'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇപ്പോൾ പ്രതികരിക്കുന്നത് വിവരക്കേട്'; കൂടുതൽ വിശദാംശങ്ങൾ വരണമെന്ന് ഉർവശി
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെ കുറിച്ച് പറയുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ സമയം ആയിട്ടില്ലെന്ന് ഉർവശി വൺഇന്ത്യ മലയാളത്തോട്. വളരെ സെൻസിറ്റീവ് ആയിട്ടുള്ളൊരു വിഷയമാണ് ഇതെന്നും താൻ അത് ശ്രദ്ധിക്കുന്നുണ്ടെന്നും റിപ്പോർട്ടിലെ വിവരങ്ങൾ പൂർണമായി വരാതെ പ്രതികരിക്കാൻ താൽപര്യമില്ലെന്നും ഉർവശി വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഗുരുതര വെളിപ്പെടുത്തലുകൾ ഉൾപ്പെടുന്ന റിപ്പോർട്ട് വ്യാപകമായ വിമർശനത്തിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.
'ഹേമ കമ്മിറ്റി റിപ്പോർട്ട് ഒക്കെ സെൻസിറ്റീവ് ആയിട്ടുള്ള വിഷയമാണ്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരേണ്ടതുണ്ട്. ഞാനത് കണ്ടുകൊണ്ടിരിക്കുകയാണ്.' ഉർവശി പറഞ്ഞു.

'ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കാൻ താൽപര്യമില്ല. എങ്ങനെ ചോദിച്ചാലും നോ കമന്റ്സ് എന്ന് മാത്രമേ പറയാനുള്ളൂ. നാൽപത് വർഷത്തെ സിനിമാ അനുഭവത്തിന്റെ കാര്യം ചോദിച്ചത് കൊണ്ടാണ് പറയുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുന്നത് വിവരക്കേടാണ്, കൂടുതൽ കാര്യങ്ങൾ പുറത്ത് വരട്ടെ' ഉർവശി വ്യക്തമാക്കി.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ ഏറെക്കാലമായി നിലനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് ഇന്ന് ഉച്ചയോടെ വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചവർക്ക് റിപ്പോർട്ട് കൈമാറിയത്. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്ന ഭാഗങ്ങൾ നീക്കിയാണ് 289 പേജുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. മലയാള സിനിമാ മേഖലയിലെ പുരുഷാധിപത്യം എത്രത്തോളം ഭയാനകം ആണെന്ന് വെളിവാക്കുന്നതാണ് റിപ്പോർട്ടിലെ പല പരാമർശങ്ങളും. വ്യാപകമായ ലൈംഗിക ചൂഷണം ഉൾപ്പെടെ ഗുരുതരം ആരോപണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
വെളിപ്പെടുത്തലുകളിൽ തങ്ങൾ തന്നെ ഞെട്ടിയെന്നും ഹേമ കമ്മിറ്റി വ്യക്തമാക്കുന്നു. ജീവനെ ഭയന്നാണ് പോലീസിനെ സമീപിക്കാത്തതെന്ന് ചില നടിമാര്‍ മൊഴി നൽകിയിട്ടുണ്ട്. പ്രതികരിക്കുന്നവര്‍ക്ക് മലയാള സിനിമയിൽ രഹസ്യ വിലക്കുണ്ട്. വഴങ്ങിയില്ലെങ്കിൽ ഭാവി തന്നെ നശിപ്പിക്കും. വഴങ്ങാത്തവരെ കഴിവില്ലെന്നു പറഞ്ഞ് ഒഴിവാക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അവസരത്തിന് വേണ്ടി വിട്ടുവീഴ്‌ച ചെയ്യേണ്ട അവസ്ഥയാണ് സ്ത്രീകൾക്കുള്ളത്. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേരുടെ മൊഴിയിൽ പറയുന്നു. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം രംഗത്തുണ്ടെന്നും ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications