നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി.. കേസ് വീണ്ടും 16 ന് പരിഗണിക്കും
കൊച്ചി; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി. ഈ മാസം 16 വരെ വിചാരണ നടപടികൾ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. കേസ് വീണ്ടും 16 പരിഗണിക്കും. സർക്കാർ അഭിഭാഷകൻ ക്വാറന്റീനിൽ ആയതിനാലാണ് കേസ് നീട്ടിവെച്ചത്.നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിർത്തിവെക്കാനായിരുന്നു കോടതി ഉത്തരവ്.
കേസിൽ വിചാരണ കോടതിയെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നാണ് ഹൈക്കോടതിയിൽ നടി ആരോപിച്ചിച്ചത്. 20 അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളുണ്ടാകുന്നത്. ചോദ്യം ചെയ്യലിന്റെ പേരിൽ കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വിസ്താര സമയത്ത് പ്രധാന പ്രതിയുടെ അഭിഭാഷകൻ തന്നോട് മോശമായി പെരുമാറി. ഈസമയത്തെല്ലാം കോടതി നിശബദ്ത പുലർത്തുകയാണെന്നും നടി കോടതിയിൽ പറഞ്ഞിരുന്നു.
നടിയുടെ ആരോപണങ്ങൾ ശരിവെച്ച് വിചാരണക്കോടതിക്കെതിരെ സർക്കാരും കോടതിയിൽ നിലപാടെടുത്തു. രഹസ്യ വിചാരണ എന്നതിന്റെ അന്തസത്ത തകർക്കും വിധമായിരുന്നു പലപ്പോഴും വിചാരണ കോടതിയിൽ നടന്ന കാര്യങ്ങളെന്ന് സർക്കാരും കോടതിയിൽ അറിയിച്ചത്. ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു വാരിയര്‍ പറഞ്ഞിട്ടും രേഖപ്പെടുത്തിയില്ല. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും പരാജയപ്പെട്ടു. ഇരയെ മണിക്കൂറോളം വിസ്തരിച്ച് ബുദ്ധിമുട്ടിച്ചെന്നും വിചാരണക്കോടതിക്കെതിരായഹർജിയിൽ സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. ഈ കേസിൽ ഇന്ന് വാദം കേൾക്കാനിരിക്കെയാണ് അഭിഭാഷകൻ ക്വാറന്റീനിൽ ആയത്.