വിനായകന്റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന, ചോദ്യം ചെയ്തു; നടന്റെ ഫോണ്‍ പിടിച്ചെടുത്തു
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകനെ പോലീസ് ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തി. ഫോണ്‍ പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. എറണാകുളം നോര്‍ത്ത് പോലീസാണ് ചോദ്യം ചെയ്യലിന് ശേഷം ഫോണ്‍ പിടിച്ചെടുത്തത്. കലൂരിലുള്ള വിനായകന്റെ ഫ്‌ളാറ്റിലാണ് എറണാകുളം നോര്‍ത്ത് സിഐ അടക്കമുള്ളവര്‍ എത്തി പരിശോധന നടത്തിയത്.
ഉമ്മന്‍ ചാണ്ടിക്കെതിരായ വീഡിയോ പുറത്തുവിട്ട മൊബൈല്‍ ഫോണാണ് തെളിവായി പോലീസ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലില്‍ വിനായകന്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രകോപനം കൊണ്ടാണ് ഫേസ്ബുക്ക് ലൈവ് നടത്തിയതെന്നാണ് വിനായകന്‍ പോലീസിനോട് പറഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വീട് ആക്രമിച്ചുവെന്ന പരാതി പിന്‍വലിക്കുകയാണെന്നും വിനായകന്‍ പോലീസിനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചത് പോലെ തന്റെ വീട് ആക്രമിച്ചവരോട് താനും ക്ഷമിച്ചതായും വിനായകന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് വിനായകന്‍ പോലീസ് പറഞ്ഞിരിക്കുന്നത്. നേരത്തെ വിനായകനോട് ചോദ്യം ചെയ്യാനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിനായകന്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാനാവില്ലെന്നായിരുന്നു നടന്‍ കാരണമായി പറഞ്ഞത്. മൂന്ന് ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വിനായകന്റെ ഫ്‌ളാറ്റിലെത്തി പോലീസ് പരിശോധന നടത്തിയത്
.ഉമ്മന്‍ ചാണ്ടിയുടെ വിലാപ യാത്രയ്ക്കിടെയാണ് നടന്‍ വിനായകന്‍ അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ വിനായകന്‍ പോസ്റ്റിട്ടത്. വ്യാപക വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. നിരവധി പരാതികളും വന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. പ്രകോപനപരമായ സംസാരം, മൃതദേഹത്തോട് അ നാദരവ് തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ വിനായകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ സനല്‍ നെടിയതറ പോലീസ് സ്‌റ്റേഷന് മുന്നില്‍ ഒറ്റയാല്‍ സമരം നടത്തിയിരുന്നു.
വിനായകനെതിരെ കേസ് എടുക്കേണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.തന്റെ പിതാവ് ഉണ്ടായിരുന്നെങ്കിലും കേസ് എടുക്കേണ്ട എന്ന് തന്നെ പറയുമായിരുന്നു. വിനായകന്റെ വ്യക്തിപരമായ അഭിപ്രായമാിട്ടാണ് ഉമ്മന്‍ ചാണ്ടി അതിനെ കാണുകയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പക്ഷേ പരാതി പിന്‍വലിച്ചിട്ടില്ല.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ വിനായകന്റെ കലൂരിലെ ഫ്‌ളാറ്റിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇവര്‍ തന്റെ ഫ്‌ളാറ്റ് ആക്രമിച്ചുവെന്നും, ജനല്‍ ചില്ലുകള്‍ പൊട്ടിച്ചുവെന്നും വിനായകന്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. വിനായകനെ സിനിമയില്‍ നിന്നടക്കം മാറ്റി നിര്‍ത്താന്‍ സംഘടനകളും ആലോചിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications