കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചർച്ചയിൽ ഡബ്ല്യൂസിസിയല്ല, തങ്ങൾ അമ്മ അംഗങ്ങളെന്ന് പാർവ്വതിയും പത്മപ്രിയയും രേവതിയും

  • By Desk
Google Oneindia Malayalam News

കൊച്ചി: ഏറെ നാളുകളായി തുടരുന്ന പരസ്പരമുള്ള വെടിയുതിര്‍ക്കലുകള്‍ക്ക് ശേഷമുള്ള സന്ധി സംഭാഷണമായിരുന്ന കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടിമാരും എഎംഎംഎ നേതൃത്വവും തമ്മില്‍ നടന്നത്. ഡബ്ല്യൂസിസിയുടെ നേതൃത്വത്തില്‍ ദിലീപ് വിഷയത്തില്‍ നടിമാര്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ നഷ്ടപ്പെട്ട മുഖം മിനുക്കല്‍ കൂടിയാണ് അമ്മയെ സംബന്ധിച്ചുള്ള ഈ ഒത്ത് തീര്‍പ്പ് ശ്രമം.

എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ രാജിയെക്കുറിച്ച് ആലോചിക്കുമെന്ന പ്രസിഡണ്ട് മോഹന്‍ലാലിന്റെ വാക്കുകള്‍ ചില അപായ സൂചനകള്‍ മുഴക്കുന്നുണ്ട്. ദിലീപിനെതിരെ ശക്തമായ നിലപാടെടുക്കുന്ന നടിമാരെയും ദിലീപ് അനുകൂലികളേയും ഒരുമിച്ച് കൊണ്ടുപോവുക എന്ന ശ്രമകരമായ പണിയാണത്. ചര്‍ച്ചയെക്കുറിച്ച് നടിമാര്‍ക്കും ചിലത് പറയാനുണ്ട്.

നടിമാരുമായി ചർച്ച

നടിമാരുമായി ചർച്ച

കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചാണ് എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങളും മൂന്ന് നടിമാരും തമ്മിലുള്ള ചര്‍ച്ച നടന്നത്. അമ്മയിലും ഒപ്പം ഡബ്ല്യൂസിസിയിലും അംഗങ്ങളായ പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഇവര്‍ മൂവരും ചേര്‍ന്ന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടന്നത്.

മോഹൻലാലിന്റെ ഉറപ്പ്

മോഹൻലാലിന്റെ ഉറപ്പ്

തികച്ചും ആരോഗ്യപരമായ ചര്‍ച്ചയാണ് നടന്നതെന്ന് നടിമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് എഎംഎംഎ പ്രസിഡണ്ട് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയതായും നടിമാര്‍ വ്യക്തമാക്കി. തങ്ങള്‍ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗങ്ങളായിട്ടല്ല, മറിച്ച് എഎംഎംഎ അംഗങ്ങളായിട്ടാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് നടി പാര്‍വ്വതി വ്യക്തമാക്കി.

രേഖാമൂലം അറിയിച്ചിട്ടില്ല

രേഖാമൂലം അറിയിച്ചിട്ടില്ല

അമ്മ എക്‌സിക്യൂട്ടീവിലേക്ക് മത്സരസന്നദ്ധത രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് പാര്‍വ്വതി പറഞ്ഞു. മത്സരിക്കാന്‍ കഴിയുമോ എന്ന സാധ്യത തേടുക മാത്രമാണ് ചെയ്തത്. നേരത്തെ ഒരു ദേശീയ മാധ്യമത്തിനോട് അമ്മയുടെ നേതൃസ്ഥാനങ്ങളിലേക്ക് മത്സരിക്കാനുള്ള നടിമാരുടെ നീക്കത്തെ തടഞ്ഞു എന്ന് പാര്‍വ്വതിയും പത്മപ്രിയയും അഭിപ്രായപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.

രാജിവെച്ച നടിമാരുടെ വിഷയം

രാജിവെച്ച നടിമാരുടെ വിഷയം

നടിമാര്‍ മത്സരസന്നദ്ധത അറിയിച്ചിട്ടില്ല എന്നാണ് ഇതേക്കുറിച്ച് നേരത്തെ മോഹന്‍ലാല്‍ പ്രതികരിച്ചത്. രാജി വെച്ച നാല് നടിമാരെ അമ്മയിലേക്ക് തിരികെ എടുക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. എന്നാല്‍ അക്കാര്യങ്ങള്‍ വിശദമായ ആലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്നതാണ് അമ്മയുടെ നിലപാട്. നടിമാരുടെ ആവശ്യങ്ങൾക്ക് അമ്മ വഴങ്ങുന്നത് ദിലീപ് പക്ഷത്തിന് വൻ തിരിച്ചടിയാണ്.

