
16-ാം വയസ്സില്‍ കാമുകനൊപ്പം കൊച്ചിയിലെത്തി: അപ്പനും ചേട്ടനുമായി വന്നവർ വരെ ഉപയോഗിച്ചെന്ന് നടി അശ്വതി
കൊച്ചി: ലഹരി, പെണ്‍ വാണിഭ കേസുകളില്‍ പലതവണ പിടിയിലായിട്ടുള്ള വ്യക്തിയാണ് സിനിമ-സീരിയല്‍ താരമായ അശ്വതി ബാബു. ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച താരത്തേയും സുഹൃത്തിനേയും അടുത്തിടെ എറണാകുളത്ത് വെച്ച് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
അപ്പനും ചേട്ടനുമായി വന്നവർ വരെ തന്നെ ഉപയോഗിച്ചെന്നും ഇനിയും ഇങ്ങനെ ജീവിക്കാനാവില്ലെന്നും കല്യാണം കഴിച്ച് കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹവുമെന്നാണ് താരം ഇപ്പോള്‍ വ്യക്തമാക്കുന്നത്. മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

16-ാം വയസ്സില്‍ പ്രണയിച്ച ആള്‍ക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചാണ് താന്‍ കൊച്ചിയില്‍ എത്തുന്നതെന്നാണ് താരം തന്നെ വ്യക്തമാക്കുന്നത്. എന്നാല്‍ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കൂടെ കൂട്ടിയ ആള്‍ ലഹരിക്ക് അടിമയാക്കി മറ്റുള്ളവർക്ക് കൈമാറി പണമുണ്ടാക്കുകയായിരുന്നു. ചെറിയ പ്രായത്തില്‍ കൊച്ചിയിലെത്തിയപ്പോള്‍ ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഉറങ്ങാൻ സ്ഥലവും മതിയായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ട് പേർക്കെതിരെ വലിയ ആരോപണവും താരം ഉയർത്തുന്നുണ്ട്. ഇരുവരും തന്നെ മാറിമാറി കൂട്ടിക്കൊണ്ടുപോയി പലർക്കും കാഴ്ചവെച്ചു. ഇതിലൂടെ വലിയ പണം സ്വന്തമാക്കിയ ഇവർ ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്തു. ഒടുവില്‍ വിവാഹം കഴിക്കാനുള്ള ആവശ്യം ശക്തമാക്കിയപ്പോള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് കൂടേക്കൂട്ടിയ ആള്‍ പോവുകയും ചെയ്തു.

എന്നാല്‍ ഇവരില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കാന്‍ കഴിയാത്ത വിധത്തില്‍ വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. ലഹരി ഉപയോഗിക്കുന്ന ആളായിരുന്നില്ല ഞാന്‍. എന്റെ ജീവിതം എല്ലാവരും കൂടെ തകർത്തതാണ്. എന്നെ അവർ ദുരുപയോഗം ചെയ്തു. അറിയുന്നവർക്ക് ഇതിനെക്കുറിച്ച് എല്ലാം അറിയാം. പണവും പവറും ഉപയോഗിച്ച് നമ്മളെ മോശക്കാരിയാക്കും. അതു ചെയ്യിക്കുന്നവർ ശരിയാണ്. അവർ കാറിൽ നടക്കും, ട്രാവല്‍സ് മുതലാളിയാകുമെന്നും താരം പറയുന്നു.

എന്റെ കയ്യില്‍ വരുന്ന പണമെല്ലാം കൂടെയുണ്ടായിരുന്നു രണ്ടുപേർക്കുമായി നല്‍കുകയായിരുന്നു. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളൊക്കെ വീട്ടുകാർ അറിയുന്നത് വർഷങ്ങള്‍ കഴിഞ്ഞായിരുന്നു. ലോറി ഡ്രൈവറായിരുന്ന അയാൾ ഇത്രയേറെ സമ്പാദ്യങ്ങൾ ഉണ്ടാക്കിയത് തന്നെ ഉപയോഗിച്ചാണ്. ഞാൻ നല്ല രീതിയിൽ ജീവിക്കാന്‍ വേണ്ടി ഒരു അമേരിക്കക്കാരന്‍ നല്‍കിയ വലിയ പണം ഇയാള്‍ക്ക് നല്‍കി.

ഭർത്താവിനെപ്പോലെ കൂടെ താമസിക്കുന്ന ഇയാള്‍ക്ക് പാർട്നർഷിപ് എന്ന നിലയിലാണ് ആ പണം നൽകിയത്. അതിനു തെളിവുണ്ട്. എന്നാല്‍ അയാള്‍ പിന്നീട് എന്നെ ഒഴിവാക്കി. എന്നെ വേണ്ട, പണം മതി എന്ന നിലയിലായി. എറണാകുളം സൗത്തിലുള്ള ആ സ്ഥാപനം അമേരിക്കക്കാരന്‍ എനിക്ക് തന്നെ പണം കൊണ്ട് ഉണ്ടാക്കിക്കൊടുത്തതാണ്. എന്റെ പേരിലല്ല അത്. ഒന്നരക്കോടി വരുന്ന സാധനങ്ങളുണ്ട്. അതു തന്ന് എന്നെ അവർക്ക് ഒഴിവാക്കാം. എന്നാല്‍ അതിന് അവർ തയ്യാറാവുന്നില്ലെന്നും അശ്വതി പറയുന്നു.

ഇനി ഒരു പെൺകുട്ടിക്കും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് പൊലീസിൽ പരാതി നൽകിയത്. എന്നാല്‍ അവരുടെ സ്വാധീനവും പണവും കൊണ്ട് എനിക്ക് നീതി ലഭിച്ചില്ല. ഇപ്പോള്‍ ഒരു സിനിമ പോലും ഇല്ല. ഇതുവരെ ഞാന്‍ ആർക്കും ലഹരി കൊടുത്തിട്ടില്ല. അങ്ങനെ തെളിയിക്കാല്‍ കഴിയുമെങ്കില്‍ നിങ്ങള്‍ എന്നെ ക്രൂശിച്ചോളു. പെൺവാണിഭ കേസ് ഉണ്ടാകാൻ കാരണം താൻ എപ്പോഴും അത്തരക്കാരുടെ കൂടെ ആയിരുന്നു എന്നതുകൊണ്ടാണ്.

അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനും വരെ എല്ലാവരും ഉപയോഗിക്കുകയാണ്. ഇപ്പോൾ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. കൂടുതൽ മോശക്കാരിയാകുകയേ ഉള്ളൂ എന്നറിയാം. എന്തായാലും ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള ഒരു ശ്രമത്തിലാണ് ഇപ്പോള്‍. ഞാൻ ഇപ്പോഴും ട്രീറ്റ്മെന്റിലാണ്. ഡ്രഗ്സ് അടി നിർത്തി. വിവാഹം കഴിച്ച് ഇതിൽ നിന്നെല്ലാം മാറിപ്പോകാനാണ് ശ്രമം. കഴിഞ്ഞ ആറ് മാസമായി ലഹരി ഉപയോഗിക്കുന്നില്ലെന്നും അശ്വതി വ്യക്തമാക്കുന്നു.