'ജീവിക്കാന്‍ നിവൃത്തി ഇല്ലാത്ത ഒരു കൂട്ടം മനുഷ്യര്‍ കൂടിയാണ് സിനിമ', സിനിമാ പ്രതിസന്ധിയിൽ മാല പാർവ്വതി
തിരുവനന്തപുരം: സിനിമയെന്നാല്‍ ലക്ഷങ്ങളും കോടികളും പ്രതിഫലം പറ്റുന്ന താരങ്ങള്‍ മാത്രമല്ല. ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ കൂടിയാണ്. കൊവിഡ് മഹാമാരി ഗുരുതരമായി ബാധിച്ച ഒരു വ്യവസായമാണ് മലയാളം സിനിമ. മറ്റ് പല മേഖലകള്‍ക്കും സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചപ്പോള്‍ സിനിമാ രംഗത്തോട് മുഖം തിരിച്ചിരിക്കുകയാണ്.
ഷൂട്ടിംഗിന് അനുമതിയുളള മറ്റ് സംസ്ഥാനങ്ങൾ തേടിപ്പോവുകയാണ് മലയാളം സിനിമ ഇന്ന്. സിനിമാ ചിത്രീകരണത്തിന് എത്രയും പെട്ടെന്ന് അനുമതി നൽകണമെന്ന് ഫെഫ്ക അടക്കമുളള സംഘടനകൾ ആവശ്യപ്പെട്ട് കഴിഞ്ഞു. സർക്കാർ ഉചിതമായ തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ പ്രശ്നങ്ങൾ നിയന്ത്രണാതീതമാകുമെന്ന് സിനിമാ താരം മാല പാർവ്വതി വൺ ഇന്ത്യ മലയാളത്തിനോട് പ്രതികരിച്ചു.
ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

കൊവിഡ് കൂടുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് മാല പാർവ്വതി പറയുന്നു. അതേ സമയം സിനിമയിലെ ആളുകള്‍ അവരുടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നത് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. അത്രയും ഗൗരവമായ പ്രശ്‌നത്തിലൂടെയാണ് സിനിമാ മേഖല കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. എത്രയും പെട്ടെന്ന്, നാളെയെങ്കില്‍ നാളെ തന്നെ സിനിമാ ഷൂട്ടിംഗുകള്‍ക്കുളള അനുവാദം കൊടുത്തില്ലെങ്കില്‍ അത് ആത്മഹത്യകളിലേക്ക് വരെ നയിക്കുന്ന ഘട്ടത്തിലെത്തും. നിയന്ത്രിക്കാനാകാത്ത തരത്തിലേക്ക് പ്രശ്‌നങ്ങളെത്തുമെന്നും മാല പാർവ്വതി ചൂണ്ടിക്കാട്ടുന്നു.

''സിനിമ ഒരു എന്റര്‍ടെയിന്‍മെന്റ് മാധ്യമം എന്ന നിലയ്ക്ക് കാണുന്നത് കൊണ്ടാണ് അത് പിന്നെ മതി എന്ന് ആലോചിക്കുന്നത്. ജീവിക്കാന്‍ നിവൃത്തി ഇല്ലാത്ത വലിയൊരു കൂട്ടം മനുഷ്യര്‍ കൂടിയാണ് സിനിമ. കേരളത്തിന് പുറത്തേക്ക് ചിത്രീകരണം മാറ്റുന്ന ഏഴോളം സിനിമകളില്‍ താന്‍ അഭിനയിക്കുന്ന ചിത്രങ്ങളില്ല. താനിപ്പോള്‍ ചെയ്യുന്നത് അമല്‍ നീരദ് ചിത്രമായ ഭീഷ്മപര്‍വ്വം ആണ്. സിനിമാ ചിത്രീകരണത്തിന് അനുമതി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അക്കാര്യം തന്നെയാണ് ഫെഫ്കയും അമ്മയും അടക്കമുളള സിനിമാ സംഘടനകളെല്ലാം തന്നെ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്''.

''ഒരുപാട് കടത്തിന്റെ പുറത്ത് ഓടുന്ന ഒരു വ്യവസായം കൂടിയാണ് സിനിമ. ഒന്നര വര്‍ഷമായി തങ്ങള്‍ക്കൊക്കെ വരുമാനം ഇല്ലാതായിട്ട്. ഒന്നാം തരംഗത്തിന്റെ സമയത്ത് ഷൂട്ടിംഗുകള്‍ നടന്നപ്പോള്‍ എല്ലാ കൊവിഡ് പ്രൊട്ടോക്കോളും പാലിച്ച് കൊണ്ടായിരുന്നു അത്. സിനിമ ഷൂട്ടിംഗ് നടന്നത് കൊണ്ട് കൊവിഡ് പരന്നതായി എവിടെ നിന്നും കേട്ടിട്ടില്ല. ജോജി പോലുളള സിനിമകളുടെയൊക്കെ ചിത്രീകരണം നടന്നതാണ്''. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എത്രയും പെട്ടെന്ന് തന്നെ അനുഭാവപൂര്‍ണമായ ഒരു പ്രതികരണം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മാല പാർവ്വതി കൂട്ടിച്ചേർത്തു.

''എത്രയും വേഗത്തില്‍ സിനിമാ മേഖല പഴയ പോലെ പ്രവര്‍ത്തിച്ച് തുടങ്ങട്ടെ എന്നാണ് കരുതുന്നത്. എല്ലാ കൊവിഡ് പ്രൊട്ടോക്കോളും പാലിച്ച് തന്നെ ചിത്രീകരണം നടത്താനാവണം. ഷൂട്ട് നടക്കുമ്പോള്‍ എല്ലാവരേയും കൊവിഡ് പരിശോധന നടത്തിയും പുറത്ത് നിന്നുളള കോണ്‍ടാക്ടുകള്‍ ഒഴിവാക്കിയും മറ്റുമാണ് നടത്തുക. തങ്ങളെ ഹോട്ടലില്‍ നിന്നും കാറില്‍ കയറ്റും ലൊക്കേഷനില്‍ എത്തിക്കും അത് പോലെ തിരിച്ച് കൊണ്ട് വിടുകയും ചെയ്യും. അത്തരത്തിലാണ് ഷൂട്ടിംഗ് നടന്ന് കൊണ്ടിരുന്നത്. ആ സമയത്ത് വീട്ടിലേക്ക് പോലും വന്നിരുന്നില്ല''.

''അത് പോലെ കര്‍ശനമായി കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് കൊണ്ട് ഷൂട്ടിംഗുകള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ എന്താവും സ്ഥിതി എന്ന് പറയാനാകില്ല. തന്റെ വ്യക്തിപരമായ കാര്യം പറയുകയാണ് എങ്കില്‍ വരുമാനത്തിനുളള എല്ലാ വഴിയും അടഞ്ഞിരിക്കുകയാണ്. കയ്യില്‍ സൂക്ഷിച്ച് വെച്ചിരുന്ന പണമൊക്കെ ഒന്നര വര്‍ഷം കൊണ്ട് തീര്‍ന്നു. എന്ത് ചെയ്യണം എന്നറിയില്ല. തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ''. എത്രയും പെട്ടെന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള ഇടപെടല്‍ ഉണ്ടാകണം എന്നും മാലാ പാർവ്വതി അഭ്യർത്ഥിക്കുന്നു.
മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം












Click it and Unblock the Notifications