ദിലീപ് വിഷയം ചർച്ച ചെയ്തില്ല

ദിലീപ് വിഷയം ചർച്ച ചെയ്തില്ല

സംഘടനയിലേക്കുള്ള ദിലീപിന്റെ തിരിച്ച് വരവ് ചര്‍ച്ച ചെയ്തില്ല എന്ന് പ്രസിഡണ്ട് മോഹന്‍ലാല്‍ പറഞ്ഞു. തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്നും നിയമപരമായത് അടക്കം നടിക്ക് എല്ലാവിധ സഹായവും പിന്തുണയും നല്‍കാന്‍ തയ്യാറെന്നും അമ്മ നേതൃത്വം നിലപാട് വ്യക്തമാക്കി. കേസില്‍ കക്ഷി ചേരാനുള്ള നീക്കത്തിന് തിരിച്ചടിയേറ്റതും യോഗം വിലയിരുത്തിയിട്ടുണ്ട്.

നടിമാരുടെ തീരുമാനം

നടിമാരുടെ തീരുമാനം

ആക്രമണത്തെ അതിജീവിച്ച നടിയോട് ആലോചിച്ചല്ല കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി നല്‍കിയതെന്നും അക്കാര്യത്തില്‍ തെറ്റ് പറ്റിയെന്നും നടി രചന നാരായണന്‍ കുട്ടി വ്യക്തമാക്കി. കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള തീരുമാനം അമ്മയുടേത് ആയിരുന്നില്ലെന്ന് സംഘടനാ ട്രഷറര്‍ ജഗദീഷ് പറഞ്ഞു. നടിമാരാണ് അത്തരമൊരു ആലോചനയുമായി മുന്നോട്ട് വന്നത്.

സർക്കാരിനോട് യോജിപ്പ്

സർക്കാരിനോട് യോജിപ്പ്

അമ്മ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഹര്‍ജിയില്‍ വന്നിരിക്കുന്ന പിഴവുകളുടെ പേരില്‍ നടിമാര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്നും ആ പിഴവുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും ജഗദീഷ് പറഞ്ഞു. കേസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനോട് പൂര്‍ണമായും അമ്മ യോജിക്കുന്നുവെന്നും ജഗദീഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

പരിഹരിച്ച് മുന്നോട്ട് പോകും

പരിഹരിച്ച് മുന്നോട്ട് പോകും

ചര്‍ച്ചയ്ക്ക് ശേഷം വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട് പോകാനാവുമെന്ന പ്രതീക്ഷ മോഹന്‍ലാല്‍ പ്രകടിപ്പിച്ചു. സംഘടനയില്‍ വനിതാ സെല്‍ രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടിമാരുമായി ഏകദേശം രണ്ടര മണിക്കൂറോളമാണ് അമ്മ നേതൃത്വം ചര്‍ച്ച നടത്തിയത്.

തിലകന്റെ വിജയം

തിലകന്റെ വിജയം

തിലകനെ വിലക്കിയ അമ്മ നടപടിക്കെതിരെ കത്ത് നല്‍കിയ മകന്‍ ഷമ്മി തിലകന്‍, ദിലീപ് വിഷയത്തില്‍ കത്ത് നല്‍കിയ ജോയ് മാത്യു എന്നിവരുമായും ചര്‍ച്ച നടന്നു. തിലകനെ വിലക്കിയത് തെറ്റായ തീരുമാനമാണെന്ന് സംഘടന തിരിച്ചറിഞ്ഞുവെന്നും ഇത് തന്റെ അച്ഛന്റെ വിജയമാണെന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു. സംഘടനയ്ക്ക് മാറ്റമുണ്ടെന്നും പ്രതികരണങ്ങള്‍ പോസിറ്റീവാണെന്നും ജോയ് മാത്യു പറഞ്ഞു.

English summary
Actresses' reaction about meeting with AMMA leadership in actress issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X