അന്ന് ജഗതിക്കും ഒടുവിലിനുമൊപ്പം തകർത്താടി: ഇന്ന് തെരുവില്‍ ലോട്ടറി വില്‍പ്പന, ഇത് നടി സൂസന്റെ കഥ
എബ്രിഡ് ഷൈന്‍-നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധേയയായ എരമല്ലൂർ സ്വദേശിയായ മേരിയെന്ന നടി ലോട്ടറി വില്‍പ്പനക്കാരിയായി മാറിയെന്ന വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം മറ്റ് ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ലോക്ക് ഡൌണിന് ശേഷം പിന്നീട് നല്ല അവസരങ്ങൾ താരത്തെ തേടിയെത്തിയില്ല.
പിന്നീട് സിനിമ പൂർണ്ണമായും നിലച്ചതോടെയാണ് മേരി ലോട്ടറി വില്‍പ്പനക്കായി ഇറങ്ങിയത്. ഇത് ഒരു മേരിയുടെ മാത്രം കഥയല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അരനൂറ്റാണ്ടിലേറെ നാടകരംഗത്ത് തിളങ്ങിയ സൂസന്റെ കഥയും പുറത്ത് വരുന്നത്.

ഒരു കാലത്ത് പ്രമുഖർക്കൊപ്പം അരങ്ങ് തകർത്ത സൂസന്‍ രാജിനെ കാലം കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് തിരുവനന്തപുരം നഗരത്തിലെ റോഡുവക്കില്‍ കറ്റുത്ത പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടിയ ഷെഡ്ഡിലെ ലോട്ടറി വില്‍പ്പനക്കാരിയുടെ വേഷത്തിലാണ്. അരങ്ങിലെ തിരക്കൊഴിഞ്ഞതും ജീവിതാവസ്ഥകളുടെ നിസ്സഹായതയുമായി ഈ കലാകാരിയെ ലോട്ടറി വില്‍പ്പനയിലേക്ക് എത്തിച്ചത്.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് കെ പി എ സിയില്‍ നിന്നും പടിയിറങ്ങുന്നത്. പിന്നീട് മരുന്നിനും വീട്ടുചിലവുകള്‍ക്കുമായി പല ജോലികളും ചെയ്തു. ഇതിന് ശേഷമാണ് ലോട്ടറി വില്‍പ്പനയിലേക്ക് തിരിയിരുന്നത്. എട്ട് വയസ്സുള്ളപ്പോഴാണ് സൂസന്‍ ആദ്യമാ നാടക വേദിയിലേക്ക് എത്തുന്നത്. കലാനിലയമായിരുന്നു ആദ്യ നാടക വേദി.

ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, സി.എ. പോൾ, പൂജപ്പുര രവി തുടങ്ങിയ പ്രമുഖർക്കൊപ്പമായിരുന്നു തുടക്കകാലത്തെ സൂസന്റെ അഭിനയം. നിരവധി പുരസ്കാരങ്ങളും ഇതിനിടെ താരത്തെ തേടിയെത്തി. 15-ാം വയസ്സിലാണ് വിവാഹം കഴിയുന്നത്. മൂത്ത മകനെ പ്രസവിച്ച് 55-ാം ദിവസം ഒരു കൈയിൽ തൊട്ടിലും തുണിയും മറുകൈയിൽ നാടകവേഷവുമായി വീണ്ടും തട്ടിലേക്കെത്തിയ ചരിത്രമാണ് സൂസന് പറയാനുള്ളത്.

10 വർഷം മുമ്പാണ് ഭർത്താവ് മരണപ്പെടുന്നത്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞതിനാൽ ആഴ്ചയിൽ 500 രൂപ മരുന്നിന് മാത്രമായി വേണം. മറ്റു ചിലവുകളും ഏറെയുണ്ട്. ഇതോടെയാണ് ലോട്ടറി വില്‍പ്പനയിലേക്ക് തിരിഞ്ഞത്. നാടകങ്ങള്‍ക്ക് പുറമെ പത്ത് സിനിമകളിലും ടെലിഫിലിമുകളിലും സീരിയലുകളിലും സൂസന്‍ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications