'അവിശ്വാസികളോട് പൊറുക്കില്ല, നിന്ദിക്കാൻ വരുന്ന ഒരാളും സമാധാനത്തോടെ ജീവിക്കില്ല'; സുരേഷ് ഗോപി
ഭക്തി മാർഗങ്ങളേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കാൻ വരുന്ന ഒരാളും സമാധാനത്തോടെ നല്ല ജീവിതം ജീവിക്കില്ലെന്ന് സുരേഷ് ഗോപി

കൊച്ചി:അവിശ്വാസികളോട് തനിക്ക് യാതൊരു സ്നേഹവുമില്ലെന്ന് നടനും മുൻ ബി ജെ പി എംപിയുമായ സുരേഷ് ഗോപി. വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശിവരാത്രി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ

അങ്ങനെയാണ് ഞാൻ ഭക്തിയെ കണ്ടിട്ടുള്ളത്
' അടിസ്ഥാനപരമായി വേണ്ടത് സ്നേഹം കുട്ടികളിൽ വളർത്തിയെടുക്കണം. അവർ ജീവിതത്തിലെ അച്ചടക്കത്തിലേക്ക് വരണം, അതും സ്നേഹപൂർണമായിട്ടായിരിക്കണം. ക്ഷേത്രങ്ങൾ, ഈശരൻമാർ, അത് ഏത് മതത്തിന്റേതായാലും നല്ലൊരു ആയുധമാണ് അതിന്. അങ്ങനെയാണ് ഞാൻ ഭക്തിയെ കണ്ടിട്ടുള്ളത്.

ഖുറാനേയും ബൈബിളിനേയും ഞാൻ മാനിക്കണം
എന്റെ മതത്തെ ഞാൻ സ്നേഹിക്കുന്നുണ്ടെങ്കിൽ മറ്റ് മതസ്ഥരുടെ വിശ്വാസത്തേയും സ്നേഹിക്കാൻ സാധിക്കണം. എന്റെ മതഗന്ഥം എന്ന് പറയാൻ എനിക്ക് അവകാശമില്ലെങ്കിലും എന്റെ മതത്തിന്റെ തത്വങ്ങൾ സ്ഫുരിക്കുന്ന എഴുത്ത് കുത്തുകൾ ഞാൻ മാനിക്കുന്നുണ്ടെങ്കിൽ ഖുറാനേയും ബൈബിളിനേയും ഞാൻ മാനിക്കണം.

അവിശ്വാസികളോട് ഒരിക്കലും പൊറുക്കില്ല
എന്റെ ഈശ്വരൻമാരെ ഞാൻ സ്നേഹിച്ച് ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്നേഹിക്കും എന്ന് പറയുമ്പോൾ ലോകത്തിലെ എല്ലാ അവിശ്വാസികളോടും ഒട്ടും തന്നെ സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചിരിക്കും.

ഭക്തിയെന്നത് ആരേയും ദ്രോഹിക്കാൻ ഉള്ളതല്ല
എല്ലാവരും അത് ചെയ്യണം. ഭക്തിയെന്നത് പറയുന്നത് ആരേയും ദ്രോഹിക്കാൻ ഉള്ളതല്ല, പക്ഷേ ഭക്തിയേയും ഭക്തി മാർഗങ്ങളേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കാൻ വരുന്ന ഒരാളും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിക്കാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂട.

ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും മനസിലാകുന്നുണ്ടാകും
ഞാൻ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും മനസിലാകുന്നുണ്ടാകും. രാഷ്ട്രയം സ്പുരിക്കും. അതുകൊണ്ടാണ് ഞാൻ പറയാത്തത്. പക്ഷേ വിശ്വാസി സമൂഹത്തിന്റെ അതിർത്തി പ്രദേശത്ത് പോലും ആരും കടന്ന് വന്ന് ഞങ്ങളെ ദ്രോഹിക്കരുത്. ഞങ്ങൾ ലോകത്തിന്റെ നൻമയ്ക്ക് വേണ്ടിയുളള പ്രാർത്ഥനയിലാണ്. അതിനെ ധ്വംസിക്കാതെ അവിശ്വാസികൾക്ക് അവരുടെ വഴിയെ ചുറ്റി കറങ്ങി പോകാം. ഇങ്ങോട്ടേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കരുത് എന്ന് ഉച്ചത്തിൽ വിളിച്ച് പറയേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്', സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications