'ഞാൻ ആകെ തകർന്നുപോയി, മിഹിറിന് നീതി ലഭിക്കണം'; കൊച്ചിയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ സാമന്ത
ഹൈദരാബാദ്: കൊച്ചിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരണവുമായി തെന്നിന്ത്യൻ നടി സാമന്ത. മരണപ്പെട്ട കുട്ടിയുടെ മാതാവിന്റെ വാക്കുകൾ കൂടി പങ്കുവച്ചുകൊണ്ടാണ് സാമന്ത തന്റെ അഭിപ്രായം അറിയിച്ചത്. റാഗിങ് മൂലമാണ് പതിനഞ്ചുകാരനായ മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമന്ത ഇൻസ്‌റ്റഗ്രാമിൽ തന്റെ അഭിപ്രായം അറിയിച്ചത്.
വാർത്തകേട്ട് താൻ ആകെ തകർന്നുവെന്നും ബുള്ളിയിങ് ഒരു ഗുരുതരമായ കുറ്റമായി കണക്കാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കുറിച്ചു. "#JusticeForMihir" എന്നെഴുതിയ വിദ്യാർത്ഥിയുടെ അമ്മ എഴുതിയ കുറിപ്പും സാമന്ത പോസ്‌റ്റ് ചെയ്‌തിരുന്നു. 'ഈ വാർത്ത എന്നെ ആകെ തകർത്തു! ഇത് 2025 ആണ്. എന്നിട്ടും, വെറുപ്പും വിഷവും നിറഞ്ഞ കുറച്ചു പേർ ചേർന്ന് ഒരാളെ നാശത്തിലേക്ക് തള്ളിവിട്ടതിനാൽ നമുക്ക് മറ്റൊരു ശോഭനമായ യുവജീവിതം കൂടി നഷ്‌ടപ്പെട്ടു.' എന്നായിരുന്നു സാമന്ത കുറിച്ചത്.

'മാനസികവും വൈകാരികവും ചിലപ്പോൾ ശാരീരികവുമായ ആക്രമണമാണ് ഇത്. പ്രത്യക്ഷത്തിൽ നമുക്ക് കർശനമായ റാഗിങ് വിരുദ്ധ നിയമങ്ങളുണ്ട്, എന്നിട്ടും നമ്മുടെ വിദ്യാർത്ഥികൾ നിശബ്‌ദരായി. സംസാരിക്കാൻ ഭയപ്പെടുന്നു, അനന്തരഫലങ്ങളെ ഭയപ്പെടുന്നു, ആരും കേൾക്കില്ലെന്ന് ഭയപ്പെടുന്നു. എവിടെയാണ് നമ്മൾ പരാജയപ്പെടുന്നത്?' സാമന്ത പറയുന്നു.
ഈ വാർത്തയെ വെറും അനുശോചനം കൊണ്ട് നേരിടാനാകില്ലെന്നും അതിൽ നടപടി ആവശ്യപ്പെടുന്നുവെന്നും സാമന്ത കുറിച്ചു 'അധികാരികൾ ഇതിന്റെ എല്ലാവശവും പരിശോധിക്കുമെന്ന് ഞാൻ കരുതുന്നു. ഈ സംവിധാനങ്ങൾ സത്യം നിശബ്‌ദമാക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മിഹിറിന് നീതി ലഭിക്കണം. അവന്റെ മാതാപിതാക്കൾ അത് അർഹിക്കുന്നു. കർശനമായ നടപടി ഉടൻ സ്വീകരിക്കണം' നടി പറഞ്ഞു.
'നമുക്ക് നമ്മുടെ കുട്ടികളെ സഹാനുഭൂതിയും ദയയും പഠിപ്പിക്കാം, ഭയവും വിധേയത്വവും വേണ്ട. മിഹിറിന്റെ മരണം ഒരു ഉണർവ് വരുത്തണം. അവനുവേണ്ടിയുള്ള നീതി അർത്ഥമാക്കുന്നത് മറ്റൊരു വിദ്യാർത്ഥിക്കും ഇതേ വേദന സഹിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. അത്രമാത്രം നമ്മൾ അവനോട് കടപ്പെട്ടിരിക്കുന്നു' സാമന്ത കൂട്ടിച്ചേർത്തു.
നേരത്തെ നടി അനുമോൾ ഉൾപ്പെടെയുള്ള താരങ്ങളും സമാനമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. പൃഥ്വിരാജും വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നു. കുട്ടികളെ ആദ്യം പഠിപ്പിക്കേണത് സഹാനുഭൂതി ആണെന്നും നടൻ കുറിച്ചിരുന്നു. വീടുകളിലും സ്‌കൂളുകളിലും സഹാനുഭൂതിയാണ് കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് എന്നാണ് താരം കുറിച്ചത്.












Click it and Unblock the Notifications