന്നു. നടി തന്നെയാണ് നടന്റെ പേരു വെളിപ്പെടുത്തിയത്. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്നാണ് വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ഉള്ളത്.
അതിനിടെ വിന്‍സിയില്‍ നിന്ന് വിവരം ശേഖരിക്കാനും തുടര്‍ന്ന് അന്വേഷണം നടത്താനും എക്‌സൈസ് വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. 'സൂത്രവാക്യം' എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി എന്നാണ് വിന്‍സിയുടെ പരാതി. സെറ്റില്‍ വെച്ച് ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും വിന്‍സി വ്യക്തമാക്കിയിരുന്നു. ഇതാണ് എക്‌സൈസ് അന്വേഷിക്കുക.
പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി കൊച്ചി എക്‌സൈസ് വിന്‍സി അലോഷ്യസില്‍ നിന്നും വിവരങ്ങള്‍ തേടും. വിവരങ്ങള്‍ തേടുക. പരാതി ഉണ്ടെങ്കില്‍ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തുകയുള്ളൂ. അതിനിടെ കൊച്ചിയിലെ ഹോട്ടലില്‍ ഡാന്‍സഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഹോട്ടലില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഡാന്‍സഫ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. ഇതിനിടെ ഇന്നലെ രാത്രിയാണ് ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയത്. ബുധനാഴ്ച രാത്രി 10.58 ഓടെയായിയരുന്നു ഡാന്‍സഫ് സംഘം ഹോട്ടലില്‍ പരിശോധന നടത്തിയത്. അഞ്ചിലധികം പൊലീസുകാര്‍ അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.
കൊച്ചി നാര്‍ക്കോട്ടിക്‌സ് എസിപിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. മുറിയില്‍ പരിശോധന നടത്തുന്നതിനിടെ ജനല്‍ വഴി താഴേക്കിറങ്ങിയ ഷൈന്‍ റിസപ്ഷന്‍ വഴി ഓടി രക്ഷപ്പെടുന്നതാണ് സി സി ടി വി ദൃശ്യങ്ങളില്‍ ഉള്ളത്. ഡാന്‍സാഫ് പരിശോധനയില്‍ നടന്റെ മുറിയില്‍ നിന്ന് ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍ കണ്ടെത്തി എന്നാണ് വിവരം.
ഈ സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തേക്കും. അതിനിടെയാണ് വിന്‍സിയുടെ പരാതിയിലുള്ള നടന്‍ ഷൈന്‍ ആണ് എന്ന കാര്യവും വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്‍ ടോം ചാക്കോയുടെ പേര് പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഷൈന്‍ ടോം ചാക്കോ നിഷേധിച്ചിരുന്നു.
2015 ലെ കൊക്കെയ്ന്‍ കേസില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ആണ് ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തനായത്. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി സിനിമയില്‍ എത്തിയതാണ് ഷൈന്‍. പിന്നീട് ചെറിയ വേഷങ്ങളിലൂടെ നായകനിരയിലേക്ക് ഉയര്‍ന്നു. ഫാന്റസി ചിത്രം ഇതിഹാസയാണ് ഷൈന്‍ ആദ്യമായി നായകനായ ചിത്രം.












Click it and Unblock the Notifications