ഭക്ഷണം എത്തിക്കാൻ വൈകി; ഹോട്ടലിൽ അതിക്രമം കാട്ടി, ഭീഷണി മുഴക്കി, പൾസർ സുനിക്കെതിരെ കേസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ മറ്റൊരു കേസ് കൂടി എടുത്ത് പോലീസ്. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയ സംഭവത്തിലാണ് പൾസർ സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹോട്ടൽ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനുമാണ് പൾസർ സുനിക്കെതിരെ നടപടി. കുറുപ്പംപടി പോലീസാണ് സുനിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തെന്നും ഭീഷണി മുഴക്കിയതെന്നും എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതാണ് ഇയാൾ. എന്നാൽ അധികനാൾ പിന്നിടും മുൻപാണ് സുനി വീണ്ടും മറ്റൊരു കേസിൽ പ്രതിയാകുന്നത്.

ഏഴര വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് സുനി പുറത്തിറങ്ങുന്നത്. എറണാകുളം ജില്ല വിട്ട് പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, പ്രതികളെയോ സാക്ഷിളേയോ ബന്ധപ്പെടരുത് എന്നീ ഉപാധികളാണ് കോടതി ജാമ്യത്തിനായി മുന്നോട്ടു വച്ചിട്ടുള്ളത്.
രണ്ട് ആൾ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവച്ചിരുന്നു. സുനിയുടെ സുരക്ഷ റൂറൽ പോലീസ് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു. പുറത്തിറങ്ങിയ ശേഷം മറ്റൊരു ക്രിമിനൽ കേസിൽ കൂടി പ്രതിയായ സാഹചര്യത്തിൽ ഇനി ജാമ്യം റദ്ദാവുമോ എന്നാണ് കണ്ടറിയേണ്ടത്. കേസിന്റെ തുടർ നടപടികൾ എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.
നേരത്തെ വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യമനുവദിച്ചത്. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാന്‍ സാധ്യതയില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
പള്‍സര്‍ സുനിക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും ജാമ്യത്തിലിറങ്ങിയാല്‍ സമൂഹത്തിനുതന്നെ ഭീഷണിയാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചിരുന്നില്ല. നിലവിലെ ക്രിമിനൽ കേസ് ചൂണ്ടിക്കാട്ടി സുനിയുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications